പിച്ചകപ്പൂക്കള്‍ 2132

” ഒന്ന് ധൈര്യമായിരിക്കൂ. മനീഷ നമ്മുടെ സാമീപ്യമാഗ്രഹിക്കുന്നുണ്ടെങ്കിൽ ഇപ്പോൾ തന്നെ യാത്രക്കൊരുങ്ങാം. അനിലിന്റെ സന്തോഷം തന്നെയാണെന്റെയും. വിസാ കാലാവധി ഇനിയും ബാക്കിയുണ്ടല്ലോ. ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ പറയട്ടേ? നാളെത്തന്നെയെത്താൻ കഴിയില്ലേ?”

*   *     *    *

പതിവിലുമധികം തെളിമയാർന്നൊരു നീലാകാശ പ്രഭാതമായിരുന്നു അത്. സർജറി കഴിഞ്ഞ്  ഏകാന്തത നിറഞ്ഞ ഒബ്സെർവേഷൻ കാബിനിൽ കിടക്കുമ്പോൾ, തനിക്ക് കരുതി വച്ചിട്ടുള്ളതിൽ തൃപ്തിപ്പെടുകയും അതുമായി സമരസപ്പെടുകയും ചെയ്യുന്നതിനെക്കുറിച്ചായിരുന്നു മനസ്സിൽ. നിത്യമായി ചെയ്യാറുള്ള പ്രാണയാമ അന്നും ചെയ്യാൻ ശ്രമിച്ചു. തന്നെ കാത്തിരിക്കുന്ന കുടുംബാങ്ങളുടെ ആശങ്കകൾക്കുമപ്പുറത്ത് ഒരു നിശ്ചയദാർഢ്യം മനീഷ ജി കൈവരിച്ചിരുന്നു. വാരണാസിയിൽ, മൺചിരാതുകളിൽ ദീപം തെളിയിക്കുന്ന സന്തോഷവതിയായ പെൺകുട്ടിയെക്കുറിച്ചല്ല, ഗംഗാനദിയിൽ, എവിടേക്കോ ഒഴുകിയകലുന്ന ഒരു കൈകുടന്ന പിച്ചകപൂക്കളെ കുറിച്ചായിരുന്നു അവർ ചിന്തിച്ചത്. പരിഭവങ്ങളൊന്നുമില്ലാതെ ഒരു ചെറിയ പുഞ്ചിരിയുമായി തെളിഞ്ഞ നിലാകാശത്ത് നോക്കിയിരുന്നപ്പോൾ മനസ്സ് പറഞ്ഞു, “അതെ. ഞാനൊരു യാത്ര പോവുകയാണ്. ജീവിതത്തിൽ കാണേണ്ടത് കാണുകയും നേടേണ്ടത് നേടുകയും ചെയ്തുവെന്ന വിശ്വാസത്തോടെ. നേടാത്തതൊന്നും എന്റേതല്ല എന്ന തിരിച്ചറിവോടെ.സർവ്വേശ്വരന്റെ മൗനത്തെ ഞാൻ മനസ്സാവരിച്ചുകഴിഞ്ഞു. കൈനിറയെ  പിച്ചകപൂക്കളും നിറഞ്ഞ മനസ്സോടെയും യാത്രചെയ്യണം”

എന്നാൽ അങ്ങനെയല്ല, ദൈവം നിരുപമ സ്നേഹത്തിന്റെയും പ്രതീക്ഷയുടേയും ഉടയ തമ്പുരാനാണെന്ന് , തനിക്ക് കരുതി വച്ചിട്ടുള്ളത്  സുഗന്ധമാർന്നൊരു പുതുജീവനാണെന്ന് മനീഷ ജി തിരിച്ചറിയുകയായിരുന്നു . ഡോ. ചാങ്ങ് ഒബ്സെർവേഷനിലേക്ക് ഓടി വന്നപ്പോഴായിരുന്നു അത്.

“നോക്കൂ മിസ് മനീഷ ..മൗനിയാണെന്ന് പറഞ്ഞ ദൈവം താങ്കൾക്കെന്താണ് സമ്മാനിച്ചതെന്ന്. യു ആർ ഗോയിംഗ് ടു ബി ഫ്രീ ഫ്രം കാൻസർ!! ഐ ആം ഷുവർ. ശസ്ത്രക്രിയ വിജയിച്ചു. റിപ്പോർട്ട് പോസിറ്റീവാണ്. ചികിത്സ തുടരാം. താങ്ക്സ് ഗോഡ് ആൾമൈറ്റി”  അദ്ദേഹം സന്തോഷത്തോടെ പറഞ്ഞു.

വിശ്വസിക്കാൻ കഴിഞ്ഞില്ല. ഒരു യാത്രയുടെ തയ്യാറെടുപ്പുകളിൽ നിന്ന് ദൈവം സമ്മാനിച്ച ജീവനാളം ഏറ്റുവാങ്ങാൻ മനസ്സിനേറെ സമയമെടുക്കേണ്ടി വന്നു.

ആരോടൊക്കെയാണ് നന്ദി പറയേണ്ടത്. ദൈവമേ മാപ്പ്! അങ്ങെന്നെ കരകയറ്റിയിരിക്കുന്നു! എന്തെന്നില്ലാത്ത ആഹ്ലാദത്തിന്റെ കണ്ണുനീർത്തുള്ളികൾ!

പുറത്ത് കാത്തുനിൽക്കുന്ന കുടുംബത്തോട് ഉച്ചത്തിൽ  വിളിച്ചു പറയണമെന്ന് തോന്നി, താൻ ഈശ്വര ചൈതന്യം ദർശിച്ചുവെന്ന്, രോഗവിമുക്തയായെന്ന്,  കാൻസർ തനിക്കൊരുപാട് പാഠങ്ങൾ നൽകിയെന്ന്, ലോകത്തോട് പറയാൻ തനിക്കേറെയുണ്ടെന്ന്. കാബിനിലെ കണ്ണാടി വാതിലിലൂടെ നോക്കുമ്പോൾ ശരിക്കും അത്ഭുതപ്പെട്ടു. കൂടെ ആഹ്ലാദവും.  കാബിനു പുറത്ത് അനിൽ ജിയും സുനിതാ ദീതിയുംകാത്തുനിൽക്കുന്നുണ്ടായിരുന്നു. കൈ നിറയെ പിച്ചകപൂക്കളുമായി, മുഖത്ത് ആകാംക്ഷ നിറഞ്ഞ്..