തിരമാലകളുടെ കഥ 34

പരീക്ഷയുടെ പരാജയം ജീവിതത്തിന്‍റെ പരാജയം ആണോ ?

എല്ലാ ഇരുളു മൂടിയ രാവുകള്‍ക്കുമൊടുവില്‍ തൂവെള്ള നിറമുള്ളൊരു പ്രഭാതമുണ്ടല്ലോ!.പിന്നെയെങ്ങനെ എന്‍റെ മകൾ മാത്രം തോറ്റുപോകും.

അമ്മ ശകുന്തളയെ ചേർത്ത് പിടിച്ച് നെറ്റിയിൽ അമർത്തി ചുംബിച്ചു.പിന്നെ അവളുടെ കണ്ണുകളിലേക്ക് നോക്കി.

“ആരാ പറഞ്ഞെ എന്‍റെ മോള് തോറ്റുന്ന്…എന്‍റെ മോള് തോല്‍ക്കില്ല…….”

ശകുന്തളയുടെ കണ്ണുനീര്‍ തുടച്ച് മാറ്റിയ ശേഷം അമ്മ പെട്ടന്ന്‍ വീടിന് പുറത്തേയ്ക്ക് പോയി.
റോഡ് മുറിച്ചു കടന്ന് അമ്മ അയൽവക്കത്തെ രാധയുടെ വീട്ടിലേക്ക് പോകുന്നതും,തിരികെവരുന്നതും ശകുന്തള ജാലകത്തിലൂടെ നോക്കികണ്ടു.

പുറത്തപ്പോൾ സൂര്യന്‍ ഒരു ദിവസത്തിന്‍റെ ആലസ്യത്തിന് ശേഷം അതിന്‍റെ ഇളം വെയിലാല്‍ ഭൂമിയെ ചുംബിച്ചു തുടങ്ങിയിരുന്നു.

“മോളിതുവരെ കഴിച്ചില്ലേ…?നമുക്ക് ഒരിടം വരെ പോകണം…….”

അമ്മ കയ്യിലിരുന്ന നൂറു രൂപയുടെ നോട്ട് കണ്ണാടിയുടെ അടിയിലേക്ക് വച്ചു.

“ആഹാ ഇങ്ങനെ ഇരുന്നാൽ മതിയോ…നമുക്ക് പോകണ്ടേ……?”

അമ്മയവളെ നിര്‍ബന്ധിച്ച് എഴുനേല്‍പ്പിച്ച് കുളുമുറിയിലേക്ക് കൂട്ടി കൊണ്ടുപോയി.പിന്നെ മുടി കോതി ഒതുക്കി റിബ്ബണിട്ട് പിന്നി കെട്ടി.പൗഡറും, പൊട്ടും തൊട്ടു.

നിരാശയോടെ നില്‍ക്കുന്ന ശകുന്തളയുടെ മുഖം തന്‍റെ കൈകുമ്പിളിലാക്കികൊണ്ട് അമ്മ സ്നേഹത്തോടെ പറഞ്ഞു.

“കണക്കിന് മാത്രമല്ലേ മോള് തോറ്റോളു…………,മറ്റെല്ലാറ്റിനും ജയിച്ചല്ലോ……സാരമില്ല…”

അമ്മ മകളുടെ കയ്യും പിടിച്ച് പുറത്തേയ്ക്ക് ഇറങ്ങി.
ബസിൽ യാത്രക്കാർ നന്നെ കുറവായിരുന്നു.

ബീച്ചിലേക്കുള്ള ടിക്കറ്റ് അമ്മ കണ്ടക്ടറോട് ചോദിക്കുന്നത് ശകുന്തള കേട്ടു.

അവൾ അതിശത്തോടെ അമ്മയുടെ മുഖത്തേയ്ക്ക് നോക്കി.

“നമ്മൾ എവിടായാ പോണേ..?”

“പരീക്ഷ കഴിഞ്ഞിട്ട് എവിടെ കൊണ്ടു പോകാമെന്നാ അമ്മ പറഞ്ഞെ…?”

ബസ്സ് ടിക്കറ്റ് ശകുന്തളയുടെ കയ്യിലേക്ക് വച്ച് കൊടുത്ത് ചെറുതായി പുഞ്ചിരികൊണ്ട് അമ്മ ചോദിച്ചു.

“വേണ്ട……..എനിക്ക് കടൽ കാണണ്ട”

ശകുന്തള പെട്ടന്ന് പറഞ്ഞു.

“മോള് കൊതിച്ചതല്ലേ….ഇതുവരെ കണ്ടിട്ടില്ലല്ലോ?”

“അതിന് ഞാൻ ജയിച്ചില്ലല്ലോ…..തോറ്റുപോയില്ലേ…!”

ശകുന്തളയുടെ മിഴികള്‍ നിറഞ്ഞു തുളുപ്പി.അവളതു മറയ്ക്കാനായി ബസിന്‍റെ ജാലകത്തിലേക്ക് വേഗം മുഖo തിരിച്ച് പുറത്തെ കാഴ്ച്ചകളിലേക്ക് കണ്ണ് പായിച്ചു.

ശകുന്തളയും അമ്മയും കടൽക്കരയിലെ മണൽപരപ്പിൽ നിശബ്ദരായി ഇരുന്നു.

നേർത്തൊരു ഇരമ്പലോടെ തിരമാലകൾ കടല്‍കരയിലേക്ക് ഒഴുകിയെത്തി.

ശകുന്തള യാതൊന്നും ശ്രദ്ധിക്കാതെ മണല്‍പരപ്പില്‍ അലസമായി അവളുടെ പേര് എഴുതുകയും മായ്ക്കുകയും ചെയ്തുകൊണ്ടിരുന്നു.

“മോളൊരു കഥ കേട്ടിട്ടുണ്ടോ……?”

ശകുന്തള അമ്മയുടെ മുഖത്തേയ്ക്ക് നോക്കി.

തിരമാലള്‍ കരയിലേക്ക് വരുന്നത് എന്തിനെന്നറിയുമോ?

ശകുന്തള കൗതുകത്തേടെ കടലിലേക്ക് നോക്കി.
ചെറിയൊരു പുഞ്ചിരിയോടെ അമ്മ കടലിലേക്ക് മിഴികള്‍ പായിച്ച് തിരമാലകളുടെ കഥ പറഞ്ഞു തുടങ്ങി.