എന്നിൽ ചിന്തകൾ ഓരോന്നായി ഉണർന്നു.
അകത്ത് കയറി സമയം രാത്രി11.30 ആയിരിക്കുന്നു. മഴ ശക്തമായി പെയ്യുകയാണ്. ചുറ്റും കൂരിരുട്ടും പെട്ടെന്ന് കറന്റും പോയി. അഭിയും ഞാനും ഒരു മെഴുകുതിരി കത്തിച്ചു വെച്ചു കിടന്നു.
“എടാ അപ്പു എനിക്ക് നല്ല പേടിയുണ്ട് കേട്ടോ?”
“അഭി, എന്ത് ശബ്ദം കേട്ടാലും എന്തുണ്ടായാലും മിണ്ടാതെ കണ്ണടച്ചു കിടന്നോളണം. എഴുന്നേൽക്കാൻ പാടില്ല.”
കുറച്ച് സമയങ്ങൾക്ക് ശേഷം ഉറക്കത്തിലേക്ക് വഴുതി വീണനേരം ജനാലയ്ക്ക് പുറത്ത് ഒരു ശബ്ദം കേട്ടത് പോലെ തോന്നി.അസാധാരണമായ രൂപം, ശബ്ദം എല്ലാം തോന്നുന്നത് ഓരോ വീടിന്റെയും മുറിയിലെ ഇരുട്ട് നിറഞ്ഞ കോണിൽ ആയിരിക്കും. ഞാൻ ചുറ്റും നോക്കി. കാറ്റിന്റെ വേഗതയാവാം മരച്ചില്ലകളൊക്കെ ശക്തമായി ഉലയുന്നത് കാണാം. ഈ മഴയത്ത് പുറത്തെ ശബ്ദം ഒന്നും തന്നെ കേൾക്കില്ല. എങ്കിലും ആ വീടിന്റെ ചുറ്റും എന്തോ ശബ്ദം കേട്ട പോലെ എനിക്ക് ഇടയ്ക്കിടെ തോന്നി . ഇപ്പോൾ മരിച്ച പെൺകുട്ടിയുടെ വീട്ടിൽ എന്തെങ്കിലും ശബ്ദമോ, രൂപമോ കാണാൻ ഇടയില്ല. കാരണം മഴയാണ്. കണ്ണടച്ച് ഞാൻ കിടന്നു. കാറ്റിൽ മെഴുകുതിരി കൂടെ അണഞ്ഞ നേരം. പെട്ടെന്ന് നേരത്തെ ഇടവഴിയിൽ കേട്ട പോലത്തെ ആ വലിയ കാലടി ശബ്ദം ആ വീടിനു ചുറ്റും ഓടുന്നതായി എനിക്ക് തോന്നി.തലങ്ങും വിലങ്ങും കേട്ട ശബ്ദം പെട്ടെന്ന് ദൂരേക്ക് മറയുന്നതായി തോന്നി, മഴ വീണ്ടും ശക്തിയാർജ്ജിച്ചു. കണ്ണടച്ച് കിടക്കുകയല്ലാതെ വേറെ നിവൃത്തിയില്ല എന്ന് എനിക്ക് മനസിലായി.. കിടന്നു എപ്പോഴോ ഉറങ്ങിപ്പോയി.
രാവിലെ നേർത്ത വെളിച്ചം വന്നപ്പോഴേ ഞാൻ എഴുന്നേറ്റു അഭി നല്ല ഉറക്കം. ഇന്നലെ നടന്നതൊന്നും ഇവനറിഞ്ഞില്ലേ.,
“എടാ അഭീ… എഴുന്നേൽക്കടാ….”
“ഏ.. ആ.. ഹോ.. നേരം വെളുത്തോ സമാധാനമായി… ”
” ഇത്ര പേടിയുള്ള നീ എങ്ങനെ ഉറങ്ങി.. ഇന്നലെ രാത്രിയത്തെ ശബ്ദങ്ങളോ, മഴയോ ,കാറ്റോ നീ അറിഞ്ഞില്ല അല്ലേ..??”
അവൻ എന്നെ തുറിച്ചു നോക്കി. ഞാൻ അവന്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി, അവൻ ഒന്നും മിണ്ടാതെ താഴേക്ക് ഇറങ്ങിപ്പോയി. അവൻ എങ്ങനെ സുഖമായിട്ട് ഉറങ്ങി, എന്ന സംശയം ഉള്ളിൽ ഒതുക്കി വെച്ച് ഞാനും താഴേക്ക് ഇറങ്ങി, ആ വീടിന്റെ ഉമ്മറത്തേക്ക് നടന്നു.