ചിറകൊടിഞ്ഞ പക്ഷി 11

ചിറകൊടിഞ്ഞ പക്ഷി

Chirakodinja Pakshi Malayalam Story BY VAIKOM VISWAN

പെയ്തിറങ്ങുന്ന മഴത്തുള്ളികള്‍ക്ക് കൂട്ടായ് ഒഴുകിയെത്തുന്ന ഇളംതെന്നല്‍ സ്നേഹയുടെ മുഖത്ത് ഇക്കിളിയിട്ടു കൊണ്ടിരുന്നു. എന്നിട്ടും കാറിന്‍റെ ഗ്ലാസ് അടച്ചു വെക്കാന്‍ അവള്‍ക്കു തോന്നിയില്ല. വയനാട്ടില്‍ നിന്നും ചുരമിറങ്ങിയുള്ള യാത്ര എന്നും അവള്‍ക്കു ഹരമായിരുന്നു.പുറകിലേക്കോടിയൊളിക്കുന്ന വൃക്ഷങ്ങളും, പച്ച വിരിച്ച മൈതാനങ്ങളെ ഓര്‍മ്മിപ്പിക്കുന്ന തേയിലത്തോട്ടങ്ങളും, താഴോട്ടു നോക്കുമ്പോള്‍ കണ്മുന്നില്‍ തെളിഞ്ഞു കാണാനാവാത്ത അഗാധതയും എന്നും അവളെ ഹരം പിടിപ്പിച്ചിട്ടേയുള്ളൂ.എത്ര തവണയിങ്ങിനെ ചുരമിറങ്ങിയെന്ന് സ്നേഹക്കു അറിയില്ല. മനസ്സു വല്ലാതെ വേദനിക്കുമ്പോള്‍ , അല്ലെങ്കില്‍ സ്വന്തം നഷ്ടങ്ങളെ കുറിച്ച് സങ്കടപ്പെടുമ്പോള്‍ അവള്‍ക്കു തോന്നും മറ്റുള്ളവരെ പോലെ തനിക്കും ലോകം ചുറ്റണമെന്ന്.എണ്ണിയാലൊടുങ്ങാത്ത മോഹങ്ങളുടെ അക്കങ്ങള്‍ എന്നും വര്‍ദ്ധിച്ചിട്ടേയുള്ളൂ. ഏഴുവയസ്സു മുതല്‍ കൂട്ടി വെച്ച മോഹങ്ങളില്‍ പലതും സഫലമാവാതെ മണ്ണടിഞ്ഞിട്ടും പിന്നെയും പിന്നെയും പുതിയ മോഹങ്ങളെ അവള്‍ കൂട്ടിവെച്ചു കൊണ്ടേയിരുന്നു.

“ചേച്ചീ, ഇന്നു നമ്മളെങ്ങോട്ടേക്കാ യാത്ര? “ ഉണ്ണിക്കുട്ടന്‍റെ വാക്കുകള്‍ അവളെ ചിന്തകളില്‍ നിന്നുണര്‍ത്തി

ഉണ്ണിക്കുട്ടന്‍ . മൂന്നു വര്‍ഷമായി എപ്പോഴും അവളുടെ കൂടെ ഊരു ചുറ്റാന്‍ നടക്കുന്ന കുഞ്ഞനിയന്‍ . അയലത്തെ ഉഷ ചേച്ചിയുടെയും വാസുവേട്ടന്‍റെയും മകനാണെങ്കിലും, സ്വന്തം അനിയനാണവള്‍ക്ക്. ഉണ്ണിക്കുട്ടനും അങ്ങിനെ തന്നെയാണ്. എല്ലാവരും പറയാറുണ്ട് ഉണ്ണിക്കുട്ടനു സ്നേഹയുണ്ടേല്‍ പിന്നെ അമ്മയും അച്ഛനും വേണ്ടാ എന്ന്. പതിനെട്ട് വയസ്സു കഴിഞ്ഞപ്പോള്‍ സ്നേഹയാണ് അവനെ നിര്‍ബന്ധിച്ച് ഡ്രൈവിംഗ് പഠിക്കാന്‍ അയച്ചത് . അതിനു വേണ്ട പൈസയും സഹായങ്ങളും എല്ലാം കൊടുത്തതും അവള്‍ തന്നെയാണ്.അതു വരെ വാസു ചേട്ടനായിരുന്നു അവളുടെ യാത്രകള്‍ക്ക് കൂട്ടായ് വന്നിരുന്നത്.

“ഇന്നു നമുക്ക് തിരക്കൊഴിഞ്ഞ ഏതെങ്കിലും കടല്‍ തീരത്തേക്ക് പോയാലോ ഉണ്ണീ? “ ചോദ്യഭാവത്തില്‍ കാറിന്‍റെ റിയര്‍വ്യൂ മിററിലൂടേ അവന്‍റെ മുഖത്തേക്ക് നോക്കി അവള്‍ മറുപടിക്കായ് കാത്തിരുന്നു.

സ്നേഹ പറയുന്നതിനു മറുവാക്കില്ലാത്ത ഉണ്ണിക്ക് വേറെ ഒന്നും ചിന്തിക്കാനുണ്ടായിരുന്നില്ല.

“എങ്കില്‍ നമുക്ക് സ്നേഹതീരത്തേക്ക് പോകാം ചേച്ചി. തൃപ്രയാര്‍ അമ്പലത്തിനടുത്തെന്നാ കേട്ടിട്ടുള്ളത്. തിരക്കല്പം കൂടുമെങ്കിലും സായാഹ്നങ്ങളില്‍ അസ്തമയ സൂര്യനും കടലും ഒന്നു ചേരുന്ന സമയത്ത് അവിടെയിരുന്നാല്‍ എത്ര പരുക്കനായ മനുഷ്യന്റ്റെ മനസ്സിലും കവിത ജനിക്കുമെന്നാ എന്റ്റെ കൂട്ടുകാരന്‍ പറഞ്ഞിട്ടുള്ളത്. അപ്പോ പിന്നെ എന്‍റെ ചേച്ചിയുടേ കാര്യം പറയണോ ? ” അവന്‍ കണ്ണാടിയിലൂടെ അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.
ശരിയാണ്. ഓരോ യാത്രയും സ്നേഹക്ക് ഓരോ കവിതകളാണ്. പ്രകൃതിയും,ഋതുക്കളും, മനുഷ്യനും, മണ്ണും ,മലയും, മഞ്ഞും, മഴയും, പുഴയും,എന്നു വേണ്ട സൂര്യനു താഴെയുള്ള ഏതൊരു കാര്യവും സ്നേഹയുടെ വിരല്‍തുമ്പിലൂടേ കവിതയായ് പുസ്തകത്താളുകളില്‍ നിറഞ്ഞവയാണ്.

“ഒത്തിരി ദൂരമില്ലേ ഉണ്ണീ അവിടേക്ക്.? അപ്പോ നാളെയോ മറ്റെന്നാളോ നമുക്കിനി തിരിച്ചു വരാനൊക്കൂ അല്ലേ. ? “

“അതിനെന്താ ചേച്ചി. ലക്ഷ്മി ചിറ്റയുടെ വീട് ഗുരുവായൂരമ്പലത്തിനടുത്തല്ലേ ? മുമ്പ് നമ്മള്‍ അമ്പലത്തിലേക്ക് പോയപ്പോള്‍ ഒരു ദിവസം അവിടെ താമസിച്ചതുമാണല്ലോ. അവിടെ നിന്നും വെറും ഇരുപത്-ഇരുപത്തിമൂന്ന് കിലോമീറ്ററേയുള്ളൂ ഈ പറയുന്ന സ്ഥലത്തേക്ക്.”

ഉണ്ണി വാ താരോതെ പറയുന്നത് അവള്‍ സാകൂതം കേട്ടു കൊണ്ടിരുന്നു.

“എന്നാല്‍ നമുക്ക് ഇപ്പോള്‍ ചിറ്റയുടെ വീട്ടിലേക്കും, അവിടെ ചെന്ന് ഒന്നു ഫ്രെഷായിട്ട് നേരെ സ്നേഹതീരത്തേക്കും പോകാം” അതു പറഞ്ഞിട്ട് സ്നേഹ ഒന്നു കൂടി വിന്‍ഡോ സൈഡിലേക്ക് നീങ്ങി പുറത്തെ കാഴ്ചകളിലേക്ക് മിഴി നട്ടിരുന്നു.മലനാട്ടില്‍ നിന്നും സൈകതഭൂവിലേക്ക് ഒരു യാത്ര. ഹരിതവനങ്ങള്‍ നിറഞ്ഞ കാടുകള്‍ക്കുള്ളില്‍ നിന്നും പഞ്ചാരമണല്‍ നിറഞ്ഞ കടല്‍തീരത്തിലൂടെ കാല്‍നനച്ചു, തിരകളെ കളിയാക്കി ഒരുപാട് ദൂരം ഓടിക്കളിക്കുവാന്‍ ഒത്തിരി തവണ അവളാഗ്രഹിച്ചിരുന്നതാണ്.ഓര്‍ത്തപ്പോള്‍ എന്തിനെന്നറിയാതെ കണ്ണിലെ കാഴ്ച മറച്ചുകൊണ്ട് രണ്ടു നീര്‍ത്തുള്ളികള്‍ അവളുടെ കവിളിലൂടെ ഉതിര്‍ന്നു വീണു. ഹെയര്‍പിന്‍ വളവുകള്‍ ഓരോന്നായ് പുറകിലേക്ക് മാഞ്ഞു പോകുമ്പോള്‍ സ്നേഹയുടെ ഓര്‍മ്മകള്‍ ഒരുപാട് പുറകിലേക്ക് യാത്ര ചെയ്യുകയായിരുന്നു.
പതിനെട്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതുപോലെ ഹെയര്‍പിന്‍ വളവുകളുടെ സൌന്ദര്യം ആസ്വദിച്ചു ചുരം കയറി മുകളിലേക്ക് പോകുമ്പോള്‍ ബ്രേക്ക് നഷ്ടപ്പെട്ട് കുതിച്ചു പാഞ്ഞു വന്ന ഒരു ലോറിയുടെ ചിത്രം മനസ്സിലേക്കോടി വന്നു.

“ഏട്ടാ…” പെട്ടെന്നു അവളറിയാതെ അവളുടെ ഉള്ളില്‍ നിന്നും ഒരു നിലവിളി പുറത്തേക്കു വന്നു. പൊടുന്നനെ ഉണ്ണിയുടെ കാല്‍ ബ്രേക്കിലമര്‍ന്നു.വല്ലാത്തൊരു കുലുക്കത്തോടെ നിന്ന കാര്‍ സൈഡില്‍ പാര്‍ക്ക് ചെയ്തു പെട്ടെന്നു പുറത്തിറങ്ങി. പുറകിലെ ഡോര്‍ തുറന്നു ഉണ്ണി സ്നേഹയെ രണ്ടു കൈകൊണ്ടും പിടിച്ചു കുലുക്കികൊണ്ടു ചോദിച്ചു.

“എന്താ..എന്തു പറ്റി ചേച്ചി”

“ഒന്നുമില്ല…ഒന്നുമില്ല ഉണ്ണീ. പെട്ടെന്നു എന്തോ ചിന്തിച്ചു. വണ്ടിയെടുക്ക് നമുക്ക് വേഗം പോകാം “ വിയര്‍പ്പുമണികളും കണ്ണീര്‍ത്തുള്ളികളും കവിളിലൂടെ ഒലിച്ചിറങ്ങുന്നത് തൂവാല കൊണ്ട് തുടച്ച് സ്നേഹ ഉണ്ണിയോട് പറഞ്ഞു….

1 Comment

Add a Comment
  1. need improvment

Leave a Reply

Your email address will not be published. Required fields are marked *

Malayalam Stories Novels & copy; 2017-2018
%d bloggers like this: