പോലീസ് ഡയറി 6

പോലീസ് ഡയറി

ധൈര്യം കാണിക്കത്തില്ല. വീട്ടുകാര്‍ കതക് അടച്ചിട്ടാണോ കിടന്നത്?.”

“അതെ. ആ പയ്യന്‍ ആണ് അവസാനമായി കതക് അടച്ചത്. പിള്ളേരുടെ മൊഴി അവിശ്വസിക്കേണ്ട കാര്യമില്ല. കതക് അവന്‍ അടച്ചു എന്ന് എന്നോട് പറഞ്ഞതാണ്‌.”

“ആ കതക് പുറത്ത് നിന്നും വല്ല കമ്പോ കമ്പിയോ ഉപയോഗിച്ച് തുറക്കാന്‍ പറ്റുമോ സാറേ?” അര്‍ജുനന്‍ ചോദിച്ചു.

“ഞാന്‍ പരിശോധിച്ചു..അത് പുറത്ത് നിന്നും ചവിട്ടി തുറക്കാന്‍ മാത്രമേ ഒക്കൂ. അതല്ലാതെ വേറെ ഒരു മാര്‍ഗ്ഗത്തിലും തുറക്കാന്‍ പറ്റത്തില്ല”

“അപ്പോള്‍ സംഗതി ക്ലീന്‍; വീട്ടില്‍ ആരുടെയോ അറിവോടെയും സഹകരണത്തോടെയും നടന്ന മോഷണമാണ്. അതാരാണ് എന്നെ ഇനി അറിയാന്‍ ഉള്ളൂ” അര്‍ജുനന്‍ ഒരു പുഞ്ചിരിയോടെ പറഞ്ഞു.

“അതെ..തൊണ്ണൂറു ശതമാനവും അങ്ങനെ ആകാനാണ് സാധ്യത. പക്ഷെ ആരെയാണ് നമ്മള്‍ സംശയിക്കുക? കുട്ടികളെയോ അതോ അമ്മയെയോ? തന്തപ്പടി പരാതി നേരില്‍ തരാന്‍ വന്ന സ്ഥിതിക്ക് അയാളെ സംശയിക്കേണ്ട കാര്യമില്ല..പക്ഷെ ആ മൂന്നുപേരില്‍ ആരാകും ഇതിന്റെ പിന്നില്‍ കളിച്ചത്?” സി ഐ ആലോചനയോടെ അര്‍ജുനെ നോക്കി.

“തന്തപ്പടിയെ സംശയിക്കണ്ട എന്ന് സാറങ്ങു തീര്‍പ്പാക്കണ്ട. ചില അതിബുദ്ധിമാന്മാര്‍ അങ്ങനെയും കളിക്കും. എന്തായാലും നമുക്ക് അറിയേണ്ടത് ആ വീട്ടില്‍ ക്രിമിനല്‍ സ്വഭാവമുള്ള ആരെങ്കിലും, അത് പയ്യനോ പെണ്ണോ ആരോ ആയിക്കോട്ടെ, ഉണ്ടോ എന്നാണ്.”

“അവരെക്കുറിച്ച് താനൊന്നു തിരക്കി അറിയണം. രഹസ്യമായി മതി. സ്വര്‍ണ്ണം കൊണ്ടുപോയവന്‍ അത് വില്‍ക്കാനോ പണയം വയ്ക്കാനോ എന്തായാലും ശ്രമിക്കും. ചിലപ്പോള്‍ അവന്‍ മെല്ലെയേ അത് ചെയ്യൂ. എന്തായാലും നമ്മുടെ ടൌണിലും അടുത്ത ടൌണുകളിലും ഉള്ള എല്ലാ ജൂവലറികളിലും ഞാന്‍ മെസേജ് നല്‍കുന്നുണ്ട്. പിന്നെ സ്വര്‍ണ്ണം വാങ്ങി വില്‍ക്കുന്ന ചില ലവന്മാര്‍ ഉണ്ടല്ലോ..അവന്മാരെയും ഒന്ന് നിരീക്ഷിക്കണം..”

“അതിനു നമ്മുടെ പ്രസാദിനെ ഏല്‍പ്പിക്കാം സാറേ..സാധനം കൊണ്ടുപോയവന്‍ ചിലപ്പോള്‍ പോലീസ് എത്തുന്നതിനു മുന്‍പ് വില്‍ക്കാന്‍ ശ്രമിച്ചേക്കും. സ്വര്‍ണ്ണ ഇടപാടുകാര്‍ രണ്ടോ മൂന്നോ പേരെ ഉള്ളു ഇവിടെ. അവരെ ആരെങ്കിലും കാണാന്‍ ചെല്ലുന്നുണ്ടോ എന്ന് തിരക്കാനുള്ള ഏര്‍പ്പാട് ഞാന്‍ ചെയ്തോളാം. സാറ് ജൂവലറിക്കാരെ വിവരം അറിയിച്ചോ..അപ്പോഴേക്കും ആ വീട്ടുകാരെപ്പറ്റി ഞാനൊന്നു രഹസ്യമായി തിരക്കി അറിയുകയും ചെയ്യാം”

“ശരി..പറ്റിയാല്‍ ഇന്ന് തന്നെ നമുക്കീ കേസ് തീര്‍പ്പാക്കണം..”

“നമുക്ക് പരമാവധി ശ്രമിക്കാം സര്‍.”

അങ്ങനെ പറഞ്ഞിട്ട് അര്‍ജുനന്‍ എഴുന്നേറ്റ് സല്യൂട്ട് നല്‍കിയ ശേഷം പുറത്തേക്ക് പോയി. സി ഐ ഫോണെടുത്ത് ചില നമ്പരുകള്‍ ഡയല്‍ ചെയ്തു.

ഉച്ച കഴിഞ്ഞുള്ള സമയം. അര്‍ജുനന്‍ ഉള്ളിലേക്കെത്തി സല്യൂട്ട് നല്‍കി. തൊമ്മി അയാളെ ചോദ്യഭാവത്തില്‍ നോക്കി.

“വീട്ടുകാരെപ്പറ്റി അന്വേഷിച്ചു സര്‍. ഈ കേസുമായി ബന്ധപ്പെടുത്താവുന്ന ചില നല്ല സൂചനകള്‍ കിട്ടിയിട്ടുണ്ട്.” അര്‍ജുനന്‍ ഉത്സാഹത്തോടെ പറഞ്ഞു.

“അത് നമുക്ക് സംസാരിക്കാം. ഈരണ്ട് ഉഴുന്നുവട ആയാലോ? ചായേടെ സമയമായി..” തൊമ്മി ചോദിച്ചു.

“സാറ് വട വാങ്ങി തന്നാല്‍ ഞാന്‍ തിന്നാം”

“വടയ്ക്കുള്ള കാശൊക്കെ നാട്ടുകാരല്യോടോ തരുന്നത്. ങാ വട വരുമ്പോഴേക്കും താന്‍ വേറൊരു കാര്യം ചെയ്യ്‌. ഒരുത്തനെ പൊക്കി സെല്ലില്‍ ഇട്ടിട്ടുണ്ട്. സ്വര്‍ണ്ണ കച്ചവടക്കാരന്‍ ആണ്. ഒരു സണ്ണി. ഭൂലോക തരികിട ആണ്. അവന്റെ വീട്ടില്‍ നമ്മള്‍ മോഷണസ്ഥലത്ത് കണ്ട അതെ സൈക്കിളിന്റെ പാട് പ്രസാദ് കണ്ടു. അതോടെ ഞാനവനെ ഇങ്ങു തൂക്കി. പക്ഷെ ആരാണ് വന്നതെന്ന് ചോദിച്ചിട്ട് ആ നായിന്റെ മോന്‍ പറയുന്നു അവനവിടെ ഇല്ലാത്ത സമയത്താണ് ആള് വന്നിട്ട് പോയതെന്ന്. തിരക്കിയപ്പോള്‍ അവന്‍ ഇന്ന് എങ്ങും പോയിട്ടില്ല എന്നറിയാന്‍ പറ്റി. ങാ എനിക്കൊന്നു പണിയാന്‍ പറ്റിയ നല്ല ശരീരം ആയിരുന്നു.. തനിക്ക് വേണ്ടി മാറ്റി വച്ചതാ..കുറെ നാളായി തന്റെ കൈയും കാലും നേരെ ചൊവ്വേ അനങ്ങിയിട്ടില്ലല്ലോ… നല്ല സൈസ് ശരീരമാ..ഇടിക്കാന്‍ പറ്റിയ ഉരുപ്പടി. താന്‍ അവനോട് ചോദിച്ചിട്ട് ആരാ വന്നതെന്ന് അറിഞ്ഞിട്ട് വാ..അപ്പഴേക്കും വടേം ചായേം ഇങ്ങെത്തും” തൊമ്മി പറഞ്ഞു.

“സാറ് ഒന്നാമത്തെ വട കഴിക്കുമ്പോഴേക്കും സണ്ണി പേര് പറഞ്ഞിരിക്കും സാറേ..” അര്‍ജുനന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

“എന്നാ ചെല്ല് സമയം കളയണ്ട”
അര്‍ജുനന്‍ പോയപ്പോള്‍ സി ഐ ബെല്ലില്‍ വിരമര്‍ത്തി. രമേശന്‍ ഉള്ളിലെത്തി.

“എടൊ..വടേം ചായേം…രണ്ടുപേരുണ്ട്..” തൊമ്മി പറഞ്ഞു.

“സര്‍”
രമേശന്‍ വെളിയിലേക്ക് പോയപ്പോള്‍ തൊമ്മി കൂജയില്‍ നിന്നും വെള്ളമെടുത്ത് മുഖം കഴുകിത്തുടച്ചു. സെല്ലില്‍ നിന്നും ആരുടെയോ നിലവിളി കാതില്‍ എത്തിയപ്പോള്‍ അയാള്‍ ചിരിച്ചുകൊണ്ട് തലയാട്ടി. അല്‍പ്പം കഴിഞ്ഞപ്പോള്‍ ചായക്കടയിലെ പയ്യന്‍ ഒരു പൊതിയും ഒരു തൂക്കുപാത്രത്തില്‍ ചായയും കൊണ്ടുവച്ചിട്ടു പോയി. തൊമ്മി പൊതി തുറന്ന് ഒരു വട എടുത്തു കൈയോടെ വായിലേക്ക് വച്ചു. പിന്നെ അയാള്‍ സ്ഥിരം ചായ കുടിക്കുന്ന സ്റ്റീലിന്റെ വലിയ മഗ്ഗിലേക്ക് നിറയെ ചായ പകര്‍ന്ന ശേഷം വീണ്ടും ഇരുന്നു. അടുത്ത വട അയാള്‍ എടുത്തപ്പോള്‍ അര്‍ജുനന്‍ ഉള്ളിലേക്കെത്തി. അയാള്‍ തൊപ്പി ധരിച്ചിരുന്നില്ല; ഷര്‍ട്ടിന്റെ രണ്ടു ബട്ടന്‍സ് അഴിച്ചിട്ട നിലയിലും ആയിരുന്നു.

“ഇരി..” തൊമ്മി പറഞ്ഞു.

അര്‍ജുനന്‍ ഇരുന്നപ്പോള്‍ തൊമ്മി വടയും ഗ്ലാസില്‍ പകര്‍ന്ന ചായയും അയാള്‍ക്ക് നല്‍കി.

“പണിതോ?” അയാള്‍ അടുത്ത വട എടുത്തിട്ടു ചോദിച്ചു.

“പണിതു..ഞാന്‍ ഉദ്ദേശിച്ച ആളു തന്നെ..അവനെ കൈയോടെ പൊക്കിയാലോ സാറെ?”

“പിന്നെന്താ..ആയിക്കോട്ടെ..” സി ഐ പറഞ്ഞു.

“അവനെ പൊക്കി അവന്റെ കഥ കേട്ടശേഷം ബാക്കി” അര്‍ജുനന്‍ പറഞ്ഞു.

“ശരി..താന്‍ ചെന്നു ആരെയെങ്കിലും പറഞ്ഞു വിട്ടിട്ടു വാ…അവന്‍ ഓടിക്കളയാതെ നോക്കാന്‍ പറയണം. ഓടിയാല്‍ പിന്നാലെ ഓടാന്‍ സ്റ്റാമിന ഉള്ള ഒരുത്തനും ഇവിടില്ലല്ലോ താനൊഴികെ…”

“അത് സാരമില്ല സാറെ..അവനെ ഞാന്‍ കൈയോടെ ഇവിടെത്തിക്കാം” അര്‍ജുനന്‍ എഴുന്നേറ്റ് പുറത്തേക്ക് പോയി.

Leave a Reply

Your email address will not be published. Required fields are marked *