യക്ഷയാമം (ഹൊറർ) – 18 23

ഇരുട്ടിന്റെ മറവിലെ ചെറിയ പ്രകാശത്തിൽ അയാൾ കണ്ടു.
രക്തംവാർന്നൊലിക്കുന്ന മുഖവുമായി സച്ചിദാനന്ദൻ.

“മ…മാ…മാഷ്..”
ഭയത്തോടെ അയാൾ ഇടറിയശബ്ദത്തിൽ വിളിച്ചു.

“എന്നെയൊന്നും ചെയ്യരുത്,”
ചെളിയിൽ വീണ ഗോപി കൈകൾകൂപ്പികൊണ്ട് സച്ചിദാനന്ദനു നേരെ നിന്നു.

“ഗോപീ, നിനക്ക് മരണമാണ് ശിക്ഷ. ഇവിടെ നിന്നെ രക്ഷിക്കാൻ ഒരു മാർത്താണ്ഡനും വരില്ല.
പുതുജീവിതം സ്വപ്നംകണ്ടു ഒന്നിച്ചുള്ള യാത്രക്ക് തയ്യാറായി നിന്ന രണ്ടുപേരെയാണ് നിങ്ങൾ മൂന്നുപേർ ഇല്ലാതാക്കിയത്.
പുണ്യമായ ഈ ഭൂമിയിൽനിന്നും നിങ്ങളെ ഓരോരുത്തരെ തുടച്ചുനീക്കിയിട്ടെ ഞാൻ മടങ്ങൂ.”

ഇടിമുഴക്കം പോലുള്ള ശബ്ദത്തിൽ സച്ചിദാനന്ദൻ പറഞ്ഞു.

അയാളുടെ വാക്കുകൾകേട്ട ഗോപി ചെളിയിൽ നിന്നും പിടഞ്ഞെഴുന്നേറ്റ് നെൽവയലിലൂടെ ഓടി.

ശക്തമായകാറ്റ് അയാളെ വീണ്ടും ചെളിയിലേക്ക് തള്ളിയിട്ടു.
അതുകണ്ട സച്ചിദാനന്ദൻ ആർത്തുചിരിച്ചു.

ഗോപി തിരിഞ്ഞുനോക്കാതെ ജീവനുംകൊണ്ട് മരണവെപ്രാളത്തിൽ പാടവരമ്പിനടുത്തുകണ്ട തൊടിയിലേക്ക് ഓടിക്കയറി.
കഴുങ്ങുതോട്ടത്തിലൂടെയുള്ള മരണപാച്ചിലിൽ ഒടിഞ്ഞുനിൽക്കുന്ന ജാതിമരത്തിന്റെ ശിഖരത്തിൽ,തട്ടി അയാൾ നിലത്തുവീണു.

പിടഞ്ഞെഴുന്നേറ്റ് പിന്നിലേക്കുനോക്കി.
ആരുമില്ല.!

പക്ഷെ തന്റെ തൊട്ടുമുൻപിൽ നിൽക്കുന്ന സച്ചിദാനന്ദനെ പെട്ടന്നുകണ്ടപ്പോൾ ഗോപി അലറിവിളിച്ചു.
ഇത്തവണ തെക്കേടത്തെ കുളത്തിന്റെ പിന്നിലേക്കായിരുന്നു അയാൾ ചെന്നുകയറിയത്.

കുളപ്പുരതാണ്ടി കൽപ്പടവുകളിൽ ചെന്നുനിന്നു.

വിശാലമായ കുളം. ചുറ്റിലും പായലും ആമ്പലൽപൂക്കളും പടർന്നുകിടക്കുന്നു.
കുളത്തിന്റെ മധ്യഭാഗത്ത് ജലത്തെ സ്പർശിക്കാതെ സച്ചിദാനന്ദൻ നിന്നു.