അമ്മമണം 116

എനിക്ക് ഒറ്റയ്ക്ക് ആകെ വിരസത തോന്നി. എന്നോടൊപ്പം ഓടിവന്ന അവനും കൂടെ ഉണ്ടായിരുന്നേൽ…ഞാൻ അങ്ങനെ ചിന്തിക്കവേ ഒരു ശബ്ദം.
“ആരാദ്”
“ഞാനാ”
“ഞാൻ ന്ന് വെച്ചാ…”
“എല്ലാവരും എന്നെ ദൈവം ന്ന് വിളിക്കും”
ഞാൻ കണ്ണ് മിഴിച്ചു നോക്കി.
പല വർണ്ണങ്ങളിലുള്ള പ്രകാശം മാത്രം.
“ദൈവമേ…ഞാൻ വെറും വെളിച്ചമല്ലാതെ മറ്റൊന്നും കാണുന്നില്ല ല്ലോ”
“അതേ ഞാൻ വെളിച്ചവും,ശബ്ദവും മാത്രമാണ് എനിക്ക് രൂപമില്ല. എല്ലാത്തിനും രൂപം കൊടുക്കുന്ന ഞാൻ എനിക്കായിട്ടൊരു രൂപം ഉണ്ടാക്കിയില്ല.എന്നാൽ ഞാൻ രൂപം കൊടുത്ത ഓരോന്നിലും നിനക്കെന്നെ ദർശിക്കാനാവും.നിന്നിൽപോലും”

“ഒന്നും മനസിലാവുന്നില്ല ല്ലോ”
“എല്ലാം പതിയേ മനസിലാവും…നീ മിടുക്കിയാണ്.അവനെ തോൽപിച്ച് നീ അകത്ത് കയറി പറ്റിയില്ലേ…ഹ. ഹ…മിടുക്കീ…..ഞാൻ വീക്ഷിക്കുകയായിരുന്നു.ആരു ജയിക്കുമെന്ന്.”
“ദൈവം എന്നെ കാണാൻ വന്നതാണോ”

“ഞാൻ നിനക്ക് എല്ലാം നൽകാൻ വന്നതാ…നീ പൂർണ്ണ ആരോഗ്യത്തോടെ ജനിക്കണം..അതിന് അർഹതയുള്ളവരിൽ നീയും ഉണ്ട്”

“അതെന്താ അർഹതയില്ലാത്തവരും ഉണ്ടോ”
“ഉണ്ടല്ലോ..അതൊക്കെ വേറെ കഥകളാ…നീ അതൊന്നും അറിയരുത്”

അങ്ങനെ ആ ഗർഭപാത്രത്തിൽ ഞാൻ വളർച്ച പ്രാപിച്ചുകൊണ്ടിരുന്നു.