“ഇപ്പൊ തീർന്നല്ലോ പ്രശ്നം ”
പറഞ്ഞു തീർന്നതും ജോയിയുടെ കവിൾ അടച്ചു അടി വീണു. ഞെട്ടിപ്പകച്ചു നിൽക്കുകയാണ് അനിരുദ്ധനും പാട്ടിയും അമ്മയും ഒക്കെ. സീതയുടെ കണ്ണിൽ നിന്നും തീനാളങ്ങൾ പറക്കുന്നതായി ജോയ് ക്കു തോന്നി.
സീതയുടെ ദേഹം ആലില പോലെ വിറച്ചു സീമന്തരേഖയിൽ വീണ സിന്ദൂരം മൂക്കിന് തുമ്പിലും മാറത്തും പാറി വീണു. അപ്പോഴും സ്തബ്ധത വിട്ടു മാറാതെ നിൽക്കുകയായിരുന്നു എല്ലാവരും. സീത കൊണ്ടുവന്ന ചായയും ഗ്ലാസും തറയിൽ വീണു കിടന്നു.
“അച്ചായാ എന്താ ഈ ചെയ്തത്? ”
അനിരുദ്ധൻ ജോയിയെ നോക്കി. ജോയി അയാളെ നോക്കി കണ്ണിറുക്കികാണിച്ചു. സംഭവത്തിന്റെ പിരിമുറുക്കം കുറക്കാൻ ജോയി വീടിന്റെ വെളിയിലേക്ക് ഇറങ്ങി. അനിരുദ്ധൻ പുറകെയും.
“എനിക്കറിയാം അച്ചായൻ ഒന്നും കാണാതെ ഇങ്ങിനൊന്നും ചെയ്യില്ല. ഒരിക്കൽ എന്നെ ആത്മഹത്യയിൽ നിന്നും രക്ഷിച്ചു ദേ ഇപ്പോൾ എന്റെ പെങ്ങളെയും..” അനിരുദ്ധൻ ഗദ്ഗദം അടക്കി.
ജോയി അവനെ ചേർത്ത് പിടിച്ചു. എന്നിട്ട് പറഞ്ഞു
“നീയീ പെണ്ണുങ്ങളെപ്പോലെ ആവരുത് ആമ്പിള്ളേരായാൽ ചുണ വേണം ദേ എന്നെപ്പോലെ ഇതു കാഞ്ഞിരപ്പള്ളിക്കാരൻ നല്ല ഉശിരുള്ള അച്ചായൻ അറിയാവോ? ഇതു ഒരുമാതിരി… അയ്യേ എന്നതാടാ ഉവ്വേ.. ”
അനിരുദ്ധന് എന്തു പറയണം എന്ന് അറിയില്ലായിരുന്നു. അകത്തു അപ്പോൾ സീത പൊട്ടിപ്പൊട്ടിക്കരയുകയായിരുന്നു. പാട്ടി അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. അൽപ്പം മുൻപ് നടന്നത് അവൾക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല. വിഷ്ണുവേട്ടന്റെ ഓർമകളിൽ ജീവിക്കുന്ന തന്റെ നിറുകയിൽ വീണ്ടും സിന്ദൂരം.. മരിച്ചിട്ട് ചിതയുടെ ചൂടാറിയിട്ടില്ല. അവൾ സ്വയം നശിച്ചവളെപ്പോലെ നിന്നു.
“ശിവ ശിവ എന്താ ചെയ്യാ പാട്ടി പിറുപിറുത്തു. സുമംഗലി ആയിരിക്കണു വീണ്ടും അതും ഒരു നസ്രാണിയുടെ…. ഇനി എന്തൊക്കെ കാണണം… ”