അഗ്രഹാരത്തിലെ സീത 14

അനി പറഞ്ഞു നിർത്തി.

സീത നിന്നിടത്തു തന്നെ നിൽക്കുകയായിരുന്നു. അനിയും അമ്മ മഹാലക്ഷ്മിയും അങ്ങോട്ട്‌ ചെന്നു.

“മോളെ …. മഹാലക്ഷ്മി വിളിച്ചു. സംഭവിച്ചു പോയി ഇനി പറഞ്ഞിട്ട് കാര്യല്ല. അഗ്രഹാരത്തിൽ ആളുകൾ അറിയുന്നതിന് മുൻപ് നീ ജോയിയുടെ കൂടെ പോണം, വേറെ വഴിയില്ല. അല്ലെങ്കിൽ നമ്മുടെ ഇവിടുത്തെ ജീവിതം കൂടുതൽ ദുഷ്കരം ആവും ”

സീത അമ്മയെതന്നെ തുറിച്ചു നോക്കി.. അനിയനെയും ഒരു വർഷം പോലും താൻ വിഷ്ണുവേട്ടന്റെ കൂടെ തികച്ചു ജീവിച്ചില്ല. അതിനു മുൻപേ മരണം ആക്‌സിഡന്റ് ആയി വന്നു കൊണ്ടുപോയി തന്റെ സന്തോഷം, ഇനി ആ ഓർമകളിൽ ജീവിക്കാൻ തീരുമാനിച്ച തന്നെയാ അയാൾ.. ചായയുമായി വന്ന തന്നെ…. നിറുകയിൽ കുങ്കുമമണിയിച്ചു…. സീത പിന്നെയും വിതുമ്പി…

••••••••••••••••••

പട്ടുസാരിയും ഉടുത്തു വണ്ടിയിൽ കയറാൻ വന്ന സീതയെ ജോയ് ഒന്ന് നോക്കി. സീതയുടെ കണ്ണുകളിൽ ദഹിപ്പിക്കുന്ന നോട്ടം അയാൾ കണ്ടു. പാട്ടിയെ നോക്കി അയാൾ ഒരു കണ്ണിറുക്കി കാണിച്ചു. പാട്ടി ചിരിച്ചു. അനിയുടെയും അമ്മയുടെയും മുഖത്ത് നോക്കി അയാൾ കണ്ണുകൾ കൊണ്ടു യാത്ര ചോദിച്ചു. സീത മുഖം ഉയർത്തി അമ്മയെ നോക്കി. പോവില്ലെന്നു കരഞ്ഞപേക്ഷിച്ചിട്ടും കേൾക്കാത്തതിന്റെ പരിഭവം ആ നോട്ടത്തിൽ ഉണ്ടായിരുന്നു.

“നീ എന്ന് പോവും ഫാമിലേക്ക്? ” ജോയ് അനിരുദ്ധനോട് ചോദിച്ചു.

“പറ്റിയാൽ ഇന്ന് തന്നെ ”

എന്നാൽ ശെരി ജോയ് വണ്ടി സ്റ്റാർട്ട്‌ ചെയ്തു ഓടിച്ചു പോയി. പിന്നിലെ ഫ്രെയിമിൽ പാലക്കാടിന്റ്റെ അരണ്ട സന്ധ്യയും അഗ്രഹാരങ്ങളും മാത്രമായി. അനിരുദ്ധൻ ഓർക്കുകയായിരുന്നു. ആത്മഹത്യ ചെയ്യാനുള്ള തീരുമാനവുമായി എവിടേക്കെന്നില്ലാതെ നടന്ന തന്റെ ജീവിതത്തിൽ കയറി വന്ന അച്ചായനെക്കുറിച്ച്..അറിയാതെ വണ്ടിക്കു മുൻപിൽ ചാടിയതാണ് താൻ അച്ചായൻ പാലക്കാട്ടുള്ള തന്റെ എസ്റ്റേറ്റ് ഫാമിലേക്ക് പോവുകയായിരുന്നു. ആ യാത്ര തന്റെയും യാത്ര ആയി മാറി. പിന്നീടങ്ങോട്ട് അച്ചായൻ തന്റെയും കുടുംബത്തിന്റെയും താങ്ങും തണലും ആയി മാറി. സീതേച്ചിയുടെ കല്യാണം നടത്തി. താനും ഒരു കുടുംബം ഉണ്ടാകാനുള്ള തയ്യാറവടുപ്പിൽ ആയിരുന്നു. അപ്പോഴാണ് വിഷ്ണുവേട്ടന്റെ മരണം.