യക്ഷയാമം (ഹൊറർ) – 17 33

പക്ഷെ അതെവേഗത്തിൽ തിരിച്ചുവന്ന് തിരുമേനിയുടെ കാൽച്ചുവട്ടിൽ ചാരുകസേരയോട് ചേർന്നിരുന്നു.

“മുത്തശ്ശാ, നിക്ക് സീതയുടെ വീടൊന്ന് കാണണം ന്നുണ്ട്. നമുക്കൊന്ന് പോയാലോ..?”

“വേണ്ട.”
ഒറ്റശ്വാസത്തിൽ തിരുമേനിപറഞ്ഞു.

“അതെന്താ..?”

“നീ ആവശ്യമില്ലാത്ത കാര്യത്തിലൊന്നും തലയിടരുത്. ഇനിയതല്ല മറിച്ചാണെങ്കിൽ നിനക്ക് ബാംഗ്ളൂർക്ക്തന്നെ തിരികെ പോകാം.”

“മുത്തശ്ശാ, ഞാൻ ,അതുപിന്നെ”
മുഖം കറുപ്പിച്ചുകൊണ്ട് ഗൗരി നിലത്തുനിന്നുമെഴുന്നേറ്റ് അകത്തെക്കുപോയി.

അടുക്കളയിൽ കാര്യപ്പെട്ട പണിയിലായിരുന്ന അംബികചിറ്റയോട് തന്റെ ആവശ്യം അറീച്ചു.

“അവിടെ ഇപ്പ നാരായണവാര്യരും, അദ്ദേഹത്തിന്റെ ഭാര്യയും മാത്രമേ ഉള്ളൂ.
ഒരു മകനുണ്ടായിരുന്നത് കഴിഞ്ഞദിവസം.
കൃത്യമായിപറഞ്ഞാൽ ബാംഗ്ളൂർന്ന് മോള് വന്നദിവസം അപ്പൂപ്പൻക്കാവിൽ ഒരു മൃതദേഹം കണ്ടില്ലേ, ഒരു ചെറുപ്പക്കാരന്റെ അത് സീതയുടെ സഹോദരനാണ് കുട്ടൻ.”

ചിറ്റയുടെ വാക്കുകൾകേട്ട ഗൗരി അമ്പരന്നു നിന്നു.

“മാനസികമായി എന്തോ കുഴപ്പം ണ്ടായിരുന്നു. ഡോക്ടറെ ഒക്കെ കാണിച്ചു അപ്പോഴൊന്നും കുഴപ്പല്ല്യ, പെട്ടന്ന് വീട്ടീന്ന് ഇറങ്ങിപോകും, ഇതിനുമുമ്പ് ഒന്നുരണ്ടുതവണ ആത്മഹത്യക്ക് ശ്രമിച്ചുന്ന് കേട്ടിട്ടുണ്ട്. അല്ല, മോൾക്ക് എങ്ങനെ ഇവരെയൊക്കെ അറിയാ..?”

അംബികചിറ്റയുടെ ചോദ്യങ്ങൾക്കുള്ള മറുപടികൊടുക്കാതെ ഗൗരി അടുക്കളയിൽനിന്നും പിൻവലിഞ്ഞു.

ഉച്ചഭക്ഷണം കഴിച്ചിട്ട് ഗൗരി ബാൽക്കണിയിലിരുന്ന് ഇതുവരയുണ്ടായ സംഭവങ്ങൾ ഓരോന്നായി ഓർത്തെടുത്തു.

മഴ തുള്ളികളായി ഭൂമിയിലേക്ക് പതിക്കാൻ തുടങ്ങി.
കാർമേഘങ്ങൾ വിണ്ണിനെ മൂടി മനസിനെ ഈറനണിയിക്കുന്ന അന്തീക്ഷം സൃഷ്ട്ടിച്ചു.

ഇളംങ്കാറ്റ് മൂവാണ്ടൻമാവിനെ തഴുകി ബാൽക്കണിയിലേക്ക് ഒഴുകിയെത്തി.

നെറുകയിൽ കെട്ടിവച്ച തന്റെ മുടിയിഴകൾ ഗൗരി പതിയെ അഴിച്ചിട്ടു.