“അയ്യോ……..പൊടിയരി ഉണ്ടോന്ന് നോക്കണമല്ലോ……..? പറഞ്ഞു വന്നത് മറന്നത് പോലെ ലളിത പെട്ടന്ന് തിരിഞ്ഞ് നടന്നു.
അത്തരമൊരു ചോദ്യത്തിലൂടെ ലളിതയുടെ സംസാരം അവസാനിപ്പിക്കാന്‍ ക ഴിയുമെന്ന്‍ ടീച്ചര്‍ക്ക് നന്നായി അറിയാമായിരുന്നു.പക്ഷെ ലളിത കടന്നുപോയിട്ടു അവളുയർത്തിയ ആശങ്കകൾ ടീച്ചറോടൊപ്പം ബാൽക്കണിയിൽ തന്നെ തങ്ങി നിന്നു.
അനഘ…….,അനഘ രഘുറാം……!
ഇന്നലെ വൈകുന്നേരം ചായയുമായി ബാൽക്കണിയിലേക്ക് വന്നപ്പോഴാണ് ലളിത അനഘയെ കാണാനില്ലെന്ന വിവരം ടീച്ചറോട് ആദ്യമായി പറഞ്ഞത്.
രാത്രിയിൽ പോലീസുകാരെത്തി അനഘയെപറ്റി കൂടുതൽ വിവരങ്ങൾ തിരക്കുന്നതുവരെ ലളിതയുടെ പതിവ് വാർത്തകൾക്കപ്പുറമുള്ളൊരു പ്രാധാന്യം ടീച്ചറതിന് നൽകിയിരുന്നില്ല.
അനഘയെ അവസാനമായി സ്കൂളിൽ വച്ച് കണ്ട ദിവസവും,സമയവും പിന്നെ അവളുമായി ബന്ധപ്പെട്ട മറ്റുവിവരങ്ങളും പോലീസ് കാര്‍ കൃത്യമായി ചോദിച്ചറിഞ്ഞു.
അനഘയുടെ ആൺസൗഹൃദങ്ങളെപ്പറ്റിയുള്ള ഇൻസ്‌പെക്ടറുടെ അതിരുകടന്ന ചോദ്യങ്ങൾ ശകുന്തള ടീച്ചറെ തെല്ല് അരിശപ്പെടുത്തുകയും ചെയ്തു.
“അതല്ല….ടീച്ചർ…..,ഇന്നത്തെ കാലത്തെ കുട്ടികളല്ലേ……..…എല്ലാ വഴികളും തിരയണമല്ലോ…….!”
ടീച്ചറുടെ ദേഷ്യത്തെ മയപ്പെടുത്താനായി ഇൻസ്‌പെക്ടർ പറഞ്ഞു.
“ആയിരിക്കാം…കുറ്റപെടുത്തിയതല്ല…..പക്ഷെ…,ഒരു പെൺ കുട്ടിയുടെ മിസ്സിങ്ങിനെ അവളുടെ ആൺ സൗഹൃദങ്ങളുമായി കൂട്ടിയിണക്കാനുള്ള നിങ്ങളുടെ ധൃതി കണ്ടത് കൊണ്ട് പറഞ്ഞതാണ്.”
മേശപ്പുറത്ത് നി ന്ന്‍ തൊപ്പിയെടുത്ത് കൊണ്ട് പുഞ്ചിരിയോടെ ഇൻസ്‌പെക്ടർ സോഫയില്‍ നിന്നെഴുനേറ്റു.
“എല്ലാ ടീച്ചർമാർക്കും അവരുടെ കുട്ടികൾ നല്ലവര്‍തന്നെ…..,എനിവേ താങ്ക്യു ടീച്ചര്‍……ഇഫ് എനി ഡെവലപ്പ്മെറ്റ് ഐ വില്‍ അപ്ഡേറ്റ് യു.”
ഇൻസ്‌പെക്ടർ പടി കടന്ന് പോയിട്ടും ടീച്ചറുടെ മനസ്സില്‍ നിന്നയാളുടെ വാക്കുകൾ കടന്ന് പോയില്ല.
“എല്ലാ ടീച്ചർമാർക്കും അവരുടെ കുട്ടികൾ…, നല്ല കുട്ടികൾ തന്നെ.”
അതെ….,അനഘ ഒരു നല്ല കുട്ടിത്തന്നെയായിരുന്നു.
ചിത്രരചനയും,പാട്ടുമൊക്കയായി അദ്ധ്യാപകര്‍ക്കും,സഹപാഠികൾക്കും പ്രീയങ്കരിയായ അനഘ രഘുറാം.
തന്‍റെ കൊച്ചു കൊച്ച് സ്വപ്നങ്ങളെയും, പരിഭവങ്ങളെയും കവിതകളും,ചിത്രങ്ങളുമാക്കി പാടിയും വരച്ചും പൂമ്പാറ്റയെപോലെ സ്കൂളില്‍ പാറിനടന്നവള്‍.!
എവിടെയായിരിക്കും അവൾ……?എന്താണ് അവൾക്ക് പറ്റിയത്…..?
ശകുന്തള ടീച്ചറുടെ ഉത്തരമറിയാത്ത ചോദ്യങ്ങൾക്ക് ഉത്തരം നൽകിയതും ലളിത തന്നെയായിരുന്നു.