അന്ന – 2 124

“എങ്കിലും എനിക്കെന്തോ ഒരു അതൃപ്തി. എന്റെമോനവിടെ പോകേണ്ട പകരം അവർ മറ്റൊരാളെ നോക്കിക്കോട്ടെ.”
എബ്രഹാം അവനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു.

“ഹാ ബെസ്റ്റ്, എന്തിനാ പപ്പ രാവിലെത്തന്നെ വിഷമിപ്പിക്കുന്ന കാര്യങ്ങൾ പറയുന്നേ? ഞാൻ എത്ര ആഗ്രഹിച്ചതാണെന്ന് അറിയാമോ?”
ഇരിപ്പിടത്തിൽനിന്നും എഴുന്നേറ്റ് എബി ചോദിച്ചു.

“അറിയാം, നിനക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ…”
പറഞ്ഞുവന്ന വാക്കുകൾ പൂർത്തീകരിക്കാൻ എബ്രഹാമിന് കഴിഞ്ഞില്ല.

“എന്താ അപ്പനും മോനുംകൂടെ രാവിലെത്തന്നെ?”
എബ്രഹാമിനുള്ള ചായയുമായി വന്ന ‘അമ്മ മേരി ചോദിച്ചു.

“ഏയ്‌, ഒന്നുല്ല മമ്മാ, പപ്പ പറയുവാ എന്റെ പ്രോജക്റ്റ് ഒഴിവാക്കണമെന്ന്. എന്റെ ടാലന്റ് കാണിക്കാനുള്ള അവസരമാണ് ഞാനത് ഒഴിവാക്കില്ല. ആര് എന്തൊക്കെ പറഞ്ഞാലും ശരി.”
എബി ദേഷ്യത്തോടെ അവിടെനിന്നും പിൻവാങ്ങി.

“എന്താ ഇച്ചായ ഇത്. അവന്റെ താൽപ്പര്യം അങ്ങനെയാണെങ്കിൽ അതുനടക്കട്ടെ. നമ്മളായിട്ട് അവന്റെ ആഗ്രഹത്തെ എതിരുപറയാൻ നിൽക്കേണ്ട.”
മേരി കൊണ്ടുവന്ന ചായ എബ്രഹാമിനുനേരെ നീട്ടി.

“അതല്ലടി, ഇന്നലെ അവൻ വന്നുകയറിയപ്പോൾ മറ്റൊരാളുടെ സാന്നിധ്യം എനിക്ക് അനുഭവപ്പെട്ടു. പോരാത്തതിന് രാത്രി അവന്റെ മുറിയിൽ നിന്നും പരിചയമില്ലാത്ത ചില ശബ്ദങ്ങൾ..
അവനെന്തോ അപകടം വരാൻ പോകുന്നു എന്നൊരു തോന്നൽ.”
മേരികൊണ്ടുവന്ന ചായ എബ്രഹാം ചുണ്ടോട് ചേർത്തുകുടിച്ചുകൊണ്ട് പറഞ്ഞു.

“ആ, അതേതായാലും നന്നായി. പണ്ട് അച്ചനാകാൻ പോയതിന്റെ ബാക്കിപത്രമായിരിക്കും ല്ലേ?”
മേരി കളിയാക്കൽ എന്നപോലെ ചോദിച്ചു.

“നീ കളിയാക്കേണ്ട തലമുറകളായി കിട്ടിയ അനുഗ്രഹമാണ്. എന്റെ അപ്പന്റെ അനിയൻ ആരാണെന്ന് നിനക്ക് അറിയാലോ? “