“ആ, അങ്ങനെയാണെങ്കിൽ നോക്കാം”
ഗൗരിയുടെ മറുപടികേട്ട അനി സന്തോഷത്തോടെ ചുറ്റമ്പലത്തിൽനിന്നും പുറത്തുകടന്നു.
“ഗൗര്യേച്ചി ന്തിനാ അയാളോട് മിണ്ടാൻ പോയേ?..”
അമ്മു രോഷത്തോടെ ചോദിച്ചു.
“അതേയ്, അയാളെകൊണ്ട് എനിക്കൊരുകാര്യമുണ്ട്, അമ്മുട്ടി ഇടപെടേണ്ട ട്ടോ..”
അവളുടെ മൂക്കിന്റെതുമ്പിൽ പിടിച്ചുകൊണ്ട് ഗൗരി പറഞ്ഞു.
വൈകുന്നേരത്തെ ദീപാരാധന കഴിഞ്ഞ് തിരുമേനി മന്ത്രികപ്പുരയിലേക്ക് അഞ്ചു നിലവിളക്കും എണ്ണയും നെയ്യും തിരിയും തുളസിയും പൂവും, കൂടെ രണ്ട് സഹായകളുമായി നടന്നു.
മന്ത്രികപ്പുര തുറന്ന് ദുർഗ്ഗാദേവിക്ക് വിളക്ക് കൊളുത്തി അനുഗ്രഹം വാങ്ങി.
ഹോമകുണ്ഡം തയ്യാറാക്കി തിരുമേനിയും സഹായികളും ചുറ്റുമിരുന്നു.
“അമ്മേ ദേവീ ദുർഗ്ഗേ, ചെയ്യുന്ന കർമ്മങ്ങളിൽവരുന്ന പിഴവുകൾ പൊറുത്ത് അടിയന്റെ ലക്ഷ്യം നിറവേറ്റാൻ സഹായിക്കണെ,”
കൈകൾകൂപ്പി ആദിപരാശക്തിയുടെ അനുഗ്രഹം വാങ്ങി നെറ്റിയിൽ കുംങ്കുമമണിഞ്ഞ്, തിരുമേനിയും രണ്ടുസഹായ്കളും ഹോമകുണ്ഡത്തിന് ചുറ്റും ഇരുന്നു.
ചെയ്യാൻപോകുന്ന കർമ്മങ്ങളിൽ വിഘ്‌നങ്ങൾ സംഭവിക്കാതിരിക്കാൻ വിനായകനെ ധ്യാനിച്ചു.
“ഓം വിഘ്‌നേശ്വരായ നമഃ
ഓം വിഘ്‌നേശ്വരായ നമഃ
ഓം വിഘ്‌നേശ്വരായ നമഃ
‘ശുക്ലാംബരധരം വിഷ്ണും
ശശിവർണ്ണം ചതുർഭുജം
പ്രസന്നവദനം ധ്യായേത്
സർവ്വവിഘ്നോപശാംതയേ ”
വലതുവശത്തുള്ള കിണ്ടിയിൽനിന്നും കുറച്ചു തീർത്ഥമെടുത്ത് തന്റെ ചുറ്റിലും, സഹായകളെയും തെളിച്ചുശുദ്ധിവരുത്തി.
ശേഷം തിരുമേനി സ്വന്തം കൈകൾ നനച്ചുകൊണ്ട് ഹോമകുണ്ഡത്തിലേക്ക് അഗ്നിചൊരിഞ്ഞു.
മണിക്കൂറുകൾ നീണ്ടുനിന്ന പൂജ യക്ഷയാമത്തിനോടടുത്തുവന്നു.