“ഏയ് അല്ല..!”
പുഞ്ചിരിച്ചുതൂവികൊണ്ട് അനി പറഞ്ഞു.
“പിന്നെ ?..”
“ഞാനൊരു റീസേർച്ച് നടത്തുന്നുണ്ട്.
മനുഷ്യന്റെ മനസിനെപ്പറ്റി. തനിക്ക് അതിലൊക്കെ താല്പര്യം ഉണ്ടെന്ന് അറിയാൻ കഴിഞ്ഞു.”
“ഉവ്വ്, ആരാ പറഞ്ഞേ, ഞാനൊരുപാട് ഇഷ്ട്ടപ്പെടുന്ന ഒരു വിഷയമാണ് അത്.”
“നമ്മുക്ക് നമ്മുടെ മുൻജന്മം ആരായിരുന്നു, എങ്ങനെയാണ് മരണപ്പെട്ടത്, എന്നൊക്കെ അറിയാൻകഴിയും. എന്റെ അറിവിൽ ഒരാളുണ്ട്. മാന്ത്രികനാണ്. അദ്ദേഹത്തെ ചെന്നുകണ്ടാൽ ഗൗരിയുടെ മുൻജന്മം ആരായിരുന്നുയെന്ന് അറിയാം.”
“ഉവ്വോ, എവിടെയാഏട്ടാ അദ്ദേഹം.?”
ആകാംക്ഷയോടെ ഗൗരി ചോദിച്ചു.
“നെല്ലിക്കുന്ന് എന്ന ചെറിയ വനത്തിനുള്ളിലാ. ഞാൻ ഇടക്ക് പോകാറുണ്ട്.”
“മ്, എന്നാ ഞാൻ പോട്ടേ, മനക്കല് തിരക്കും.”
“ഓ, ആയിക്കോട്ടെ, അടുത്ത അമാവാസിക്ക് ഞാൻ പോകുന്നുണ്ട് വിരോധമില്ലങ്കിൽ നമുക്ക് ഒരുമിച്ചുപോകാം.”
അനി തന്ത്രത്തിലൂടെ ഗൗരിയുടെ മനസിലേക്ക് കയറിക്കൂടി.
“ഓ, പോകാം..”
ഗൗരി കണ്മറയുന്നത് പുഞ്ചിരിതൂവികൊണ്ട് അനി നോക്കിനിന്നു.
കീഴ്ശ്ശേരിയിലേക്ക് ചെന്നുകയറിയ ഗൗരി ഉമ്മറത്ത് കാലുംനീട്ടിയിരിക്കുന്ന തന്റെ മൂത്തച്ഛനെ കണ്ടു.
“ന്താ വൈകിയേ ?..”കസേരയിൽ നിന്നും നിവർന്നിരുന്ന് തിരുമേനി ചോദിച്ചു.
“ഒന്നുല്ല്യാ മുത്തശ്ശാ,”
ഗൗരി മുഖത്തേക്കുനോക്കാതെ അകത്തേക്കു കയറിപ്പോയി.