പ്രണയം 35

താന്‍ മാണിക്യം പോലെ നെഞ്ചിലേറ്റി നടന്ന തന്റെ പെണ്ണാണ്‌. അവളുടെ മേല്‍ താന്‍ കെട്ടിപ്പൊക്കിയ എല്ലാ സ്വപ്നസൌധങ്ങളും തന്റെ കണ്മുന്നില്‍ തകര്‍ന്നു വീണിരിക്കുന്നു. കണ്ണില്‍ ഇരുട്ട് കയറുന്നത് പോലെ തോന്നിയ താന്‍ അവിടെ ആ വഴിവക്കില്‍, ആരും കാണാത്ത ഒരിടത്ത് കുറെ നേരം ഇരുന്നു. ജീവിതത്തില്‍ താനിത്രയധികം മാനസികമായി തളര്‍ന്നു പോയ ഒരു ദിവസം വേറെ ഉണ്ടായിട്ടില്ല. സ്വര്‍ഗ്ഗോദ്യാനങ്ങളിലൂടെ ഒരു മാലാഖയായി തന്റെയൊപ്പം പാറിപ്പറന്നു നടന്ന സുഷമയെ തന്നില്‍ നിന്നും ഒരു രാക്ഷസന്‍ തട്ടിക്കൊണ്ടു പോയിരിക്കുന്നു.

അതൊരു തുടക്കം മാത്രമായിരുന്നു. സുഷമയില്‍ തുടങ്ങി ഇങ്ങോട്ട് ഇതുപോലെ എത്രയെത്ര പെണ്‍കുട്ടികള്‍ തന്നെ നിഷ്കരുണം ഉപേക്ഷിച്ചിട്ട് പോയിരിക്കുന്നു! ഒരാളോട് പോലും മനസിലെ അനുരാഗം തുറന്ന് പറയാതെ അപകര്‍ഷതാബോധത്തിന്റെ നിറുകയില്‍ നിന്നുകൊണ്ട് അവരെ നിശബ്ദമായി മാത്രം താന്‍ പ്രണയിച്ചു. പക്ഷെ തന്റെ പ്രണയം സത്യമായിരുന്നു; നിഷ്കളങ്കമായിരുന്നു; മാറ്റമില്ലാത്തതായിരുന്നു. എങ്കിലും ഒരാള്‍ പോലും തന്നെ അറിഞ്ഞില്ല; തന്റെ മനസു കണ്ടില്ല. തന്നെ നോക്കി ഒരു മൃദുസ്മിതം പോലും നല്‍കിയുമില്ല.

എന്നാല്‍ ഇപ്പോള്‍ അത് ജീവിതത്തില്‍ ആദ്യമായി സംഭവിച്ചിരിക്കുന്നു. ഒരു റോസാപുഷ്പം പോലെ മനോഹരിയായ ആ അജ്ഞാത സുന്ദരി തന്റെ കണ്ണുകളിലേക്ക് പ്രേമത്തോടെ നോക്കിയിരിക്കുന്നു. എന്നും താന്‍ കയറുന്ന അതെ ബസില്‍ ഏതോ ഓഫീസിലേക്ക് ജോലിക്ക് പോകുന്നവള്‍ ആണ് അവളെന്ന് മാത്രമേ തനിക്കറിയാവൂ. എത്ര സുന്ദരിയാണ്‌ അവള്‍! സുഷമ മുതല്‍ താനിങ്ങോട്ടു പ്രണയിച്ച ഒരു പെണ്ണും അവളുടെ മുന്‍പില്‍ ഒന്നുമല്ല. ഇത്രയും നാള്‍ തന്നില്‍ നിന്നും താന്‍ മോഹിച്ച സകല പെണ്‍കുട്ടികളെയും ദൈവം മാറ്റിക്കൊണ്ടിരുന്നത് അവസാനം ഇത്ര അമൂല്യമായ ഒരു സമ്മാനം തനിക്ക് നല്‍കാന്‍ വേണ്ടി ആയിരുന്നിരിക്കണം! അല്ലെങ്കില്‍ യാതൊരു മുന്‍പരിചയവും ഇല്ലാത്ത തന്നെ അവള്‍ നോക്കുമോ? നോക്കി പുഞ്ചിരിക്കുമോ?

അടുത്ത ദിവസവും അതിനടുത്ത ദിവസവും, അങ്ങനെ എല്ലാ ദിവസങ്ങളിലും അവളുടെ നോട്ടവും പുഞ്ചിരിയും ഒരു മാറ്റവും ഇല്ലാതെ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ബസില്‍ താന്‍ കയറുമ്പോള്‍ത്തന്നെ അവള്‍ മുന്‍പില്‍ നിന്നും പിന്നിലേക്ക് തന്നെ നോക്കും. അത് കാണുമ്പൊള്‍ ഹര്‍ഷോന്മാദത്തിന്റെ ഉത്തുംഗശൃംഗത്തിലായിരിക്കും താന്‍. തന്നെ മാത്രം നോക്കുന്ന അതിസുന്ദരിയായ പെണ്‍കുട്ടി. മറ്റുള്ള ആണുങ്ങള്‍ ഒക്കെ തന്നെ അസൂയയോടെ നോക്കുന്നത് കാണുമ്പോള്‍ മനസിനുണ്ടാകുന്ന ആ കുളിര്‍മ്മ പറഞ്ഞറിയിക്കാന്‍ പറ്റുന്നതല്ല! വെളുത്ത് ഉയരം കൂടി, നീണ്ട മുടിയുള്ള, നെറ്റിയില്‍ ചന്ദനക്കുറിയും കണ്ണുകളില്‍ കരിമഷിയും എഴുതിയ ആ സുന്ദരിയെ ശ്രദ്ധിക്കാത്ത ഒരൊറ്റ വ്യക്തി പോലും ആ വണ്ടിയില്‍ ഉണ്ടായിരുന്നില്ല. അവള്‍ പക്ഷെ തന്നെ മാത്രമേ നോക്കിയുള്ളൂ; തനിക്ക് മാത്രമേ ആ തൂമന്ദഹാസം നല്‍കിയുള്ളൂ. ബസില്‍ നിന്നും ഇറങ്ങുമ്പോഴും  അവളുടെ കണ്ണുകള്‍ തന്നെ പിന്തുടരും. തന്റെ ദിനങ്ങള്‍ക്ക് മുന്‍പൊരിക്കലും കൈവന്നിട്ടില്ലാത്ത ഉത്സാഹവും മധുരവും!

2 Comments

  1. പോടാ മൈരെ!!

Comments are closed.