തിരമാലകളുടെ കഥ 34

ശകുന്തളയുടെ കൈയ്യിലപ്പോള്‍ ചുവപ്പ് നിറത്തിലൊരു പാവയുണ്ടായിരുന്നു.
അവളത് നെഞ്ചോട്‌ ചേര്‍ത്ത് പിടിച്ചിരുന്നു.

റോഡിലേക്ക് കയറുന്നതിന് മുന്‍പ്പ് ശകുന്തള തിരിഞ്ഞ് നിന്ന്‍ തിരമാലകളെ ഒന്നുകൂടി നോക്കി.പിന്നെ അവള്‍ പതിയെ വലതു കരം നീട്ടി അമ്മയുടെ കൈയ്യില്‍ മുറുക്കെ പിടിച്ചു.

ബസ്സില്‍ അപ്പോഴും തിരക്ക് നന്നെ കുറവായിരുന്നു.

അമ്മയുടെ തോളിലേക്ക് ചാരി കണ്ണുകളടച്ച് കിടക്കുകയായിരുന്നു ശകുന്തള.

ഒരു നീണ്ട നിശബ്‌ദതയ്‌ക്ക് ശേഷം അവൾ അമ്മയോട് ചോദിച്ചു.

“അമ്മാ……..എന്തിനാ….എനിക്കീ പാവ”

“അത് മോള്‍ക്കുള്ള സമ്മാനമാ………ജയിച്ച വിഷയങ്ങള്‍ക്കുള്ള സമ്മാനം.”

അവള്‍ മിഴികള്‍ തുറന്ന്‍ അമ്മയെ നോക്കി.

“അടുത്ത കൊല്ലം നമുക്ക് വലിയൊരു സമ്മാനം വാങ്ങണം…..കണക്കിനും കൂടി ചേര്‍ത്ത്…നാളെമുതല്‍ അമ്മ പുതിയ ജോലിക്ക് പോകുമല്ലോ…പിന്നെ എന്‍റെ മോള്‍ക്ക് ടൃൂഷന് പോകാം…..”

ശകുന്തള അമ്മയുടെ തോളിലേക്ക് ഒന്നുകൂടി ചേർന്ന് ചാരിയിരുന്നു.പിന്നെ പതിയെ അമ്മയുടെ മടിയിലേക്ക് കിടന്ന് സ്നേഹത്തോടെ കെട്ടിപിടിച്ച് ചിരിച്ച് കൊണ്ട് ചോദിച്ചു.

“അപ്പോൾ തിരമാലകൾക്കും അമ്മ സമ്മാനം കൊടുക്കുമോ?……..? തോറ്റതിന്‍റെ സമ്മാനം….!”

“കൊടുക്കണം…….പക്ഷെ…..തോറ്റതിനല്ല………ജയിക്കാനുള്ള സമ്മാനം…”

അമ്മ അവളുടെ തലമുടിയിഴകളിൽ തലോടിക്കൊണ്ട് മറുപടി പറഞ്ഞു.

പുറത്തപ്പോൾ പകൽ രാവിന് വഴിമാറുകയും,മാനത്തൊരു അമ്പിളിവെട്ടം തെളിയുകയും ചെയ്തിരുന്നു.

“ടീച്ചർക്കൊരു ഫോൺ ഉണ്ട്…………”

ലളിത ശകുന്തള ടീച്ചറെ കുലുക്കി വിളിച്ചു.

സ്വപ്നത്തിൽ നിന്നെന്നപോലെ ടീച്ചർ കസേരയിൽ നിന്ന്‍ അമ്പരന്ന്‍ എഴുനേറ്റു.

“ടീച്ചർ ഇന്ന് നേരത്തെ ഉറങ്ങിയോ……….…?ഇൻസ്‌പെക്ടർ ആണെന്ന് തോന്നുന്നു…..കുറെ നേരമായി വിളിക്കുന്നു”.

ലളിത മൊബൈൽ ഫോൺ ശകുന്തള ടീച്ചർക്ക് നേരെ നീട്ടി പിടിച്ചു.

ടീച്ചർക്ക് ഒന്നും തന്നെ മനസ്സിലായില്ല.

അവരുടെ മനസ്സപ്പോഴും വർഷങ്ങൾക്ക് പിന്നിലൊരു ബസ്സില്‍ അമ്മയുടെ മടിയില്‍ മയങ്ങുകയായിരുന്നു.

“ടീച്ചർ……….. ഫോൺ…”

ലളിത ഒന്നുകൂടി ഓർമ്മപ്പെടുത്തി.

ടീച്ചർ കയ്യിലിരുന്ന പാവ ഷെല്‍ഫിന് മുകളിലേക്ക് വച്ചശേഷം ഫോണ്‍ കൈയ്യില്‍ വാങ്ങി.