“ഇയ്യിങ്ങട് വാര്യാ, അങ്ങനെ പലതും ഇവിടെ കാണാൻ പറ്റും.”
അറ്റുകിടന്ന കാലിനെ മറികടന്ന് രാമൻ മുന്നോട്ടുനടന്നു.
മാർത്താണ്ഡന്റെ കുടിൽ കണ്ട ശങ്കരൻതിരുമേനി അങ്ങോട്ട് ഓടിച്ചെന്നു.
ശക്തമായ കാറ്റിൽ ഉലഞ്ഞാടിയ കുടിലിന്റെ വാതിലുകൾ അടർന്നുവീണിരുന്നു.
അകത്തേക്കുകയറിയ തിരുമേനി ചുറ്റിലും കണ്ണോടിച്ചു.
വെന്തുവെണ്ണീറായി കിടക്കുന്ന മാർത്താണ്ഡനെ കണ്ടതും തിരുമേനി പകച്ചുനിന്നു.
പിന്നാലെ വന്ന രാമൻ തന്റെ മുണ്ടിന്റെ തലപ്പുകീറി വടിയിൽ വച്ചുകെട്ടി ഒരു പന്തമുണ്ടാക്കി.
തൂക്കുവിളക്കിൽ നിന്നും പന്തത്തിന് അഗ്നിചൊരിഞ്ഞു.
ചുറ്റിലും വെളിച്ചം പരന്നയുടനെ തിരുമേനി രാമന്റെ കൈയ്യിൽനിന്നും പന്തംവാങ്ങി ഗൗരിയെ തിരഞ്ഞു.
“തിരുമേനി.”
രാമൻ വിളിച്ച ഭാഗത്തേക്ക് തിരുമേനി നോക്കി.
നിലത്ത്, ഗുരുതിവെള്ളത്തിൽ നനഞ്ഞുകിടക്കുന്ന ഗൗരിയെ അദ്ദേഹം കവിളിൽ തട്ടിവിളിച്ചു.
“മ്…”
അവളൊന്നുമൂളുക മാത്രമേ ചെയ്തൊള്ളൂ.
പന്തം രാമന്റെ കൈയ്യിൽകൊടുത്തിട്ട് നിലത്തുവീണുകിടക്കുന്ന ഗൗരിയെ തിരുമേനി കോരിയെടുത്ത് തോളിൽകിടത്തി.
പുറത്തേക്ക് കടന്നയുടനെ രാമൻ കൈയ്യിലുള്ളപന്തം ഓലമേഞ്ഞ കുടിലിന്റെ മേൽകൂരയിലേക്ക് വലിച്ചെറിഞ്ഞു.
ഭാഗികമായി തകർന്നകൂര, രാമൻ പന്തം വലിച്ചെറിഞ്ഞപ്പോൾ അഗ്നിക്കിരയാകാൻ തുടങ്ങി.
കുറച്ചുദൂരം പിന്നിട്ടപ്പോൾ ശങ്കരൻതിരുമേനി തിരിഞ്ഞുനോക്കി.
ആളിക്കത്തുന്ന മാർത്താണ്ഡന്റെ കുടിൽ പതിയെ നിലംപതിച്ചു.
“ദൈവനിശ്ചയം”
തിരുമേനി പറഞ്ഞു.
അപ്പൂപ്പൻക്കാവിലെത്തിയ ഉടനെ രാമൻ കാറിന്റെ പിന്നിലെ ഡോർ തുറന്നുകൊടുത്തു.
തിരുമേനി ഗൗരിയെ പിൻസീറ്റിലേക്കുകിടത്തി വലതുവശത്തെ ഡോർതുറന്ന് അകത്തേക്ക് അകത്തേക്ക് കയറി.