രാമൻ കാർ സ്റ്റാർട്ട് ചെയ്ത് ഹെഡ്ലൈറ്റ് ഇട്ടു.
പെട്ടന്ന് ഒരു സ്ത്രീരൂപം ലൈറ്റിന്റെ വെളിച്ചത്തിൽ മിന്നിമായുന്നത് രാമനും തിരുമേനിയും ഒരുമിച്ചു കണ്ടു
തിരുമേനി ഡോർ തുറന്ന് പുറത്തേക്കിറങ്ങി.
“ഇരുട്ടിന്റെ മറവിൽ നിൽക്കാതെ ആരാണെങ്കിലും ഇവിടെ, ദാ എന്റെമുൻപിൽ വരണം.”
പിരിച്ചുവച്ച മീശയെ തടവികൊണ്ട് തിരുമേനി പറഞ്ഞ് നാക്കെടുത്തതും.
കാറിനുമുൻപിൽ കോടവന്നുനിറഞ്ഞു.
പതിയെ ഒരു കരിമ്പൂച്ച നടന്നുവന്ന് തിരുമേനിക്ക് സമാന്തരമായി ഒരു നിശ്ചിത അകലംപാലിച്ചുകൊണ്ട് നിന്നു.
അതിന്റെ കണ്ണുകൾ ചുവന്നുതുടുത്തിരുന്നു
പതിയെ കരിമ്പൂച്ച വളരുവാൻ തുടങ്ങി.
പത്താൾ ഉയരമുള്ള കണിക്കൊന്നയുടെ അത്രേയുംവളർന്ന് ഒരു ഭീകരസത്ത്വമായി ശങ്കരൻ തിരുമേനിയുടെ മുൻപിൽ നിന്നു.
കരിമ്പൂച്ചയുടെ രൂപംകണ്ട തിരുമേനി തന്റെ നെഞ്ചിൽ പതിഞ്ഞുകിടക്കുന്ന രക്ഷയെ ഒന്നുതടവി.
“എന്താ തിരുമേനി ഭയന്നുപോയോ..”
പതിയെ കരിമ്പൂച്ചയുടെ രൂപം പുഞ്ചിരി പൊഴിച്ചുനിൽക്കുന്ന സീതയായി മാറികൊണ്ട് ചോദിച്ചു.
“ഹാ, എനിക്കോ, ഒരുതവണ നിന്നെ ബന്ധിച്ച എനിക്ക് നിന്നെ ഭയമോ?”
“ഉവ്വ് തിരുമേനി, മഹാമാന്ത്രികനായ അങ്ങെയുടെ കൊച്ചുമകളെ മാർത്താണ്ഡൻ, മന്ത്രങ്ങളുടെ ശക്തികൊണ്ട് കടത്തികൊണ്ടുവന്നത് അങ്ങറിഞ്ഞില്ല എന്നത് വിശ്വസിക്കാൻ കഴിയുന്നില്ല. അത്
അറിയാതെ പോയത് ഉള്ളിലുള്ള ഭയം കൊണ്ടാണോ. ഹഹഹ ?”
സീത ആർത്തട്ടഹസിച്ചു.
“നിർത്താ, മതി നിന്റെ അട്ടഹാസം.
ഈയൊരു രാത്രികൂടെ നിനക്ക് ആയുസൊള്ളൂ. അതുകഴിഞ്ഞാൽ നിന്നിൽ തിരശീലവീഴും.