രോഹിണി 2147

എന്റെ അവശേഷിക്കുന്ന പുസ്തകങ്ങളെയെങ്കിലും രക്ഷിക്കാനായിട്ടാണ്   ഒരു ദിവസം ഞാനവൾക്കു ഒരു നോട്ടുബുക്കും പെൻസിലും വാങ്ങിച്ചു കൊടുത്തത്, അവൾക്കു വരയ്ക്കാനുള്ളതൊക്കെ അതിലായിക്കൊള്ളട്ടെ  എന്ന ചിന്തയിൽ. പിന്നീട് ഞാനതിൽ അവളുടെ കൈ പിടിച്ച് അക്കങ്ങളും അക്ഷരങ്ങളും എഴുതി ചേർത്തു. പതുക്കെ അവൾക്കും ഉത്സാഹമായി. ഹിന്ദിയക്ഷരമാലയാണ് അവൾ ആദ്യം എഴുതാൻ പഠിച്ചത്. ഒരു ദിവസം അവൾ പറഞ്ഞു തനിക്ക് മലയാളം പഠിക്കണമെന്ന്. അവളുടെ ഉള്ളിൽ പഠിക്കാനുള്ള ആഗ്രഹം വളരുന്നത് ഞാൻ കണ്ടു.

അവളുടെ ആയിയെക്കണ്ടപ്പോൾ അവളെ സ്കൂളിൽ അയച്ചുകൂടെ എന്ന് ഞാൻ ചോദിച്ചു.. എന്നാൽ അവർ ആ സംസാരം മനഃപൂർവം ഒഴിവാക്കുന്നതു പോലെയാണെനിക്ക് തോന്നിയത്. എന്തൊക്കെയോ ഒഴിവുകഴിവുകൾ പറഞ്ഞൊപ്പിച്ചു  മുഖത്ത് നോക്കാതെ അവർ ധൃതിയിൽ നടന്നു നീങ്ങി..

ഒരു ദിവസം ഞങ്ങളുടെ പഠിത്തത്തിനിടയിൽ അവൾ പറഞ്ഞു, അവൾക്കു ഒരു അനിയൻ ഉണ്ടാകുവാൻ പോവുകയാണ്..

“അനിയത്തി ആയാലോ?” എന്ന് ചോദിച്ചപ്പോൾ, അനിയൻ തന്നെ വേണമെന്ന് അവൾ തീർത്തു പറഞ്ഞു.

അവളുടെ ആയിയുടെ ദിവസന്തോറും വലുതായി വരുന്ന വയറിനോടൊപ്പം  അവരുടെ ജോലിയും  ദിനന്തൊറും കൂടിക്കൂടി വരുന്നത് ഞാൻ കണ്ടു. പണ്ട് അടുക്കളയിൽ മാത്രമായിരുന്നു പണിയെങ്കിൽ ഇപ്പോൾ മൂന്ന് നിലയുള്ള ആ ഹോസ്റ്റൽ മുഴുവൻ അടിച്ചുവാരിത്തുടക്കുന്നതുൾപ്പെടെ സകല ജോലിയും അവരെക്കൊണ്ടാണ് ചെയ്യിക്കുന്നത്. എന്തോ എനിക്കൊരു വല്ലായ്മ തോന്നി. ഞങ്ങൾ എല്ലാവരും ചേർന്ന് ഇതിനെക്കുറിച്ച്  വാർഡനോട് സംസാരിച്ചു. എങ്കിൽ പിന്നെ  മുറിയും വരാന്തയും മറ്റും പെൺകുട്ടികൾ എല്ലാവരും ചേർന്ന് വൃത്തിയാക്കിക്കൊള്ളണമെന്നായിരുന്നു മറുപടി . പിന്നീട് ആരും അതിനെപ്പറ്റി  സംസാരിച്ചു കണ്ടില്ല…

അതിനടുത്ത ദിവസം ഞാൻ ഓഫീസിൽ നിന്ന് വരുമ്പോൾ രോഹിണിയുടെ ആയി മുറ്റത്തു നിൽപ്പുണ്ടായിരുന്നു.

“ഞാൻ നിങ്ങളെ നോക്കി നിൽക്കുകയായിരുന്നു”

അവർ പറഞ്ഞു.

ഞാൻ ചോദ്യഭാവത്തിൽ മൂളി.

അവർ തുടർന്നു,

“നിങ്ങൾ എല്ലാവരും എനിക്ക് വേണ്ടി സംസാരിച്ചൂന്ന് ഞാൻ അറിഞ്ഞു. അതിന്റെയാവശ്യം ഉണ്ടായിരുന്നില്ല . ഇവിടുത്തെ ജോലിയെല്ലാം ഒറ്റക്ക് ചെയ്തോളാമെന്ന് ഞാൻ തന്നെയാണ്  വാർഡൻനോട്  പറഞ്ഞത്. ഓണർ സർ  (ഹോസ്റ്റലിന്റെ ഓണർ) സമ്മതിച്ചു. അഞ്ചാറ് മാസം ഇതുപോലെ തുടർന്നാൽ നല്ലൊരു തുക കൈയ്യിൽ കിട്ടും. അതുകൊണ്ടു വേണം ഞങ്ങൾക്ക് ഞങ്ങളുടെ നാട്ടിലേക്ക്  തിരിച്ചു പോകാനുള്ള ടിക്കറ്റ് എടുക്കാൻ. പിന്നെ അവിടെ ചെന്ന് ബാക്കി പൈസ കൊണ്ട് ഞങ്ങളുടെ വീടൊന്ന് ശരിയാക്കണം  .. ഇവിടം കൂടാതെ, വേറെയുമൊന്നു  രണ്ടു വീടുകളിൽ പുറം ജോലികൾക്കു രോഹിണിയുടെ ബാബയും പോകുന്നുണ്ട്. വലിയ ചെലവുകൾ വരാൻ പോവുകയല്ലേ?”

ചിരിച്ചുകൊണ്ട് അവർ തന്റെ വയറൊന്നു തടവി.

1 Comment

  1. Nothing to comment. But the story was nice.

Comments are closed.