“കഞ്ഞി റെഡിയായി ടീച്ചറെ……..അകത്തേയ്ക്ക് വരുന്നില്ലേ”
ബാല്‍ക്കണിയിലേക്ക് തിരികെയെത്തിയ ലളിത ശകുന്തള ടീച്ചറോട് ചോദിച്ചു.
ഓര്‍മ്മകളുടെ തിരമാലകളെ മനസ്സിലേക്ക് മടക്കിവിട്ട് ടീച്ചര്‍ പതിയെ കസേരയില്‍ നിന്നെഴുനേറ്റു.
“എനിക്ക് പുറത്ത് വരെ പോകണം….”
ഒഴിഞ്ഞ ചായ കപ്പ് ലളിതയുടെ കയ്യിലേക്ക് തി രികെ നല്‍കി കൊണ്ട് ടീച്ചര്‍ തുടര്‍ന്നു.
“പോകണം……ഒരു കഥ പറയണം…….
തോറ്റിട്ടും,തോല്‍ക്കാതെ കരയെ തഴുകാനെത്തുന്ന തിരമാലകളുടെ കഥ അവളോട് പറയണം……”
ടീച്ചര്‍ ബാല്‍ക്കണിയില്‍ നിന്ന്‍ മുറിയിലേക്ക് പോയി.
പുറത്തപ്പോള്‍ നഗരത്തിന് പിറകിലെ അനന്തമായ നീലിമയ്ക്കു മുകളില്‍ വെള്ളാരം കല്ലുകള്‍ പോലെ മഴ പെയ്തു തുടങ്ങിയിരുന്നു.
കരയിലെ ഇരുട്ടറയിൽ നിന്ന് പാട്ടുകാരന്‍റെ പ്രണയ സൗരഭ്യം നിറഞ്ഞൊരു ഗാനം കാറ്റായി കടലിന്‍റെ മടിയില്‍ പറന്നിറങ്ങി, പതിയെയത് കടലിന്‍റെ കവിളുകളില്‍ ചുംബിച്ചു.രാജകുമാരിയുടെ ആത്മാവപ്പോള്‍ പ്രണയവും,വേദനയും,പകയും നിറഞ്ഞ തിരമാലകളായി ആഴിയുടെ ആഴങ്ങളിൽ നിന്ന് ഉയർന്ന് പൊങ്ങി.പിന്നെയത് കാറ്റിന്‍റെ താളത്തിനനുസരിച്ച് രൂപവും ഭാവവും മാറ്റി പാട്ടുകാരനെ തേടി കരയുടെ മാറിലേക്ക് ഒഴുകി………..
അഞ്ചല്‍ അരുണ്‍