ഇന്നത്തെ വിശേഷം 45

Views : 3961

ശെരി ആണ്…..അതിൽ തട്ടി പൊടിയാത്ത ഒന്നും തന്നെ ഉണ്ടാവില്ല… വാക്കുകൾ കുത്തി കീറാൻ എളുപ്പം ഉള്ള വസ്തു ആണെങ്കിലും ആകെ തകർത്തു കളയാൻ ശേഷി ഉള്ള ആയുധം മൗനം തന്നെ ആണ്… എത്ര മനോഹരം എങ്കിലും മണിക്കൂറുകൾ നിർത്താതെ പെയ്യുന്ന മഴ കണക്കെ അത് പോകെ പോകെ ഒരു ബുദ്ധിമുട്ട് ആയി മാറും…. ചിലപ്പോളൊക്കെ രസിപ്പിക്കുന്ന മൗനം നീണ്ടു നീണ്ടു പോയി തിങ്ങി നിറഞ്ഞു മൂക്കിന് മുകളിൽ നിന്ന് നമ്മളെ ശ്വാസം മുട്ടിക്കും….

കിടന്നു പോയപ്പോൾ ആണ് അവൾക്കു എന്നെ സ്വന്തം ആയി കിട്ടിയത് എന്നു തോന്നുന്നു… ഞാൻ കേൾക്കുമോ മനസിലാക്കുമോ എന്നു പോലും ഉറപ്പില്ല എങ്കിലും അവൾക്കു എന്നോട് പറയാൻ ഇത്ര അധികം വിശേഷങ്ങളും സന്തോഷങ്ങളും വിഷമങ്ങളും ഒക്കെ ഉണ്ടായിരുന്നു എന്ന് അവൾ വാതോരാതെ എന്റെ അടുത്തു വന്നിരുന്നു സംസാരിക്കുമ്പോൾ ആണ് അറിയുന്നത്…. ഞാൻ എല്ലാം കേൾക്കുന്നു എന്നു വിളിച്ചു പറഞ്ഞിട്ടുണ്ട് മനസ്സിൽ ഒരായിരം വട്ടം…..അതു അവൾക്കു മാത്രം കേൾക്കുന്നുണ്ടാവും….കൈ അനക്കാൻ ആയിരുന്നു എങ്കിൽ അവളുടെ മൂക്കുത്തി ഇട്ട മൂക്കിൽ ഒന്നു തൊട്ടു നോക്കിയേനെ ഞാൻ…. വിശേഷങ്ങൾ പറയുമ്പോൾ മൂക്കുത്തി കല്ലിന്റെ ചുവപ്പു അവളുടെ മൂക്കിലും പടരുന്ന പോലെ തോന്നാറുണ്ട്….പണ്ടൊന്നും ഈ ചുവപ്പു ഞാൻ കണ്ടിട്ടില്ല…. ശ്രമിച്ചിട്ടില്ല….
ചില ഇരുട്ടുകളിൽ ആയിരുന്നു ഞാൻ അവളെ കൂട്ടി പിടിച്ചിരുന്നത്…

” ഇതൊക്കെ ചെയ്യാൻ എന്തിനു ആണ് വെളിച്ചം ? കാര്യം നടന്നാൽ പോരെ?

എന്നോ ഒരിക്കൽ അവളുടെ മുഖത്തു പോലും നോക്കാതെ കിടക്കയിൽ നിന്നും എണീറ്റു പോകുന്ന നേരം പുച്ഛിച്ചു ചോദിച്ചു…

” അതേ .ഇരുട്ടാണ് നിങ്ങൾക്കും നല്ലത്.. നിങ്ങൾ കയറി ഇറങ്ങി പോകുമ്പോൾ എന്റെ മുഖത്തെ പുച്ഛം നിങ്ങൾ കാണാതെ ഒളിപ്പിക്കാൻ എനിക്കും സൗകര്യം ആണ്… പരസ്പരം അറിയില്ലെങ്കിലും ക്രോസ്സ് ചെയ്തു കഴിഞ്ഞാൽ ലിംഗം വലിച്ചൂരാൻ പറ്റാതെ കോർത്തു നിൽക്കുന്ന പട്ടികൾ ക്കു പോലും നിങ്ങളെക്കാൾ ഇമോഷൻസ് ഉണ്ടാവും എന്നു തോന്നുന്നു'”

അതു പറഞ്ഞതിന് അന്ന് ഞാൻ അവളെ അടിച്ചിരുന്നു…. തിരിച്ചു അടിക്കാൻ കൈ പൊന്തിക്കില്ല എന്ന ഉറപ്പു മനസിൽ ഉള്ളത് ധൈര്യം ആണ്… പിന്നെ ഏതൊക്കെയോ രാത്രിയിൽ കോർത്തു നിൽക്കുന്ന പട്ടികളെ ഞാൻ സ്വപ്നത്തിൽ കാണാറുണ്ട്… അവരുടെ പ്രണയം അറിയുന്നുണ്ട് ….

എന്നും മടങ്ങി വന്നു കഴിഞ്ഞാൽ എന്നെ നോക്കി അവൾ ചിരിച്ചു കൊണ്ട് ആദ്യം ചോദിക്കുന്ന ഒരൊറ്റ ചോദ്യമേ ഉള്ളു….

” ഇന്ന് എന്തൊക്കെ ആണ് വിശേഷങ്ങൾ ഉണ്ടായേ എന്ന്….. “

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com