മഞ്ഞു വീണ ഡിസംബർ 8

Author : അനാമിക അനീഷ് “ആമി”

കുഞ്ഞു ടോം ജനാലയിൽ കൂടി പുറത്തേക്ക് നോക്കുവാനൊരു ശ്രമം നടത്തി. എത്താത്തതിനാൽ അവനൊരു മരസ്റ്റൂള് വലിച്ചു കൊണ്ട് വന്നു ജനാലച്ചില്ലിന്റെ തണുപ്പിലേക്ക് മുഖമമർത്തി. പുറത്തെ നരച്ച വെളിച്ചം മാത്രമേ കാണുവാനുള്ളൂ. പുറമെ ജനാലയിൽ മഞ്ഞുവീണു കട്ടകെട്ടിയിരിക്കുന്നതിനാൽ വെളിച്ചത്തിന്റെ തുണ്ടുപോലും അകത്തേക്ക് കടക്കുന്നില്ല. മാർത്ത, അവന്റെ മമ്മ, കരടി നെയ്യിൽ മുക്കിയ തുണികൊണ്ടുള്ള വിളക്കിന്റെ തിരി അൽപ്പം കൂടി നീട്ടിവെച്ചു. ഉണങ്ങിയ ബ്രഡിന്റെ കഷണങ്ങൾ എങ്ങനെ മാർദ്ദമുള്ളതാക്കാമെന്നാണ് മാർത്ത അപ്പോൾ ചിന്തിച്ചത്. പുഴുങ്ങാനിട്ട ഉരുളക്കിഴിങ്ങിന്റെ ആവി പൊന്തുന്ന വലിയ വോക്കിന്റെ അടപ്പ് ലേശം ഉയർത്തി, ബ്രഡ്ഡ് അവിടേക്ക് തിരുകി കയറ്റി. അൽപ്പം കഴിഞ്ഞെടുക്കാം, മയം വന്നേക്കാം. ടോം അതേ നിൽപ്പുതന്നെയാണ്. “എന്താണ് അവനോട് താൻ പറയുക?”

ഇത് പോലെ മഞ്ഞു കൊഴിയുന്നൊരു ഡിസംബറിലാണ്, കുഞ്ഞു ടോമിന്റെ പപ്പ, ഡാൻ മരണപ്പെട്ടത്.
അകലെ ബറോവിലെ ഒരു മീൻ വിൽപ്പനകടയിലെ ജീവനക്കാരനായിരുന്നു ഡാൻ. അവിടെ നിന്നും ഇടയ്ക്കിടെ അവർ തിമിംഗലവേട്ടക്ക് പോകാറുണ്ട്. ഒരു ഡിസംബറിൽ വേട്ടക്ക് പോയ ഡാനും കൂട്ടുകാരും തിരികെ വന്നില്ല. പിന്നെയെപ്പൊഴോ, അവരുടെ മരവിച്ച ശരീരങ്ങൾ വീണ്ടെടുത്തുവെന്നു അലാസ്കയിലെ സർക്കാരിൽ നിന്നും അറിയിപ്പ് കിട്ടിയതും, കൂട്ടത്തോടെ ശവസംസ്കാരവും നടത്തിയതും, അർദ്ധബോധാവസ്ഥയിലെന്ന പോലെ മാർത്ത ഓർക്കുന്നു.

ഡാനിന്റെ തനി പകർപ്പാണ് ടോം. അവന്റെ പപ്പയുടെ നീലകണ്ണുകളും, സ്വർണ്ണമുടിയും അത് പോലെ കിട്ടിയിട്ടുണ്ട്. അവനിപ്പോൾ ഏഴ് വയസ്സാണ്.

ഓരോ ക്രിസ്തുമസിനും അവനു വേണ്ടി മാർത്ത നക്ഷത്രവിളക്കുകൾ കൊളുത്തി. ക്രിസ്തുമസ് വിരുന്നൊരുക്കാൻ അധികം വിഭവങ്ങൾ കാണില്ല. എങ്കിലും, ഉണങ്ങിയ പന്നിയിറച്ചിയും, വാൽറസിന്റെ ഇറച്ചി കൊണ്ടുള്ള സ്റ്റ്യുവും,പുഴുങ്ങിയ ഉരുളക്കിഴങ്ങും, ബ്രഡും, നേരത്തെ തയാറാകുന്ന മുന്തിരി വൈനും ഒരു കുഞ്ഞു വിരുന്നിന്റെ ലാഞ്ചന നൽകിയിരുന്നു.

ക്രിസ്തുമസ് രാത്രി, പപ്പ വരുമെന്ന് കരുതി, ടോം കാത്തിരിക്കാറുണ്ട്. മരം കോച്ചുന്ന തണുപ്പത്തും, ഏതു മഞ്ഞു പൊഴിയുന്ന രാവിലും, അടുത്തുള്ള പള്ളിയിലെ ക്രിസ്ത്മസ് കരോൾ പാടാനെത്തുന്ന സംഘം അവനെ തെല്ലൊന്നുമല്ല സന്തോഷപ്പെടുത്തിയിട്ടുള്ളത്. ആ പള്ളിയിലേക്ക് മാർത്ത ഡാനിന്റെ മരണശേഷം പോയിട്ട് തന്നെയില്ല.

ഓരോ ക്രിസ്തുമസിനും അവൻ പപ്പയെ തിരക്കും. ഓരോ തവണയും മാർത്ത അവനോട് അടുത്ത ക്രിസ്തുമസിനെത്തും എന്ന ഒഴിവു പറഞ്ഞു പറഞ്ഞു പോകുന്നു, ഓരോ ഡിസംബറും കൊഴിയുന്നു.

ടോം കൂടുതൽ മൗനിയായിരിക്കുന്നു. സ്‌കൂളുകളുടെ ചിലവ് താങ്ങാനാവാത്തത് കൊണ്ട് തന്നെ, മാർത്ത അവനെ സ്‌കൂളിൽ അയക്കുന്നില്ലായിരുന്നു, കഴിഞ്ഞ കൊല്ലം, സർക്കാരിന്റെ ഒരു ചെറിയ ഗ്രാൻഡ് കിട്ടിത്തുടങ്ങി..
അവനും ഒരു നാഴിക ദൂരെയുള്ള സ്‌കൂളിൽ പോയി ത്തുടങ്ങി. പക്ഷെ, അവിടെ പപ്പയുടെ വിരൽ തൂങ്ങി എത്തുന്ന കുട്ടികളെ മാത്രമേ അവൻ കാണാറുള്ളു, അതിനു ശേഷം അവൻ പപ്പയെ ചോദിച്ചപ്പോൾ, പതിവ് പോലെ ഈ ക്രിസ്തുമസിന് എത്തുമെന്ന് മാർത്ത മറുപടി പറഞ്ഞു. ആ പറഞ്ഞു പോയ ക്രിസ്തുമസാണ്‌ ഈ വരുന്നത്.

ഇത്തവണ വിരുന്നിനു വിഭവമൊരുക്കാനും, അത് പാകം ചെയാനും, വിറകു ശേഖരിക്കുവാനും, മഞ്ഞിൽ വൃത്തത്തിൽ ഐസ് വെട്ടി ചൂണ്ടലിട്ടു മീൻ പിടിക്കുവാനും, കുഞ്ഞു ടോം വല്ലാതെ ഉത്സാഹിച്ചു.
മാർത്തയുടെ നെഞ്ചു പിടക്കാൻ തുടങ്ങി. ഓരോ വർഷത്തെയും കള്ളം, പപ്പാ വരുമെന്ന കള്ളം, ടോമിനോട് എത്രകാലം ഒളിച്ചു വെയ്ക്കാനാകും എന്നവർ വ്യാകുലപ്പെട്ടു. അവർക്കാധിയായി, വല്ലാതെ അവർ ഭയപ്പെട്ടു.

അവന്റെ സ്‌കൂള് പൂട്ടുന്നതിന്റെ തലേ ദിവസം, മാർത്ത ശീതക്കാറ്റിനെ ചെറുക്കുന്ന കട്ടിയുള്ള കുപ്പായമിടുവിക്കുന്ന സമയം, വെറുതെയെങ്കിലും ടോമിനോട് പറഞ്ഞു “പപ്പാ ഇക്കൊല്ലം വന്നില്ലെങ്കിലോയെന്ന്.” ടോമിന്റെ ഭാവം മാറി, നീലക്കണ്ണുകൾ നിറഞ്ഞു തുളുമ്പി, പുസ്തകക്കെട്ടു അടങ്ങിയ തോൽസഞ്ചി വലിച്ചെറിഞ്ഞു. “പപ്പാ വരും, വരും, മമ്മ നോക്കിക്കോളൂ, പപ്പാ വരും.” മാർത്ത അവനെ സമാധാനിപ്പിക്കുവാൻ വല്ലാതെ പാടുപെട്ടു.
അവനെ സ്‌കൂളിലാക്കി മടങ്ങി വരുംവഴി, അവർ അടുത്തുള്ള ആ പള്ളിയിലൊന്നു കയറി. ആറു വർഷങ്ങൾക്ക് ശേഷം. ഉണ്ണിയേശുവിനെ കൈയിലേന്തി നിൽക്കുന്ന കന്യാമറിയത്തിന്റെ രൂപക്കൂടിനു മുൻപിൽ അവർ കണ്ണീരൊഴുക്കി. അവരുടെ ആധി അവർ ആ രൂപത്തിന് മുൻപിൽ കെട്ടഴിച്ചു. ഓരോ സങ്കടവും അവർ എണ്ണിയെണ്ണിപ്പറഞ്ഞു. ” ടോമെന്നെ വെറുക്കാൻ തുടങ്ങുമിനി…. ഓരോ കൊല്ലവും, അവന്റെ പപ്പാ മരിച്ചു പോയി എന്ന കാര്യം മറച്ചു വെച്ച് ഞാൻ തള്ളി നീക്കുന്നു. അവനത് താങ്ങാനാവില്ല. ഇത്തിരി വലുതാകും വരെ , അവനു മരണമെന്തെന്നറിയുന്നത് വരെ, അവനോട് എനിക്കത് മറച്ചു വെച്ചേ പറ്റു, പക്ഷെ എത്രകാലമെന്നറിയില്ല, അല്ലയോ കന്യാമറിയമേ, എന്റെ ടോമിന് മനഃശക്തി കൊടുക്കണമേ…”

മാർത്ത എത്രകാലം ആ രൂപത്തിന് മുൻപിൽ നിന്നുവെന്നറിയില്ല….
ഹൃദയഭാരം കൊണ്ട് വേദനിക്കുന്ന മനസ്സും, കുറ്റബോധം കൂടിയ കുമ്പിട്ട ശിരസ്സുമായി മാർത്ത വീട്ടിലേക്ക് മടങ്ങി.

ക്രിസ്തുമസ് രാത്രി, കുഞ്ഞു ടോം അതെയിരിപ്പ് തന്നെയാണ്, എത്ര വിളിച്ചിട്ടും, അവൻ എഴുന്നേറ്റില്ല. അവൻ ഒന്നും മിണ്ടാതെയിരിക്കുന്നത് മാർത്ത ഹൃദയം നുറുങ്ങുന്ന വേദനയോടെ നോക്കി നിന്നു.

മുറ്റത്തെ ബിർച്ച് മരത്തിൽ തൂക്കിയ നക്ഷത്രവിളക്കിന്റെ പ്രകാശം മരത്തിൽ തീർത്ത മച്ചിന്റെ മുകളിലേയ്ക്ക് വീശി കൊണ്ടിരുന്നു.

വിരുന്ന് മേശ ആരും തൊടാതെ , വിശപ്പില്ലാതെ രണ്ടാത്മാക്കൾ…
നിശബ്ദത തളം കെട്ടി നിന്നു…
അകലെയെവിടേയോ ക്രിസ്തുമസ് കരോൾ നേർത്തതായി കേൾക്കുന്നുണ്ടായിരുന്നു….

കണ്ണുകളിൽ ഉറക്കം കൂടു കെട്ടിയ ഒരു നിമിഷം, മാർത്ത ഞെട്ടി എഴുന്നേറ്റു… ഒപ്പം കുഞ്ഞു ടോമും…
ആരോ വാതിലിൽ മുട്ടുന്നുണ്ട്.
” പപ്പാ, പപ്പാ…പപ്പാ വന്നു ” ടോം ആർത്തു വിളിച്ചു.
ആരുമില്ല വരുവാനും പോകുവാനും ഈ വീട്ടിലെന്നു ആരെക്കാളും നന്നായി മാർത്തക്കറിയാമായിരുന്നു..
പിന്നെയിതാരാണ് ? വിറയ്ക്കുന്ന കരങ്ങളോടെ മാർത്ത കതകിന്റെ സാക്ഷ നീക്കി.

ഒരു വൃദ്ധൻ, മഞ്ഞു വീണ രോമത്തൊപ്പി, ഊരി കയ്യിലെടുത്തു, നരച്ച മീശ തടവി , വിടർന്ന ചിരിയോടെ മുൻപിൽ….
ടോം, “പപ്പാ” എന്ന് വിളിച്ചു കൊണ്ട് ഓടി അയാളുടെ കൈ പിടിച്ചകത്തേക്ക് വിളിച്ചു കയറ്റി. അവൻ അയാളെ ഉമ്മ വെച്ചു, അയാളും വാത്സല്യത്തോടെ തിരികെ ഉമ്മ വെച്ചു. കുഞ്ഞു ടോമിന്റെ പൊട്ടിച്ചിരികൾ വീട്ടിൽ മുഴങ്ങി.
മാർത്ത തരിച്ചു നിൽക്കുകായാണ്, ശീതക്കാറ്റ് ചീറിയടിച്ചു.. വാതിൽ ഉച്ചത്തിൽ ഒരു മുഴക്കത്തോടെ അടക്കപ്പെട്ടു.
മാർത്തക്കെന്തു ചെയ്യണമെന്നറിയാൻ വയ്യാതെ നിൽക്കുകയായിരുന്നു. അവർ യാന്ത്രികമായി ആ വാതിൽ സാക്ഷയിട്ടു…

അതേ സമയം ടോം, തീന്മേശയിൽ മെഴുകുതിരികൾ കത്തിച്ചു. ആ വൃദ്ധൻ താൻ കൊണ്ടുവന്ന ക്രിസ്തുമസ് സമ്മാനങ്ങൾ ടോമിന് നൽകി. കുഞ്ഞു ടോമിന്റെ സന്തോഷം കെടുത്തുവാൻ വയ്യാതെ മാർത്ത മൗനം പാലിച്ചു.
ഓരോ വിഭവങ്ങളെടുത്തു ടോം അയാളെ സത്കരിക്കാൻ തിരക്ക് കൂട്ടി. അയാൾ കൊണ്ടുവന്ന ഒരു കേക്കും മുറിച്ചവർ പാട്ടുപാടി.
മാർത്തയും ഒപ്പം കൂടി… ആഘോഷങ്ങൾക്കൊടുവിൽ, ടോം ഉറക്കമായി. കുഞ്ഞിനെ ഉണർത്താതെ അകത്തെ മുറിയിലെ കട്ടിലിൽ കൊണ്ട് കിടത്തി, രോമകംബളം വലിച്ചവനെ പുതപ്പിച്ചു. വാത്സല്യപൂർവം ഒരു മുത്തം നൽകി.എന്നിട്ടാ വൃദ്ധൻ തന്റെ രോമകോട്ടും, പിഞ്ഞി തുടങ്ങിയ കൈയുറയും, കാലുറയും ധരിച്ചു. യാത്ര പറയുവാൻ തയാറെടുത്തു.

മാർത്ത, ഒന്ന് മുരടനക്കി, :” ആരാണ് നിങ്ങൾ?” എന്റെ ടോമിന്റെ മനസ് തകർക്കാതെ തക്ക സമയത്തു വന്ന നിങ്ങളാരാണ് ?”
വൃദ്ധൻ ഒന്ന് ചിരിച്ചു. “നിന്നെ പോലെ, നിന്റെ മകനെ പോലെ ഒറ്റയ്ക്ക്കായ ഒരു ജീവി, വേണ്ടപ്പെട്ടവരില്ലാത്തവർക്ക് വിരുന്നുകാരനാകാൻ നിയോഗിക്കപ്പെട്ട ഒരു ജന്മം. സാന്താക്ലാസിന്റെ പോലെ..”
“ഇനിയും വരും ഞാൻ , ഓരോ ക്രിസ്തുമസിനും.. ”

അയാൾ പുറത്തേക്കിറങ്ങി. തന്റെ തൊപ്പിയൂരി ഒന്ന് വീശി, ആ മഞ്ഞു പെയ്യുന്ന രാത്രിയുടെ ഇരുട്ടിലേക്ക് നടന്നകന്നു.

മാർത്ത ഒരിത്തിരി നേരം അയാൾ പോകുന്നതും നോക്കി അങ്ങനെ നിന്നു. കുറച്ച് കഴിഞ്ഞവർ , ആ വീട് പൂട്ടി ആ രാത്രി തന്നെ അടുത്തുള്ള പള്ളിയിലേക്കോടി. രാത്രികുർബ്ബാന കഴിഞ്ഞാൾക്കാർ പിരിഞ്ഞിരുന്നു.

കന്യാമറിയത്തിന്റെ കാൽക്കൽ വീണു നന്ദി പറഞ്ഞു കൊണ്ട് മാർത്ത പൊട്ടിക്കരഞ്ഞു. ആരുമില്ലാത്തവരെ സഹായിക്കുവാൻ വന്ന മാലാഖയുടെ വരവിനു അളവില്ലാത്തത്ര നന്ദി പറഞ്ഞു കൊണ്ട് അവർ കുറെ നേരം കൂടി അവിടെ തങ്ങി, പിന്നെ കുറേനേരം കഴിഞ്ഞു മടങ്ങി.

അവർ മടങ്ങിയതിനു ശേഷം, ആ രൂപക്കൂടിന്റെ പിന്നിൽ നിന്നും പള്ളിയുടെ സൂക്ഷിപ്പുകാരനായ വൃദ്ധൻ പതിയെ പുറത്തേക്കു വന്നു. അയാൾ പുഞ്ചിരിതൂകി കൊണ്ട് പള്ളിയുടെ ഓരോ ജന്നാലയായി പതിയെ അടക്കുവാൻ തുടങ്ങി. ഓരോ മെഴുകുതിരയായി ഊതിക്കെടുത്തുവാൻ തുടങ്ങി. മുൻപൊരിക്കൽ മാർത്തയുടെ കരച്ചിലിനും സങ്കടം പറച്ചിലും സാക്ഷിയായ അതേ വൃദ്ധൻ…….!

Leave a Reply

Your email address will not be published. Required fields are marked *

Malayalam Stories Novels & copy; 2017-2018
%d bloggers like this: