“വരൂ സർ ഞാൻ കാണിച്ചുതരാം.”
വാച്ച് മാൻ ജയശങ്കറിനെയും കൂട്ടി മെസ്സിലേക്ക് നടന്നു.
ഹോസ്റ്റലിലെ എല്ലാ പെൺകുട്ടികളും ഹാളിൽ നിരന്നുനിൽക്കുന്നുണ്ടായിരുന്നു. പലരുടെയും മുഖത്ത് ഭീതിയുള്ളപോലെ ജയശങ്കറിന് തോന്നി.
ഹാളിൽ നിന്ന് പാചകപ്പുരയിലേക്ക് കടക്കുന്ന വാതിൽ വാച്ച് മാൻ പതിയെ തുറന്നു.
എസ് ഐയും സംഘവും പാചകപ്പുരയിലേക്ക് കടന്നു.
അവിടെ ഫാനിൽ ഷാൾ കുരുക്കി ഒരു പെൺകുട്ടി നിലം സ്പർശിക്കാതെ തൂങ്ങിമരിച്ചു കിടക്കുന്നു. മൃതദേഹത്തിന്റെ കണ്ണുകൾ പുറത്തേക്ക് തള്ളി, രണ്ട് കൈകളും ഉടുത്തിരിക്കുന്ന നൈറ്റിയെ വരിഞ്ഞുമുറുക്കി,കയറി നിൽക്കാൻ ഉപയോഗിച്ച സ്റ്റൂൾ നിലത്ത് വീണുകിടക്കുന്നു
“രവി പോസ്റ്റുമോർട്ടത്തിനുള്ള കാര്യങ്ങൾ എന്താണെന്നുവച്ചാൽ ചെയ്യ്.”
“യെസ് സർ.”
ആ മുറിയും പരിസരവും ഒന്നു നിരീക്ഷിച്ചതിനു ശേഷം ജയശങ്കർ പാചകപ്പുരയിൽനിന്നും പുറത്തേക്ക് കടന്നു.
ശേഷം ഹാളിൽ പ്രത്യേകം സജ്ജമാക്കിയ കസേരയിൽ അയാൾ ഇരുന്നു.
“ആരാ ബോഡി ആദ്യം കണ്ടത്.?”
എസ് ഐയുടെ ചോദ്യത്തിന് മറുപടി
നൽകിയത് അവിടത്തെ പാചകക്കാരി സ്ത്രീയായിരുന്നു.
“ഞാനാ സാറേ..”
“ഉം… ഉണ്ടായ സംഭവം ഒന്നു വിശദീകരിച്ചു പറയാൻ കഴിയുമോ.?”
ജയശങ്കറിന്റെ ചോദ്യത്തിനുത്തരം നൽകാൻ വേണ്ടി അവർ അല്പംകൂടി മുന്നിലേക്ക് നീങ്ങിനിന്നു.
“ജോർജെ, ഈ സ്റ്റേമെന്റ് ഒന്ന് എഴുതിയെടുത്തോ ”
അടുത്തു നിൽക്കുന്ന് കോൺസ്റ്റബിൾ ജോർജ്ജ് സ്റ്റേമെന്റ് എഴുതാൻ വേണ്ടി തയ്യാറായിനിന്നു.
“നിങ്ങടെ പേരും അഡ്രസ്സും ഒന്നുപറയ്.”ജോർജ്ജ് അവരുടെ നേരെനിന്നുകൊണ്ടു ചോദിച്ചു.