തിരമാലകളുടെ കഥ 34

“ഹലോ…ടീച്ചർ…..ഇത് ഞാനാണ്..,ഇൻസ്‌പെക്ടർ ജയരാജ്……..ടീച്ചർ പറഞ്ഞത് ശെരിയാണ്…….,അനഘ നല്ല കുട്ടിതന്നെ………..അവളിവിടെ സ്കൂളില്‍ തന്നെ ഉണ്ടായിരുന്നു………അവള്‍ക്ക് ടീച്ചറോട് സംസാരിക്കണമെന്ന്‍….”

ഇന്‍സ്പെക്ടര്‍ സംസാരം അവസാനിപ്പിക്കുന്നതിന് മുന്‍പ്പ് തന്നെ അനഘ ഫോണ്‍ തട്ടിയെടുത്ത് ടീച്ചറിനോട് സംസാരിച്ച് തുടങ്ങി.

“ടീച്ചർ…………..എന്നെ ക്യാമ്പിന് വിടില്ലാന്ന് പറഞ്ഞു…..ഞാൻ ക്യാമ്പിനായി വരച്ച ചിത്രങ്ങളൊക്കെ അമ്മ തീയിലിട്ടു…………എനിക്ക് ക്യാമ്പിന് പോകണം ….. ടീച്ചര്‍ അമ്മയോട് ഒന്ന്‍ പറയുമോ…..പ്ലീസ്…..ടീച്ചർ…………ടീച്ചര്‍ പറഞ്ഞാൽ അമ്മ കേൾക്കും………….എനിക്ക് വരയ്ക്കണം ടീച്ചർ”

സംസാരത്തിനിടയില്‍ ആരോ അനഘയുടെ കൈയ്യില്‍നിന്ന്‍ ഫോണ്‍പിടിച്ച് വാങ്ങാന്‍ ശ്രമിക്കുന്നുണ്ടെന്ന്‍ ടീച്ചര്‍ക്ക് മനസ്സിലായി.പക്ഷെ അപ്പോഴും അവളുടെ സംസാരം ഫോണിലൂടെ ടീച്ചര്‍ക്ക് വ്യക്തമായി കേള്‍ക്കാമായിരുന്നു.

“എന്‍റെ കളർ ബോക്സ്‌ തിരിച്ച് തരാൻ പറയൂ ടീച്ചർ………..എനിക്ക് വരയ്ക്കണം..”

“പ്ലീസ്……വേണ്ട………എനിക്ക് പോകണ്ട…….എനിക്ക് വീട്ടിൽ….പോകണ്ട……എന്നെ….വിടാന്‍….പറയൂ…….ഇല്ല…….തരില്ല…എനിക്ക്…….സംസാരിക്കണം..എന്നെ…….വിടാൻ…എനിക്ക് പോകണ്ട…….”

ഫോണിന്‍റെ മറുതലയില്‍ നിന്ന്‍ അനഘയുടെ നിര്‍ത്താതെയുള്ള കരച്ചിലുകളും,ആക്രോശങ്ങളും ശകുന്തള ടീച്ചര്‍ വ്യക്തമായി കേട്ടു.
എന്താണ് സംഭവിക്കുന്നതെന്നറിയാതെ ടീച്ചര്‍ മൊബൈല്‍ ഫോണും പിടിച്ച് അമ്പരന്ന്‍ നിന്നു.

കുറെ നേരത്തെ ബഹളങ്ങള്‍ക്ക് ശേഷം ഒരു വാഹനം സ്റ്റാര്‍ട്ട്‌ ചെയ്യുന്ന ശബ്ദo ടീച്ചര്‍ കേട്ടു.

ആരൊക്കയോ ചേര്‍ന്ന്‍ അനഘയെ നിര്‍ബന്ധിച്ച് വാഹനത്തിലേക്ക് കയറ്റുകയാണെന്ന്‍ ടീച്ചര്‍ക്ക് മനസ്സില്ലായി.പിന്നെ വാഹനത്തിന്‍റെ ഡോര്‍ ആരോ ശക്തിയോടെ വലിച്ചടയ്ക്കുന്നതും,പിന്നെതയ് അനഘയുടെ കരച്ചിലും പേറി അകലങ്ങളിലേക്ക് പോകുന്നത് ടീച്ചര്‍ ഫോണിലൂടെ നിസഹായതയോടെ കേട്ടുനിന്നു.

സ്കൂളിലെ ആളൊഴിഞ്ഞൊരു പഴയ കെട്ടിടത്തിൽ നിന്നാണത്രെ അനഘയെ പോലീസ് കണ്ടെത്തിയത്.

അവിടെ ചുവരുകള്‍ നിറയെ ചിത്രങ്ങള്‍ ആയിരുന്നു.

കരിക്കട്ടകള്‍കൊണ്ടു,കല്ലുകള്‍കൊണ്ടും അനഘ വരച്ച ചിത്രങ്ങള്‍.

പ്യൂണ്‍ നാരായണനോടൊപ്പം പോയി ശകുന്തള ടീച്ചര്‍ ഓരോ ചിത്രങ്ങളും നടന്ന്‍ കണ്ടു.

അവ്യക്തമായ ചിത്രങ്ങൾക്കിടയിലെ തീയിൽ കത്തിയമരുന്ന ക്യാൻവാസുകളെ നോക്കി നിൽക്കുന്ന പെൺകുട്ടിയുടെ ചിത്രത്തെ നോക്കി ടീച്ചര്‍ കുറെ നേരം നിന്നു.അത് താളം തെറ്റിയ അനഘയുടെ മനസിന്‍റെ കഥ ടീച്ചറോട് പറഞ്ഞു.