പോലീസ് ഡയറി 79

Views : 36526

“എല്ലാവരെയും എനിക്കറിയാവുന്നതാണ് സര്‍; അവരാരും മോഷ്ടിക്കില്ല. തന്നെയുമല്ല, അവര്‍ എല്ലാവരെയും ഞാന്‍ തന്നെയാണ് യാത്രയാക്കിയതും”

“വീട്ടില്‍ ആരൊക്കെയുണ്ട്?”

“ഞാന്‍, ഭാര്യ, മൂത്തമകള്‍, പിന്നെ മകന്‍”

“മക്കളുടെ പ്രായം?”

“മോള്‍ പതിനാറ്..മോന്‍ പതിനൊന്ന്”

“പിന്നിലെ കതക് അടച്ചതായി കുട്ടികള്‍ക്ക് അറിവുണ്ടോ? നിങ്ങള്‍ അവരോട് ചോദിച്ചിരുന്നോ?”

“സാധാരണ ഭാര്യയാണ് അടയ്ക്കുന്നത്. അതുകൊണ്ട് അവരത് ശ്രദ്ധിച്ചിരുന്നില്ല..”

“നിങ്ങള്‍ പുറത്ത് പാര്‍ട്ടി നടത്തുന്ന സമയത്ത് കള്ളന്‍ ഉള്ളില്‍ കയറിക്കാണും. എന്നിട്ട് രാത്രി നിങ്ങളെല്ലാം ഉറക്കമായ സമയത്ത് മോഷണം നടത്തിയിട്ട് സ്ഥലം വിട്ടു. ഇതാകാം സംഭവിച്ചത്” സി ഐ തന്റെ പ്രാഥമിക നിഗമനം പുറത്തുവിട്ടു.

“ആയിരിക്കാം സര്‍. എങ്ങനെയെങ്കിലും അവനെ കണ്ടെത്തണം സര്‍..പ്ലീസ്”

“എനിക്ക് നിങ്ങളുടെ വീട് ഒന്ന് കാണണം. എന്നിട്ടാകാം ബാക്കി എന്താ?”

“ആയിക്കോട്ടെ സര്‍”

“നിങ്ങള്‍ എങ്ങനാ വന്നത്? സ്വന്തം വണ്ടിയില്‍ ആണോ”

“ആണേ”

“എന്നാല്‍ വഴി കാണിച്ച് മുന്‍പേ പൊക്കോ..ഞാന്‍ പോലീസുകാരുമായി വരാം”

“ശരി സര്‍”

മുറ്റത്ത് പോലീസ് വാഹനം വന്നു നിന്നപ്പോള്‍ അനിലിന്റെ ഭാര്യയും മക്കളും വെളിയിലെത്തി ആശങ്കയോടെ നോക്കി. തൊമ്മി തന്റെ വലിയ ശരീരം വണ്ടിയില്‍ നിന്നും ഇറക്കിയിട്ട്‌ ഒരു പോലീസുകാരനെ അരികിലേക്ക് വിളിച്ചു.

“സര്‍”

“എടൊ..ഇവിടുന്ന് കുറച്ചു മുന്‍പോട്ടു പോയാ ഒരു പിള്ളേച്ചന്റെ ചായക്കട ഉണ്ട്. നല്ല ഒന്നാന്തരം പഴംപൊരി ആണ് അങ്ങേര്‍ ഉണ്ടാക്കുന്നത്. താന്‍ പോയി ഒരു പത്ത് പഴംപൊരി വാങ്ങിച്ചോണ്ട് വാ..ഡ്രൈവറെ കൂട്ടിക്കോ”

“സര്‍”

തൊമ്മി രണ്ടു പോലീസുകാരുമായി വീടിന്റെ ഉള്ളിലേക്ക് കയറിയപ്പോള്‍ അയാള്‍ പിന്നില്‍ നിന്ന് ഗോഷ്ടി കാണിച്ചിട്ട് ഡ്രൈവറെ വിളിച്ചു വണ്ടി വെളിയിലേക്ക് ഇറക്കി പിള്ളേച്ചന്റെ കട ലക്ഷ്യമാക്കി നീങ്ങി.

വീടിന്റെ ഉള്ളില്‍ കയറിയ തൊമ്മി ആദ്യം മോഷണം നടന്ന മുറിയില്‍ എത്തി.

“ഈ അലമാരയുടെ അടിയിലെ തട്ടിന്റെ ഉള്ളിലുള്ള അറയില്‍ ആയിരുന്നു സാറേ സ്വര്‍ണ്ണം.” അനില്‍ വിശദീകരിച്ചു.

“നിങ്ങള്‍ രണ്ടുപേരും ഇവിടെയാണോ ഉറങ്ങുന്നത്?” സി ഐ ചോദിച്ചു.

“അതെ”

“അലമാര തുറക്കുന്ന ശബ്ദം നിങ്ങള്‍ രണ്ടുപേരും കേട്ടില്ലേ?”

“നല്ല ക്ഷീണം ഉണ്ടായിരുന്നു സാറേ..മാത്രമല്ല ഈ ഫാന്‍ കറങ്ങുമ്പോള്‍ വല്ലാത്ത ഒരു ശബ്ദം ഉണ്ട്..ഇതിന്റെ ബെയറിംഗ് കേടായത് കാരണം ഫുള്‍ സ്പീഡില്‍ കറങ്ങിയാല്‍ മറ്റു ശബ്ദങ്ങള്‍ കേള്‍ക്കാന്‍ പാടാണ്”

“അലമാര താക്കോല്‍ ഉപയോഗിച്ചാണ് തുറന്നിരിക്കുന്നത്” അലമാര പരിശോധിച്ചിട്ട് സി ഐ സ്വയമെന്നപോലെ പറഞ്ഞിട്ട് അവരെ നോക്കി: “താക്കോല്‍ നിങ്ങള്‍ എവിടെയാണ് സൂക്ഷിച്ചിരുന്നത്?”

“ഇന്നലെ അലമാരയില്‍ തന്നെ വച്ചിരുന്നു സര്‍. എന്തിനോ വേണ്ടി തുറന്നിട്ട്‌ ലോക്ക് ചെയ്യാന്‍ മറന്നു പോയതാണ്. തന്നെയുമല്ല സ്വര്‍ണ്ണം അറയുടെ ഉള്ളില്‍ ആയതിനാല്‍ അത്ര വലിയ കരുതലും ഞങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല..ആദ്യമായിട്ടാണ് ഇവിടെ ഒരു മോഷണം..”

“രാവിലെ താക്കോല്‍ നിങ്ങള്‍ ആരെങ്കിലും എടുക്കുകയോ പിടിക്കുകയോ ചെയ്തോ?”

“എടുത്ത് സാറേ..ഞങ്ങള്‍ അലമാര മൊത്തം പലതവണ പരിശോധിച്ചു..”

“അപ്പോള്‍ ഫിംഗര്‍ പ്രിന്റ്‌ കിട്ടില്ല..” സി ഐ സ്വയം അങ്ങനെ പറഞ്ഞിട്ട് പിന്നിലെ വാതിലിന്റെ അരികിലെത്തി വെളിയിലേക്ക് ഇറങ്ങി ചുറ്റും നിരീക്ഷിച്ച ശേഷം ഉള്ളില്‍ കയറി.

“പുറത്തൊക്കെ ഒന്ന് പരിശോധിക്ക്..വല്ല തുമ്പും കിട്ടുമോന്നു നോക്കിയിട്ട് വാ” ഒപ്പമുണ്ടായിരുന്ന പോലീസുകാരെ പുറത്തേക്ക് അയച്ച ശേഷം സി ഐ തൊപ്പി ഊരിയിട്ട് സോഫയിലേക്ക് സ്വന്തം ശരീരം നിക്ഷേപിച്ചു. വീട്ടുകാര്‍ ആശങ്കയോടെ അദ്ദേഹത്തെ നോക്കിക്കൊണ്ട് നില്‍ക്കുകയായിരുന്നു.

“നിങ്ങള്‍ രണ്ടാളും ഇങ്ങുവന്നെ” സി ഐ കുട്ടികളെ അരികിലേക്ക് വിളിപ്പിച്ചു. രണ്ടുപേരും ഭയത്തോടെ അയാളുടെ മുന്‍പിലേക്ക് നീങ്ങി നിന്നു.

“ഇന്നലെ രാത്രി..ഉറങ്ങുന്നതിനു മുന്‍പ് പിന്നിലെ വാതില്‍ അടച്ചിരുന്നതായി നിങ്ങളില്‍ ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ?” രണ്ടുപേരെയും മാറിമാറി നോക്കിക്കൊണ്ട്‌ സി ഐ ചോദിച്ചു. കുട്ടികള്‍ പരസ്പരം നോക്കിയിട്ട് അമ്മയെയും അച്ഛനെയും നോക്കി.

“മിസ്സിസ് അനിലിന് ഓര്‍ക്കാന്‍ പറ്റുന്നുണ്ടോ?” സി ഐ ചോദിച്ചു.

“ഞാന്‍ എല്ലാ ദിവസവും കതകുകള്‍ അടച്ചിട്ടാണ് കിടക്കുക. അത് ഒരു പതിവായതിനാല്‍ പ്രത്യേകിച്ച് ഓര്‍ത്തിരിക്കേണ്ട കാര്യമല്ലല്ലോ സര്‍..അടച്ചു എന്നുതന്നെയാണ് എന്റെ വിശ്വാസം…സ്ഥിരം ശീലമുള്ള കാര്യമാണ്” അവര്‍ പറഞ്ഞു.

Recent Stories

The Author

kadhakal.com

5 Comments

  1. Adipoli story !!

  2. അടിപൊളി.. ഒന്നും പറയാൻ ഇല്ല.. തമാശയും സസ്‌പെൻസും എല്ലാം ചേർന്നൊരു ഐറ്റം..

  3. സുദർശനൻ

    നല്ല കഥയാണല്ലോ! ഇഷ്ടമായി.

  4. Bro ethu polle niggal deepthi IPS ne vachu oru story ezhuthamo

  5. Nalla katha

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com