ഓടിന്റെ മുകളിൽ പതിച്ച മഴത്തുള്ളി ബാൽക്കണിയിലൂടെ ക്ഷണിക്കാതെ അകത്തേക്കുപ്രവേശിച്ച് അവളുടെ മുഖത്തുപതിച്ചു.
പെട്ടന്നുള്ള തലോടലിൽ ശരീരമാസകലം കുളിരേകി.
സന്ധ്യാസമയം വരെ മഴ പെയ്തുകൊണ്ടേയിരുന്നു.
പക്ഷെ ഗൗരിയുടെ ചിന്ത പെട്ടന്നുള്ള മുത്തച്ഛന്റെ മാറ്റത്തെക്കുറിച്ചായിരുന്നു.
“മുത്തശ്ശന് ന്താ പറ്റിയെ ?, ഇങ്ങനെയല്ലല്ലോ ന്നോട് സംസാരിക്കാ.”
അവൾ സ്വയം ചോദിച്ചുകൊണ്ട് മുറിയിലേക്ക് എഴുന്നേറ്റുപോയി.
മുറിയിൽ തിരക്കിട്ട ചിത്രം വരയിലായിരുന്നു അമ്മു.
ചിത്രത്തിലേക്ക് സൂക്ഷിച്ചുനോക്കിയ ഗൗരി അതുപോലെയൊരു സംഭവം നടന്നതായി ഓർത്തു.
നാലുഭാഗവും ചുറ്റുമതിൽകെട്ടിയ കുളത്തിൽ ഒരാൾ കമഴ്ന്നുകിടക്കുന്നു.
കുളത്തിന്റെ മുകൾഭാഗത്ത് ജലത്തെ സ്പർശിക്കാതെ നിൽക്കുന്ന ഒരുരൂപം.
“ഈ സംഭവം നല്ല കണ്ടുപരിചയം ണ്ടല്ലോ..?
ന്താ അമ്മു ഇത്. ”
സംശയത്തോടെ ഗൗരി ചോദിച്ചു.
“ഗൗര്യേച്ചി, ഇത് തെക്കേടത്ത് കുളത്തിൽ ഒരാൾ മരിച്ചു കിടന്നില്ലേ, അതാണ് ഞാൻ വരച്ചത്.”
“അപ്പോൾ ഈ രൂപം.”
“ആ..”
അമ്മു കൈമലർത്തി.
“നിനക്ക് വേറെയൊരു പടവും കിട്ടിയില്ലേ വരക്കാൻ. അല്ലെങ്കിലെ മനുഷ്യൻ ടെൻഷനടിച്ചുനടക്കാ.”
കുറച്ചുനേരം അമ്മുവിനോടൊത്ത് സംസാരിച്ചിരുന്ന് ക്ഷീണിച്ച ഗൗരി കട്ടിലിലേക്ക് മലർന്നു കിടന്നു.
വൈബ്രേഷൻ മോഡിലായിരുന്ന തന്റെ ഫോണിൽ വെളിച്ചം കണ്ടപ്പോൾ ഗൗരി ഫോണെടുത്തുനോക്കി.
അഞ്ജലി കോളിങ്.