“രാമാ, നേരം പുലർന്നാൽ
അമ്മൂനെ വിളിച്ചോണ്ട് വരൂ , മോൾക്ക് ഒരു കൂട്ടായിക്കോട്ടെ, ആശുപത്രിയിലേക്ക് വേറെ ആരെയെങ്കിലും വിടാം.
അമ്മുവേണം ഇവിടെ.”
“ഉവ്വ്.”
തിരുമേനി കട്ടിലിൽ നിന്നുമെഴുന്നേറ്റ് ഫോണെടുത്ത് ഉമ്മറത്തേക്ക് നടന്നു.
കൃഷ്ണമൂർത്തിതിരുമേനിയുടെ നമ്പർ ഞെക്കികൊണ്ട് ഉമ്മറത്തെ ചാരുകസേരയിൽ നീണ്ടുനിവർന്നു കിടന്നു.
“ന്തായി ശങ്കരാ…”
മറുതലക്കൽ നിന്നുംകേട്ട ശബ്ദം തിരുമേനിയെ കൂടുതൽ ഊർജ്ജസ്വലനാക്കി.
“എത്താൻ വൈകി, മാർത്താണ്ഡൻ…”
“മ്, ദേവി എടുത്തു ലേ,”
“ഉവ്വ്.”
“നിക്കറിയാം, അതങ്ങനെയാ വരൂ.. ഇനിയെന്താ..?”
മറുതലക്കൽ നിന്നും കൃഷ്ണമൂർത്തിതിരുമേനി ചോദിച്ചു
ശങ്കരൻതിരുമേനി ഉണ്ടായ സംഭവങ്ങൾ ലഘുവായി വിവരിച്ചു കൊടുത്തു.
“സീതാ…”
ശങ്കരൻ തിരുമേനി ചോദിച്ചു.
“ദാ, ഞാനിറങ്ങായി ഉച്ചയോടെ അങ്ങെത്തും പൂജക്കുള്ള ഒരുക്കങ്ങൾ തുടങ്ങിക്കോളൂ”
“ഉവ്വ്”
“ശങ്കരാ…”
തിരുമേനി ഫോൺ വക്കാൻ തുനിഞ്ഞതും കൃഷ്ണമൂർത്തിതിരുമേനി നീട്ടിവിളിച്ചു.
“താൻ പറഞ്ഞ ആ ചെക്കനുണ്ടല്ലോ, അയാളെ പുറത്തേക്ക് വിടേണ്ട, മനക്കല് നിർത്തിക്കോളൂ. അവനല്ലേ അടുത്ത ഇര. സീത എങ്ങനെ ലക്ഷ്യം നിറവേറ്റും ന്ന് കാണണം. ന്നാ ഒരുക്കങ്ങൾ തുടങ്ങിക്കോളൂ .”
“രാമാ..”
ഫോൺ വച്ചിട്ട് തിരുമേനി രാമനെ നീട്ടിവിളിച്ചു.
“മഹാസുദർശനഹോമം. ഒരുക്കങ്ങൾ തുടങ്ങിക്കോളൂ. പിന്നെ ആ ചെക്കൻ?”
“ഉവ്വ് തിരുമേനി, പത്തായപ്പുരയിലുണ്ട്.”