മഞ്ഞുരുകുന്ന കാലം 32

Manjurukum Kalam by Sheriff Ibrahim

അയാളുടെ ആദ്യത്തെ വിദേശ യാത്ര. തന്റെ ഉപ്പയെ കൊന്ന ഘാതകനെ കാണുക, കഴിയുമെങ്കിൽ ജയിലിൽ കിടക്കുന്ന ആ മനുഷ്യന്റെ മുഖത്ത് കാർപ്പിച്ചു തുപ്പുക, ഇതൊക്കെയാണ് അയാളുടെ യാത്രയുടെ ഉദ്ദേശ്യം. ഒരു നിസ്സാരകാര്യത്തിനാണ് ആ മനുഷ്യൻ തന്റെ ഉപ്പയെ കൊന്നത്. ആ മനുഷ്യനും ഉപ്പയും റൂമിൽ ഒന്നിച്ചായിരുന്നു താമസം. രാത്രി വളരെ വൈകി ഉപ്പ ഉറങ്ങിക്കൊണ്ടിരിക്കുമ്പോൾ ആ മനുഷ്യൻ ടീവി ശബ്ദത്തിൽ വെച്ചു. ഓഫ്‌ ചെയ്യാൻ പല പ്രാവശ്യം ഉപ്പ പറഞ്ഞിട്ടും അയാൾ കേട്ടില്ല. അപ്പോൾ ഉപ്പ തന്നെ ആ ടീവി ഓഫ്‌ ചെയ്തു. ഉടനെ ആ വ്യക്തി അടുത്തുണ്ടായിരുന്ന ഒരു കത്തിയെടുത്ത് ഉപ്പാനെ വെട്ടി… ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും…………….
ആദ്യമായാണ് വീമാനയാത്ര നടത്തുന്നത്. ആദ്യമായി പോകുന്നതിന്റെ പേടി അയാൾക്കുണ്ടായിരുന്നില്ല. മനസ്സിൽ ഒരേ ഒരു ചിന്ത മാത്രം. കഷ്ടപ്പെട്ട് ജീവിച്ച് ഗൾഫിൽ പോയി ജീവിതം പച്ച പിടിച്ചു വരുന്ന ഉപ്പാനെ കൊന്ന ആ മനുഷ്യനോടുള്ള അടങ്ങാത്ത വിദ്വേഷം മാത്രമായിരുന്നു മനസ്സിൽ. തന്റെ എതിർസീറ്റിൽ ഒരു സ്ത്രീയും പൂമ്പാറ്റപോലെ പാറി നടക്കുന്ന നാലോ അഞ്ചോ വയസ്സ് തോന്നിക്കുന്ന ഒരു പെണ്‍ കുട്ടിയും. വീമാനം പറന്നുയർന്ന് കഴിഞ്ഞപ്പോൾ ആ കുട്ടി എല്ലാവരുടെയും അടുത്ത് ചെന്ന് സ്നേഹം കൂടുന്നുണ്ടായിരുന്നു. അക്കൂട്ടത്തിൽ അയാളുടേയും അടുത്ത് ആ കുട്ടിയെത്തി. ‘ചേട്ടൻ എവിടെ പോകുകയാ?’ ആ കുട്ടിയുടെ ചോദ്യം അയാൾക്ക്‌ ഇഷ്ടപ്പെട്ടില്ല. അയാളുടെ ചിന്ത മുഴുവൻ മറ്റൊന്നായിരുന്നല്ലോ? എങ്കിലും അയാൾ പറഞ്ഞു ‘ജിദ്ദയിലേക്ക്’. ‘അതെവിടെയാ?’ ആ കുട്ടിയുടെ ചോദ്യം അയാളെ അലസോരപ്പെടുത്തി. അത് പുറത്ത് കാട്ടാതെ അയാൾ പറഞ്ഞു ‘മോള് പോ.. ചേട്ടൻ ഉറങ്ങട്ടെ’. അത് അയാൾ വെറുതെ പറഞ്ഞതാണ്. അയാൾക്ക്‌ ചിന്തിക്കാൻ ഏകാന്തത വേണം… ‘ഈ ചേട്ടനെന്നോട്‌ ദേഷ്യമാ അല്ലെ? ഞാൻ പോണു. ‘മോളെ ഇവിടെ വന്നേ..’ ആ സ്ത്രീയുടെ വിളി.
‘ഇല്ല മോളെ ചേട്ടന് മോളോട് ഒരു വിഷമവുമില്ല. മോൾ ഇവിടെ ഇരുന്നോ.’ തന്റെ അടുത്തുള്ള ഒഴിഞ്ഞ സീറ്റ് കാണിച്ചു അയാൾ പറഞ്ഞു. അല്ലെങ്കിലും അയാൾക്ക്‌ കുട്ടികളെ വളരെ ഇഷ്ടമാണ്. കുട്ടികളുമായി ഇടപഴകുമ്പോൾ അയാളും ഒരു കുട്ടിയായി മാറും. ‘മോള് എങ്ങൊട്ട് പോകുകയാ?’ എന്തെങ്കിലും ചോദിക്കണമല്ലോ എന്നുദ്ദേശിച്ച് അയാൾ ചോദിച്ചു. ‘ന്റച്ചനെ കാണാൻ’. ആ കുട്ടി ഭാഗ്യവതിയാണ്. ആ കുട്ടിക്ക് കുറച്ചു കഴിഞ്ഞാൽ അച്ഛനെ കാണാം. എന്ത് സന്തോഷമായിരിക്കും. തന്റെ കാര്യമോ? ഇരുപത്തിയാറ് വയസ്സിൽ ഉപ്പാനെ നഷ്ടപ്പെട്ട…. വേണ്ട ആലോചിക്കാൻ വയ്യ.. ഒരു നിലക്ക് ഈ കുട്ടി അടുത്തുണ്ടായത് നന്നായി. മനസ്സിന്നുള്ളിൽ നീറിപുകയുന്ന അഗ്നിപർവതം പൊട്ടാതെ സൂക്ഷിക്കാമല്ലൊ?
ഭക്ഷണം കൊണ്ട് വന്നപ്പോൾ കഴിക്കാൻ തോന്നുന്നില്ല. ആ കുട്ടിക്ക് ഞാൻ തന്നെ വാരി കൊടുത്തു. ഒരു അനുജത്തിയില്ലാത്ത ദു:ഖം കുറച്ചു നേരത്തേക്കെങ്കിലും മാറി കിട്ടുമല്ലോ?
‘മോൾക്ക്‌ ഈ ചേട്ടനെ ഇഷ്ട്ടായോ?’ കുട്ടികളുടെ ചോദ്യ ശൈലിയിൽ അയാൾ ചോദിച്ചു.
‘എനിക്ക് ഏറ്റവും ഇഷ്ടം ന്റച്ഛനെയാ… അത് കഴിഞ്ഞാൽ ചേട്ടനെ…’ ആ കുട്ടിയുടെ നിഷ്കളംഗതയിൽ അയാൾക്ക്‌ മതിപ്പ് തോന്നി.

Leave a Reply

Your email address will not be published. Required fields are marked *

Malayalam Stories Novels & copy; 2017-2018
%d bloggers like this: