“ഹെലോ അഞ്ജലി, വാട്ട് എ സർപ്രൈസ്.”
“ഹാ,ഗൗരി ഓരോതിരക്കിൽ പെട്ടുപോയി. എന്റെ എൻഗേജ്‌മെന്റാണ് ഈ ഞായറാഴ്ച്ച. എല്ലാംപെട്ടന്നായിരുന്നു.
വരാൻ പറ്റില്ല്യന്നറിയാം. എങ്കിലും നിന്റെ പ്രാർത്ഥന കൂടെയുണ്ടാകണം.”
“ഓ, തീർച്ചയായിട്ടും.”
കട്ടിലിൽനിന്നുമെഴുന്നേറ്റ് ഗൗരി കിഴക്കേ ജാലകപ്പൊളിക്കടുത്തേക്ക് വന്നുനിന്നു.
മഴക്ക് ഒരുമാറ്റവുമില്ല ചെറിയതുള്ളികളായി പെയ്തു കൊണ്ടിരിക്കുകയായിരുന്നു.
“നിന്റെ കറുത്തരൂപത്തെ കണ്ടോ നീ ?”
പരിഹാസരൂപത്തിൽ ചോദിച്ച അഞ്ജലിയുടെ ചോദ്യത്തിന് ഗൗരി അതുവരെയുള്ള കാര്യങ്ങൾ ഇടമുറിയാതെ പറഞ്ഞുകൊടുത്തു.
“ന്തായാലും സൂക്ഷിക്കണം അപകടം കൂടെയുണ്ടാകും ഏതുവിധേനയും”
“ഞാൻ ശ്രദ്ധിക്കുന്നുണ്ട് അഞ്ജലി. ഒന്നും സംഭവിക്കില്ല്യാ, ഇനി ഒരു മാസമല്ലേഒള്ളു.”
അഞ്ജലിയോട് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് അമ്മു ഇരിക്കുന്ന കസേരയുടെ നേരെമുൻപിലുള്ള അലമാരയുടെ കണ്ണാടിയിലേക്ക് ഗൗരി യാദൃശ്ചികമായി നോക്കിയത്.
ആ കാഴ്ച്ചകണ്ട അവളുടെ ഹൃദയസ്പന്ദനത്തിന്റെ വേഗത കൂടി.
അഞ്ജലിയോട് സംസാരിക്കാൻ വാക്കുകൾക്കുവേണ്ടി പരതി.
തൊണ്ടയിലെ ജലാംശംവറ്റി വരണ്ടു.
കണ്ണുകളിൽ ഇരുട്ടുകയറാൻ തുടങ്ങി.
കാഴ്ച്ച മങ്ങിയപോലെ തോന്നിയ ഗൗരി മിഴികൾ വലംകൈകൊണ്ട് തിരുമ്മി.
മറുതലക്കൽ അഞ്ജലി ഗൗരിയെ നീട്ടിവിളിക്കുന്നത് അവൾ കേട്ടെങ്കിലും കഴുത്തിന് ആരോ പിടിമുറുക്കിയതായി അനുഭവപ്പെട്ടകാരണം ശബ്ദിക്കാൻ കഴിഞ്ഞില്ല.
വീണ്ടും അവൾ കണ്ണാടിയിലേക്ക് നോക്കി.
അമ്മു കസേരയിൽ ഇരിക്കുന്നുണ്ടെങ്കിലും അലമാരയുടെ കണ്ണാടിയിൽ അവളുടെ സ്ഥാനം ശൂന്യമായിരുന്നു.
പുറത്ത് മഴയുടെ ശക്തിപ്രാപിച്ചുവന്നു.മിന്നലിന്റെ വെളിച്ചം തുറന്നിട്ടജാലകത്തിലൂടെ അകത്തേക്ക് പ്രവേശിച്ചു.