രഞ്ജൻ ഗിയർ ഡൗൺ ചെയ്ത്. കാറിന്റെ വേഗത കുറച്ചു. പക്ഷെ മറികടന്നുപോകാൻ ആ കറുത്ത സ്‌കോർപിയോ മടികാണിച്ചു കൊണ്ടേയിരുന്നു.
“അനസേ, ഇത് നമുക്കുള്ള പണിയാണ്.”പുഞ്ചിരിപൊഴിച്ചുകൊണ്ട് രഞ്ജൻ പറഞ്ഞു
“വരട്ടെ സർ. മുന്നോട്ടുള്ള യാത്രക്ക് ഇത് ഉപകാരപ്പെടുമെങ്കിൽ ഈ പണി നമുക്ക് ഏറ്റെടുക്കാം.”
മുൻകൂട്ടി പ്ലാൻ ചെയ്തപോലെ രഞ്ജൻ കാറിന്റെ വേഗതകൂട്ടി. തൊട്ടുപിന്നാലെ സ്‌കോർപിയോയും കുതിച്ചുപാഞ്ഞു. അറുപതിൽ നിന്നും നൂറിലേക്ക് മീറ്റർസൂചി ചെന്നുനിന്നു.
ഹൈവേയിൽനിന്നും രഞ്ജൻ പോക്കറ്റ് റോഡിലേക്ക് കാർ തിരിച്ചു. ആളൊഴിഞ്ഞ ഒരു പറമ്പിലേക്ക് അയാൾ തന്റെ കാർ ഹാൻഡ് ബ്രേക്ക് വലിച്ചിട്ട് കറക്കി നിറുത്തി.
ഓടികിതച്ചുവന്ന സ്‌കോർപിയോ രഞ്ജന്റെ ബെലെനോ കാറിന് സമാന്തരമായി കിതച്ചുകൊണ്ട് വന്നുനിന്നു.
“അപ്പൊ എങ്ങനാ അനസേ, ഒരു കൈ നോക്കിയാലോ?”
സീറ്റ്ബെൽറ്റ് ഊരി രഞ്ജൻ ചോദിച്ചു.
“റെഡി സർ.”
“ആ പിന്നെ ഒരു കാര്യം. കിട്ടുന്നതൊക്കെ തിരിച്ചുകൊടുത്തേക്കണം.അതും പിടിച്ച് തിരികെ വരരുത്.”
“ഹഹഹ്, ഇല്ല സർ.”
“എന്നാൽ വാ”
രഞ്ജനുപിന്നാലെ അനസും ശ്രീജിത്തും പുറത്തേക്കിറങ്ങി.
സ്‌കോർപിയോയിൽ നിന്ന് അഞ്ചുപേർ ഇറങ്ങിവന്നു. ജിമ്മിൽപോയി ഉരുട്ടിയെടുത്ത മസിൽ കണ്ടപ്പോൾതന്നെ ശ്രീജിത്ത് നെടുവീർപ്പിട്ടു.
“എന്താ വിശേഷിച്ച്?”
അവർക്കുനേരെനിന്ന് രഞ്ജൻ ചോദിച്ചു.
“ക്വട്ടേഷനാണ്. ജീവനൊടുക്കാൻ. എന്നാ ഞങ്ങളങ്ങു എടുക്കട്ടേ,”
കൂട്ടത്തിൽ നേതാവ് എന്നുതോന്നിക്കുന്ന ഒരാൾ പറഞ്ഞു.
ശേഷം അയാൾ തന്റെ വലതുകൈ രഞ്ജന്റെ മുഖത്തിനു നേരെ വീശി. പക്ഷെ ഇടതുകൈകൊണ്ട് രഞ്ജൻ തടുത്തു നിറുത്തി മുഷ്ഠി ചുരുട്ടി അയാളുടെ മൂക്കിന് നേരെ ഇടിച്ചു. ഒറ്റയടിക്ക് തന്നെ കട്ടപിടിച്ച രക്തം മൂക്കിൽനിന്നും ഒഴുകിയൊലിച്ചു.
ഈ കഥ വായിക്കാൻ ഒരുപാട് താമസിച്ചു പോയി സൂപ്പർ സൂപ്പർ സൂപ്പർ