യക്ഷയാമം (ഹൊറർ) – 17 33

മഴയുടെ ശക്തികൂടിയകാരണം വൈദ്യുതി ബൾബുകൾ ഇടക്ക് മിന്നികളിക്കാൻ തുടങ്ങി.

ഗൗരി പതിയെ അമ്മുവിന്റെ അടുത്തേക്ക് ചലിച്ചു.

അപ്പോഴും അവൾ ചിത്രത്തിൽ മുഴുകിയിരിക്കുകയായിരുന്നു.
ഗൗരിവീണ്ടും കണ്ണാടിയിലേക്ക് നോക്കി.

അമ്മുവിന് പ്രതിബിംബമുണ്ടായിരുന്നില്ല.

എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാത്ത ഗൗരി പതിയെ അവളുടെ അടുത്തേക്ക് ചെന്നു.

ഭയം കാലിന്റെ ചെറുവിരലിൽ നിന്ന് നെറുകയിലെത്തി.
ഊറിവന്ന ഉമിനീർ വലിച്ചിറക്കികൊണ്ട് അവൾ ചിത്രം വരച്ചുകൊണ്ടിരിക്കുകയായിരുന്ന അമ്മുവിന്റെ തോളിൽ വിറക്കുന്ന കൈകൾകൊണ്ട് സ്പർശിച്ചു.

ഉടനെ തിരിഞ്ഞുനോക്കിയ അമ്മുവിനുപകരം മുഖത്ത് രക്തം ഒലിച്ചിറങ്ങി നിൽക്കുന്ന സച്ചിദാനന്ദൻ.
നെറ്റിയുടെ ഇടതുഭാഗം മുഴുവനും രക്തത്താൽ മൂടിയിരുന്നു.

ഘോരമായ ഇടിയും മിന്നലും, കൂടെ ശക്തമായകാറ്റും കീഴ്ശ്ശേരിമനക്ക് മുകളിൽ താണ്ഡവമാടി.

സച്ചിദാനന്ദനെകണ്ടതും ഗൗരി കട്ടിലിലേക്ക് തെറിച്ചുവീണു.

“ഇതുകണ്ടോ ഗൗരി.”
തലുടെ പിൻഭാഗത്ത് വലതുകൈകൊണ്ട് ഒപ്പിയെടുത്ത ചുടുരക്തം ഗൗരിക്ക് മുൻപിലേക്ക് നീട്ടിപിടിച്ചുകൊണ്ട് അയാൾ പറഞ്ഞു.

” ഇതിന് പകരം ചോദിക്കേണ്ടേ, ഞാൻ എന്നെക്കാളേറെ സ്നേഹിച്ച എന്റെ സീതയെ പച്ചക്ക് ഭക്ഷിച്ച നരഭോജികളോട്.”

അയാൾ പറഞ്ഞവസാനിച്ചതും. ഗൗരി ഉറക്കെ നിലവിളിച്ചു.

ശബ്ദം കേട്ട് ശങ്കരൻതിരുമേനിയും അംബികചിറ്റയും മുകളിലെ മുറിയിലേക്ക് ഓടിവന്നു.

“ന്താ… ന്താപറ്റിയേ…”

ശങ്കരൻതിരുമേനി വന്നപ്പോഴേക്കും ഗൗരിയുടെ ബോധം നശിച്ചിരുന്നു.

“അറിയില്ല്യാ മുത്തശ്ശാ, പെട്ടന്ന് ഗൗര്യേച്ചി …”
അമ്മു തെങ്ങിക്കരഞ്ഞു.