അവസ്ഥാന്തരങ്ങൾ 17

Views : 2408

അതു കൊണ്ടു തന്നെ ഞങ്ങളുടെ പ്രായ വ്യത്യാസം കണ്ട് കളിയാക്കി നോക്കിയവരുടെ മുന്നിലൂടെ ഞാൻ അഭിമാനത്തോടെ തലയുയർത്തിപ്പിടിച്ചു തന്നെ നടന്നു.

ഞാനേതാണെന്ന് പയ്യന്റെ ആരോ ചോദിച്ചപ്പോൾ
” അദ്ദേഹത്തിന്റെ മൂത്ത മോളും മരുമോനും ”
എന്ന ചിറ്റമ്മയുടെ മറുപടിയും എന്നെ സ്പർശിച്ചില്ല. ഇങ്ങനെയൊക്കെയാണെങ്കിലും ഞാൻ സമ്മാനമായി കൊടുത്ത സ്വർണ വള വാങ്ങുന്നതിൽ നിന്ന് അനുജത്തിയെ വിലക്കിയില്ല ചിറ്റമ്മ!

നാളുകൾക്കിപ്പുറം അനുജത്തിയുടെ മാറ്റം ചിറ്റമ്മയെ തളർത്തിയിരുന്നു. സമ്പന്നതയിലേക്കു ചേക്കേറിയ അവൾക്ക് സാധാരണക്കാരിയായ അമ്മ ഒരു അപമാനമായി തോന്നിത്തുടങ്ങിയിരുന്നു. എല്ലാ വർഷത്തേയും പോലെ ഓണത്തിന് ഞങ്ങൾ ചെന്നപ്പോൾ അനുജത്തിയും ഭർത്താവും വരാത്തതിലുള്ള സങ്കടം മൂലം നിറയുന്ന കണ്ണുകളെ മറയ്ക്കാൻ പാടുപെടുന്ന ചിറ്റമ്മയെ ഞാൻ സഹതാപത്തോടെ നോക്കി.
അനുജന് ഒരു വിസ ശരിയായി, അവളുടെ അടുത്ത് സഹായം ചോദിച്ചു ചെന്നിട്ട് വെറുംകൈയോടെ തിരിച്ചു വരേണ്ടി വന്ന അവന്റെ സങ്കടം എനിക്കും ഒരു നോവായി.
രണ്ടു ദിവസം കഴിഞ്ഞ് വീട്ടിലേക്ക് വിളിപ്പിച്ച് ആവശ്യമുള്ള തുക അവന്റെ കൈകളിലേക്ക് വച്ചു കൊടുക്കുന്ന ഭർത്താവിനോട് എനിക്ക് വല്ലാത്ത ആരാധന തോന്നി.

അനുജൻ ഗൾഫിലേക്ക് പോയതോടെ ഒറ്റപ്പെട്ടു ചിറ്റമ്മ. കടുത്ത നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിലായ ചിറ്റമ്മയ്ക്ക് കൂട്ടുനിൽക്കാൻ, ഞാൻ ചോദിക്കാതെ തന്നെ അദ്ദേഹം എനിക്ക് അനുവാദം തരുകയായിരുന്നു.
ഒരു വട്ടം ഒന്നു വന്നു പോയി എന്നല്ലാതെ അവിടെ നിൽക്കാനോ കൂട്ടിരിക്കാനോ അനുജത്തി താത്പര്യം കാണിച്ചില്ല!
ചിറ്റമ്മയെ തിരിച്ചറിവ് ബാധിച്ചിരിക്കുന്നു എന്നെനിക്കു മനസ്സിലായി. അതു കൊണ്ടു തന്നെയാവണം ഒരു ദിവസം ഞാൻ ‘അമ്മേ’ എന്നു വിളിച്ചപ്പോൾ വിലക്കാതെ സ്നേഹത്തോടെ എന്നെ നോക്കിയതും.

Recent Stories

The Author

1 Comment

  1. സുദർശനൻ

    കഥ നന്നായിട്ടുണ്ട്.ഇത്തരം കഥകൾ ഇനിയും എഴുതണം!

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com