വേനൽമഴ 3

വേനൽമഴ

സെലിന്റെ നാത്തൂനായ മോളിക്കുട്ടി അവിടേക്കു വന്ന് സെലിനോട് പറഞ്ഞു .

“വേണ്ട ..എനിക്ക് തീരെ വിശപ്പില്ല ചേച്ചി …” സെലിൻ മോളിക്കുട്ടിയോടു പറഞ്ഞു .

” ഓ വേണ്ടങ്കിൽ വേണ്ട ..” ജന്മനാ കുശുമ്പിയായ മോളിക്കുട്ടി ഇഷ്ടക്കേടോടെ സെലിനോട് പറഞ്ഞിട്ട് വേഗം പോയി .

രംഗം 5.

(പള്ളി,

ഒരു ഞായറാഴ്ച.)

സെലിനെ കണ്ടവർ വിവാഹ മോചനത്തെ പറ്റി ചോദ്യം ചെയ്യാൻ തുടങ്ങിയിരുന്നു ..

സെലിന്റെ തീരുമാനത്തെ ചിലർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല ..

അതിൽ മുന്നിൽ നിന്നത് കുഴിമറ്റത്തെ ബീന ആയിരുന്നു..

ബീനക്ക് സെലിനോട് ചെറിയൊരു നീരസം ഉണ്ട്. പണ്ടൊരിക്കൽ ബീനയുടെ അനിയൻ എബിമോന് സെലിനെ പെണ്ണാലോചിച്ചതായിരുന്നു.. ആയിടക്ക് സെലിനും ജെയിംസും തമ്മിൽ കടുത്ത പ്രണയം അരങ്ങേറുന്ന കാലമായിരുന്നു.. അവൾ എബിമോനെ ഇഷ്ടമല്ലെന്നു തുറന്നു പറഞ്ഞു.

“കുറച്ചൊക്കെ നമ്മൾ കണ്ടില്ലെന്നു നടിക്കണം ..” ബീന പറഞ്ഞു.

” അടുക്കളപ്പണിക്ക് വന്ന ലിസിയുടെ വയറ്റിൽ കുര്യച്ചായന്റെ കുട്ടിയാണെന്നറിഞ്ഞിട്ടും സ്വന്തം ഭർത്താവിനോട് ബീനചേച്ചി പൊറുത്ത് പോലെ എല്ലാവർക്കും കഴിഞ്ഞെന്നുവരില്ല .. “

സെലിൻ പറഞ്ഞത് കേട്ട് ചെകിട്ടത് അടിയേറ്റതു പോലെ ബീന നിന്നുപോയി .

രംഗം 6.

(പള്ളിമുറ്റം).

” സെലിൻ ..”

കുർബാന കഴിഞ്ഞു തിരിച്ചു പോകാനായി പള്ളിയിൽ നിന്നും പടവുകൾ ഇറങ്ങുന്നതിനിടയിൽ പിന്നിൽ നിന്നും ഒരു വിളി കേട്ട് സെലിൻ തിരിഞ്ഞു നോക്കി .

പുഞ്ചിരിയോടെ ജോസുകുട്ടി അവൾക്കരുകിലേക്കു നടന്നു വന്നു ..

” എന്താ സെലിനെ വിശേഷം ..” അയാൾ ചിരിയോടെ തിരക്കി .

” എന്റെ വിശേഷങ്ങളൊക്കെ ജോസുകുട്ടി അറിഞ്ഞു കാണുമല്ലോ ..” അവൾ നീരസത്തോടെ പറഞ്ഞു .

” ദുഃഖമുണ്ട് ..സെലിനെ ദുഃഖമുണ്ട് ..വിധിയെ തടുക്കാൻ നമുക്ക് പറ്റുമോ ..” ജോസുകുട്ടി അവളോട്‌ പറഞ്ഞു .

മറുപടി ഒന്നും പറയാതെ സെലിൻ പടവിറങ്ങി നടന്നു..

“പിന്നെ എന്റെ അപ്പച്ചൻ വൈകിട്ട് സെലിന്റെ വീട്ടിലേക്കു വരുന്നുണ്ട് ..” ജോസുകുട്ടി വിളിച്ചു പറഞ്ഞു .

അവൾ അത് ചെവിക്കൊള്ളാതെ ചെന്ന് കാറിൽ കയറി .

ഡ്രൈവർ ഓമനക്കുട്ടൻ കാറിലിരുന്ന് ജോസുകുട്ടിയെ എത്തി നോക്കി .

” എന്തിനാണെന്നറിയാമോ … നമ്മുടെ വിവാഹത്തെ പറ്റി സംസാരിക്കാൻ ..”
ജോസുകുട്ടി വീണ്ടും വിളിച്ചു പറഞ്ഞു .

പാഞ്ഞു പോകുന്ന കാറിനെ നോക്കി ഒരു നിമിഷം നിരാശയോടെ ജോസുകുട്ടി നിന്നു.

രംഗം 7 .

ഒരു കോഫി ഹൗസ് .

(കൂട്ടുകാരി വീണയുമായുള്ള സെലിന്റെ ഒരു കൂടിക്കാഴ്ച്ച).

” നീ ചെയ്തത് ഒട്ടും ശരിയായില്ല.. സത്യത്തിൽ പറഞ്ഞാൽ തീരാവുന്ന പ്രശ്നങ്ങളെ നിങ്ങടെ ലൈഫിലുണ്ടായിട്ടുള്ളൂ .. അതും സംശയത്തിന്റെ പേരിൽ .. ഞാൻ പല വട്ടം പറഞ്ഞതാ എടുത്തു ചാടി ഒന്നും ചെയ്യരുതെന്ന്… ഇനി അതേക്കുറിച്ച് പറഞ്ഞിട്ട് എന്ത് കാര്യം ..” വീണ സെലിനോട് പറഞ്ഞു .

സെലിൻ അവളെ നിരാശയോടെ നോക്കി.

” ആ ജോസുകുട്ടിയുടെ ശല്യം സഹിക്കാൻ വയ്യ ..അയാൾക്ക്‌ എന്നെ വിവാഹം കഴിച്ചേ പറ്റൂ ..ഇന്നലെ അയാളും അയാളുടെ അപ്പച്ചനും വീട്ടിൽ വന്നു … വിവാഹക്കാര്യം തീരുമാനിക്കാൻ ..

അപ്പച്ചൻ എല്ലാം ഉറപ്പിച്ച മട്ടാ..എന്റെ മോളെ ഓർത്തിട്ടാ.. ഞാൻ..,
അല്ലെങ്കിൽ ഇന്നലെ തന്നെ സ്ലീപ്പിങ് ടാബ്ലെറ്റ്സ് കഴിച്ചു തീർത്തേനെ ഞാനീ നശിച്ച ജീവിതം ..” സെലിൻ പറഞ്ഞു .

” നീ വേണ്ടാത്തതൊന്നും ചിന്തിക്കാതിരിക്ക്..”വീണ അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *