വൈഗയാണെന്ന് അറിഞ്ഞപ്പോൾ അർജ്ജുന്റെ അധരങ്ങളിൽ നേർത്ത പുഞ്ചിരിവിടർന്നു.
“നീയായിരുന്നോ? ഇതേതാ നമ്പർ.?”
“ഇത് ഫ്രണ്ടിന്റെയാണ്. വാട്സാപ്പ് എടുത്തുനോക്ക് ഞാൻ ഒരു മെസ്സേജ് അയച്ചിട്ടുണ്ട്.
“ഓഹ്.. എടാ, ഞാൻ വീട്ടിലേക്കുപോണവഴിയാണ് എത്തിട്ടു നോക്കാം ഓക്കെ.”
തിരിഞ്ഞു തന്റെ ബൈക്കിന്റെ സീറ്റിൽ തളം കെട്ടിനിൽക്കുന്ന മഴത്തുള്ളിയെ അർജ്ജുൻ ഉള്ളം കൈകൊണ്ട് തുടച്ചുനീക്കികൊണ്ട് പറഞ്ഞു.
“ശരി ഏട്ടാ ലവ് യൂ… ഉമ്മാ..”
“ലവ് യൂ ടൂ…”
ബൈക്കിൽ കയറി ഇരുന്നുകൊണ്ട് അർജ്ജുൻ പറഞ്ഞു.
ശേഷം അയാൾ ബൈക്ക് സ്റ്റാർട്ട്ചെയ്ത് കാക്കനാട്ടെ തന്റെ വീട്ടിലേക്കുതിരിച്ചു.
വൈഗ,
കോളേജിൽ അർജ്ജുവിന്റെ ജൂനിയർ ആയിരുന്നു വൈഗ. തൃശ്ശൂർ സ്വദേശിനി.
കോളേജ് കാലഘട്ടത്തിൽ കവിതയും കഥയും അത്യാവശ്യം പാട്ടുമായി നടന്നിരുന്ന സമയത്താണ് അർജ്ജുവുമായി പ്രണയത്തിലാകുന്നത്.
തുടർന്ന് എൻജിനിയറിങ് പാസായി ഇപ്പോൾ കൊച്ചിയിൽ സ്വകാര്യസ്ഥാപനത്തിൽ സിവിൽ എൻജിനിയറായി ജോലിചെയ്യുന്നു.
പ്രണയം വീട്ടിലറിഞ്ഞു. പക്ഷെ അർജ്ജുവിന്റെ ചുറ്റുപാട് ഇഷ്ട്ടപ്പെടാത്ത വൈഗയുടെ അച്ഛൻ അവളെ ഈ ബന്ധത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. പക്ഷെ ഫലം കണ്ടില്ല. ദിനംതോറും പ്രണയത്തിന്റെ തീവ്രത കൂടിവരികമാത്രമാണ് ചെയ്തത്.
ടൗണിൽ നിന്ന് വലതുവശത്തേക്ക് ഇൻഡിക്കേറ്ററിട്ട് ബൈക്ക് തിരിച്ചതും പിന്നിൽനിന്ന് ശരം വേഗത്തിൽ മറ്റൊരു ബൈക്ക് അർജ്ജുവിന്റെ വലതുവശം ചേർന്ന് കടന്നുപോയിതും, ഒരുമിച്ചായിരുന്നു.
“ആർക്ക് വയുഗുളിക വാങ്ങാനാടാ പന്ന കഴുവേറിയുടെ മോനെ പോകുന്നത്.”
അരിശം മൂത്ത അർജ്ജുൻ അയാളെ ഉച്ചത്തിൽ തെറി വിളിച്ചു. പക്ഷെ നിയന്ത്രണം വിട്ട ആ ബൈക്ക് ഡിവൈഡറിൽ ഇടിച്ചുകൊണ്ട് മറിഞ്ഞുവീണത് നിമിഷനേരത്തിനുള്ളിലായിരുന്നു.