Prakasam Parathunna Penkutti Last Part by Mini Saji Augustine
Previous Parts
പ്രോഫസറുടെ ശരീരം അവർ പഠിപ്പിച്ച കോളേജിലും അവരുടെ വീട്ടിലും പൊതു ദർശനത്തിനു വച്ചു. എല്ലാവർക്കും ആ മരണം ഞെട്ടലാണ് ഉണ്ടാക്കിയത്. സമൂഹത്തിലേ വിവിധ തലത്തിലുള്ളവർ അവർക്ക് ആദരാഞ്ജലി അർപ്പിച്ചു.അങ്ങനെ ആ ജീവിതം മണ്ണിനോട് അലിഞ്ഞു ചേർന്നു.
വർഷക്ക് പെട്ടന്ന് തനിക്ക് ആരും ഇല്ലാത്തത് പോലെ തോന്നി. തനിക്ക് ഒരു അമ്മയുടെ സ്നേഹം അവരിലൂടെയാണ് കിട്ടിയത്. അതാണ് ഇപ്പോൾ നഷ്ടമായത്. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.
പ്രോഫസർ അംബികയുടെ അടക്ക് കഴിഞ്ഞ് എല്ലാവരും പോയി. കിഷോറും വർഷയും വർഷയുടെ അച്ഛനും മാത്രമായി വീട്ടിൽ. അവളും അവിടുന്ന് പോവുകയാണ് ഇപ്പോൾ തന്നെ. മാഡത്തിന്റെ റൂമിൽ അവരുടെ വലിയ ഒരു ഛായചിത്രം വച്ചിട്ടുണ്ട്. അവൾ അതിൽ കുറച്ച് നേരം നോക്കി നിന്നു.ജീവനുള്ളതു പോലെ തോന്നി ആ ചിത്രം. പെട്ടന്ന് ഒരു അരക്ഷിത ബോധം അവളിൽ ഉണ്ടായി. അമ്മക്ക് തുല്യം അമ്മ മാത്രം അച്ഛൻ എത്ര സ്നേഹിച്ചാലും ആ സ്നേഹത്തിനു തുല്യമാവില്ല.
കിഷോർ അങ്ങോട്ട് വന്നു.അവൾ വേഗം കണ്ണ് തുടച്ചു. അയാളുടെ വിസിറ്റിങ്ങ് കാർഡും പിന്നെ അയാൾ ഒപ്പിട്ട ഒരു ചെക്ക് ലീഫും അവൾക്ക് കൊടുത്തു.
തനിക്ക് എപ്പോൾ വേണമെങ്കിലും എന്നെ വിളിക്കാം. താൻ എന്റെ നല്ല ഒരു സുഹൃത്താണ്. ഇത് തന്റെ കൂട്ടുകാരിക്കുള്ള എന്റെ ഒരു സമ്മാനം. അവൾ അത് നോക്കിയപ്പോൾ വിശ്വസിക്കാൻ പറ്റിയില്ല. നല്ല ഒരു തുക അതിൽ എഴുതിയിട്ടുണ്ട്.
സാർ ഇത് കൂടുതൽ ഉണ്ട് അവൾ പറഞ്ഞു. സാരമില്ല അധികം ഉള്ളത് അവളുടെ പേരിൽ ബാങ്കിൽ ഇട്ടാൽ മതി. അവളുടെ ഭാവിയിലേക്ക് ഉപകരിക്കും. അയാൾ പറഞ്ഞു നിർത്തി.
മോളേ എന്ന് അച്ഛൻ വിളിക്കുന്നത് കേട്ട് അവൾ ബാഗും എടുത്ത് അച്ഛന്റെ അടുത്തേക്ക് ചെന്നു.
കിഷോർ പറഞ്ഞു ഡോക്ടറുടെ പുണ്യമാണ് ഈ മകൾ. മറ്റുള്ളവർക്ക് വേണ്ടിയുള്ളതാണ് ഇവളുടെ ജീവിതം. നമുക്കൊക്കെ ഒരു പാട് പഠിക്കാനുണ്ട് ഇവളിൽ നിന്ന്. ഡോക്ടർ അഭിമാനത്തോടെ അവളേ നോക്കി ചിരിച്ചു.ഒരു അച്ഛനു കിട്ടാവുന്ന ഏറ്റവും വലിയ അംഗീകരമായിരുന്നു അത്.
എനിക്ക് ഇനിയും ഒരു പാട് ചെയ്തു തീർക്കാനുണ്ട്. അമ്മ തുടങ്ങിവച്ച കൂറേ കാര്യങ്ങൾ. അതെല്ലാം തീർക്കണം. ഉണ്ടായിരുന്നപ്പോൾ ഒരിക്കലും അമ്മയേ മനസിലാക്കാൻ പറ്റിയില്ല. ഇനി എങ്കിലും അമ്മ തുടങ്ങിയ് പൂർത്തിയാക്കിയാൽ അമ്മയുടെ ആത്മാവിനു സന്തോഷമാകും. അത് വേണ്ടതാണെന്ന് വർഷയുടെ അച്ഛനും അത് സമ്മതിച്ചു.