The Shadows Part 1 by Vinu Vineesh
സ്ട്രീറ്റ്ലൈറ്റിന്റെ മഞ്ഞകലർന്ന വെളിച്ചത്തിൽ അൻപതുകിലോമീറ്റർ വേഗത്തിൽ പോകുകയായിരുന്ന അർജ്ജുൻ ഫോൺ ബെല്ലടിക്കുന്നതു കേട്ട് തന്റെ ബജാജ്പൾസർ വേഗത കുറച്ച് അടുത്തുളള ചീനിമരത്തിന്റെ ചുവട്ടിലേക്ക് ഒതുക്കി നിർത്തി.
കാലവർഷം ശക്തിപ്രാപിച്ചതുകൊണ്ടുതന്നെ രണ്ടുദിവസങ്ങളിലായി കനത്ത മഴയായിരുന്നു തെക്കൻ കേരളത്തിൽ.
കാലവർഷക്കെടുതിയിൽ ഉണ്ടായ നാശനഷ്ടങ്ങളുടെ കണക്കുകൾ ശേഖരിച്ച് തക്കസമയത്ത് പ്രശസ്ത വാർത്താചാനലായ ‘ബി ടിവി യിലേക്ക് എത്തിച്ചുകൊടുക്കുന്ന മാധ്യമ റിപ്പോർട്ടറും ക്യാമറമാനും കൂടിയായിരുന്നു അർജ്ജുൻ.
വെളുത്ത് ഉയരംകുറഞ്ഞ ശരീരം.
കട്ടമീശക്കുതാഴെ അടിച്ചുണ്ടിൽ കറുത്ത ഒരു മറുക്. കവിളിൽ തളിർത്ത താടിരോമങ്ങൾ വളരെ നന്നായി ഒതുക്കിവച്ചിട്ടുണ്ട്.
വലതു കൈയിൽ ചുവപ്പും,കറുപ്പും ഇടകലർന്ന ചരടുകൾകൊണ്ടു നിർമ്മിച്ച രക്ഷയെന്നോണം എന്തോ കെട്ടിയിരിക്കുന്നു. കഴുത്തിൽ ഓം എന്ന് ചിഹ്നത്തോടുകൂടിയ ഒരു ചെറിയ സ്വർണത്തിന്റെ മാല.
ഒറ്റനോട്ടത്തിൽ ഇരുപത്തിയെട്ടു ഇരുപത്തിയൊമ്പത് വയസ് തോന്നിക്കുന്ന, കണ്ടാൽ ഒരുതവണകൂടെ നോക്കാൻ തോന്നുന്ന, യുവത്വം തുളുമ്പുന്ന മുഖം.
ബൈക്ക് സ്റ്റാന്റിൽവച്ചു അയാൾ ഇറങ്ങി.
ശേഷം പാന്റിന്റെ പോക്കെറ്റിൽ നിന്നും ഫോണെടുത്തുനോക്കി.
നാല് മിസ്ഡ് കോൾ.
നാഷണൽഹൈവേയിലൂടെ ഹോൺ മുഴക്കി വാഹനങ്ങൾ ചീറിപ്പാഞ്ഞു പോകുന്നുണ്ടായിരുന്നു.
നമ്പർലോക്കുതുറന്ന് മിസ്ഡ്കോൾ വന്ന നമ്പറിലേക്ക് അർജ്ജുൻ തിരിച്ചു വിളിച്ചു.
മറുവശത്ത് ഒരു സ്ത്രീ ആയിരുന്നു.
“ഹലോ, ഒരു മിസ്ഡ് കോൾ കണ്ടു. ആരാ മനസിലായില്ല..”
ചീനിമരത്തിന്റെ ചില്ലകളിൽനിന്നും നെറുകയിലേക്ക് ഇറ്റിവീണ ജലകണികകളെ ഇടതുകൈകൊണ്ടു തട്ടിനീക്കി അയാൾ ചോദിച്ചു.
“ഏട്ടാ ഇതു ഞാനാ വൈഗ.”