തിരമാലകളുടെ കഥ 34

“മനസ്സ് നൊന്ത്‌ പോയതാകും ടീച്ചറെ……..ഒരിത്തിരി മാർക്ക് കുറഞ്ഞതിന് അതിനെ ഇങ്ങനെ വിഷമിപ്പിക്കണമായിരുന്നോ…..കുഞ്ഞു മനസ്സല്ലേ ടീച്ചറെ…….”

ലളിതയുടെ സംസാരം ടീച്ചറില്‍ അദ്ഭുതം നിറച്ചു.

അനഘയ്ക്ക് മാർക്ക് കുറവോ….?

അവളുടെ മാർക്ക് ലിസ്റ്റ് താനും കണ്ടതാണല്ലോ?അവൾക്ക് പ്രയാസമുള്ള കണക്കിനൊഴികെ മറ്റെല്ലാറ്റിനും ഭേദപെട്ട മാർക്ക് ഉണ്ടായിരുന്നുവെന്നത് ടീച്ചര്‍ ഓര്‍ത്തു.

“ബുദ്ധിക്കുള്ള മാർക്കല്ലേ ടീച്ചറെ കിട്ടൂ…….അല്ലാണ്ട് തന്തയുടെയും,തള്ളയുടെയും സ്റ്റാറ്റസ്സിനനുസരിച്ച് മാര്‍ക്ക് വേണോന്ന്‍വച്ചാ………….. അത് വരച്ച പടങ്ങളൊക്കെ തീയിലിട്ടെന്നാ കേട്ടെ…………….മനസ്സ് നൊന്ത് പോയതാ ടീച്ചറെ……..എല്ലാറ്റിനും കാരണം തന്തയും തള്ളയുമാ….”

ലളിതയുടെ സംസാരം അനഘയുടെ രക്ഷിതാക്കളിലേക്ക് തിരിഞ്ഞപ്പോൾ ടീച്ചർ ഊണ് മേശയിൽ നിന്നെഴുനേറ്റ് കൈ കഴുകി തന്‍റെ വായനാ മുറിയിലേക്ക് നടന്നു.

ലളിത പറഞ്ഞതിലെ യാഥാര്‍ത്ഥ്യo ശകുന്തള ടീച്ചര്‍ക്കും കുറച്ചൊക്കെ ബോദ്ധ്യമുണ്ടായിരുന്നു.
സ്കൂളിലെ പരീക്ഷാദിനങ്ങളില്‍ അനഘയെക്കാള്‍ ആകുലരായി അവളുടെ രക്ഷിതാക്കളെ ടീച്ചര്‍ പലപ്പോഴും കണ്ടിരുന്നു.

മത്സരത്തിന്‍റെ ലോകത്ത് മക്കളുടെ കൈപിടിക്കാതെ മുന്നെ ഓടാന്‍ ശ്രമിക്കുന്ന മാതാപിതാക്കള്‍….!

ശകുന്തള ടീച്ചര്‍ ഓര്‍മ്മകളുമായി വായനാമുറിയിലേക്ക് കടന്നു.

അവിടെ നിരവധി ഷെല്‍ഫുകളിലായി പുസ്തകങ്ങൾ കൃത്യമായി അടുക്കി വച്ചിരുന്നു.

ഷെൽഫുകളില്‍ ഒന്നില്‍ നിന്ന്‍ വളരെ പഴക്കം തോന്നുന്നൊരു ചുവപ്പ് നിറമുള്ള പാവ ടീച്ചർ കയ്യിലെടുത്തു.പിന്നെ വളരെ വാത്സല്യത്തോടെ അതിന്‍റെ മുടിയിഴകളില്‍ വിരലോടിച്ചു.

പാവയെ മാറിലേക്ക് ചേർത്ത് പിടിച്ച് ഭിത്തിയിൽ തൂക്കിയിട്ടിരുന്ന ഹാരമണിഞ്ഞ ഫോട്ടോയിലേക്ക് ടീച്ചര്‍ നോക്കി.ആ കാഴ്ച്ചയില്‍ ടീച്ചറിന്‍റെ കണ്ണുകളിലൊരു പ്രകാശം നിറഞ്ഞു.അതിന് അഭിമാനത്തിന്‍റെയും, ആദരവിന്‍റെയും ഛായ ഉണ്ടായിരുന്നു.

തുള്ളിക്കൊരു കുടമായി മഴ പെയ്തിറങ്ങിയൊരു പകല്‍.

കാലം തെറ്റിവന്ന പെരുമഴ പഴയോല കെട്ടിയ ശകുന്തളയുടെ വീടിന്‍റെ മേൽക്കൂരയിൽനിന്ന് ചാണകം മെഴുകിയ മുറിയിലേക്ക് ഒലിച്ചിറങ്ങി.

മുറിയിലാകെ പാത്രങ്ങൾ നിരത്തിയും,മേൽക്കൂരയിൽ പ്ലാസ്റ്റിക്ക് കഷ്ണങ്ങള്‍ തിരുകികയറ്റിയും ശകുന്തളയുടെ അമ്മ മഴയോട് പരിഭവം പറഞ്ഞു നടന്നു. അതിനിടയില്‍ അവര്‍ പലതവണ മകളെ മാറി,മാറി നോക്കി.പലപ്പോഴും സഹായത്തിനെന്നപോലെ ശകുന്തളയെ പേരെടുത്ത് വിളിച്ചു.

ശകുന്തള അതൊന്നു ശ്രദ്ധിക്കാതെ മഴ നനഞ്ഞ് തളർന്നൊരു കിളിയെ പോലെ മുറിയുടെ മൂലയിൽ തല താഴ്ത്തി കുനിഞ്ഞിരുന്നു.