അന്ന് രാത്രി തന്റെ സംശയങ്ങൾ വൈഗയുമായിപങ്കുവച്ചു. വൈഗ പറഞ്ഞപ്രകാരം പുതിയ ഇൻവെസ്റ്റിഗേഷൻ ഓഫീസർ ചാർജ്എടുത്താൽ നേരിൽപോയി കാണണമെന്ന് അർജ്ജുൻ തീരുമാനിച്ചു.
××××××××
ആവിപറക്കുന്ന കട്ടൻചായ ചുണ്ടോട് ചേർത്തുകുടിച്ചുകൊണ്ട് ഉമ്മറത്തിരുന്ന് ‘മലയാള മനോരമ ന്യൂസ് പേപ്പർ വായിക്കുകയായിരുന്നു രഞ്ജൻഫിലിപ്പ്.
മണ്ണാർക്കാടുനിന്ന് മൂന്നുകിലോമീറ്റർ മാറി കിഴക്ക് കാഞ്ഞിരം ഭാഗത്ത് ഒന്നരയേക്കർ പറമ്പിൽ സ്ഥിതിചെയ്യുന്ന പഴയ ഓടുമേഞ്ഞ നാടൻ വീട്.
ഉദിച്ചുയർന്ന അരുണ രശ്മികൾ ഭൂമിയെ ചുംബിക്കാൻ സമയം അല്പംകൂടെ മുന്നോട്ടുകടക്കേണ്ടി വന്നു.
തലേദിവസം പെയ്തമഴയുടെ കുളിര് അയാളുടെ ശരീരത്തെ അടിമുടി കോരിത്തരിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു.
കൈയിലുള്ള ചായഗ്ലാസ് തിണ്ണയിൽവച്ചിട്ട് തന്റെ കൈകൾ പരസ്പരം കൂട്ടിയുരുമ്മി അയാൾ ചൂടിനെ ആവാഹിച്ചെടുത്തു.
അപ്പോഴേക്കും ഇളങ്കാറ്റ് അടുത്തുള്ള വൃക്ഷത്തെ തലോടി ഉമ്മറത്തേക്ക് ഒഴുകിയെത്തി.
“രഞ്ജിയേട്ടാ, ദേ ഫോൺ.”
അകത്തുനിന്ന് ഒരു കൈയിൽ ചട്ടുകവും മറുകൈയിൽ ഫോണുമായി സഹധർമ്മിണി ശാലിനി ഉമ്മറത്തേക്ക് കടന്നുവന്നുകൊണ്ട് പറഞ്ഞു.
“ആരാ ശാലു..”
“അറിയില്ല, ഏട്ടന് ഫോൺ കൊടുക്കാൻ പറഞ്ഞു.”
വലതുകൈയിലുള്ള ഫോൺ അയാൾക്ക് കൊടുത്തിട്ട് ശാലിനി തിരിഞ്ഞുനടന്നു.
രഞ്ജൻ ഫോൺ ചെവിയോട് ചേർത്തുവച്ചു.
“യെസ്, രഞ്ജൻഫിലിപ്പ് ഹിയർ. ഹു ഈസ് ദിസ്.?”
“എടോ ഇത് ഞാനാ ഐ ജി ചെറിയാൻ പോത്തൻ. ”
മറുവശത്തുനിന്നുള്ള ശബ്ദംകേട്ട് രഞ്ജൻ ഒന്നു നെടുങ്ങി.
“സോറി സാർ, അറിഞ്ഞില്ല. എന്താ സർ വിശേഷിച്ച്.?”
“താൻ സസ്‌പെൻഷനിലാണെന്നറിയാം. എങ്കിലും തന്നെപോലെ എഫിഷ്യന്റ് ആയ ഉദ്യോഗസ്ഥരുടെ സേവനം ഇപ്പോൾ പോലീസിന് ആവശ്യമാണ്. സോ പ്ലീസ് ചെക്ക് യുവർ ജി മെയിൽ. ആൻഡ് കം ബാക്ക്. ഓക്കെ?”
“യെസ് സർ, വിൽ കോൾ യൂ ബാക്ക്.”
?????????