പിച്ചകപ്പൂക്കള്‍ 2132

“അടുത്തൊന്നും പോയിട്ടില്ല. പോകണമെന്നുണ്ട്. പല തിരക്കുകൾ. എന്തെങ്കിലും പ്രത്യേകിച്ച്?”

“കുറേനാളായി മനസ്സിൽ കടന്നുകൂടിയ ആഗ്രഹമാണ്. അവിടെ ഒരു രാത്രിയെങ്കിലും കഴിച്ചു കൂട്ടണമെന്ന്. ഓർമ്മകൾ പുതുക്കാനെങ്കിലും..”

ക്ലെമറ്റ് തടസ്സമാകില്ലെങ്കിൽ തീർച്ചയായും മനീഷ. ഒരു ദിവസം നിശ്ചയിച്ചോളു. സന്തോഷമേയുള്ളു ഞങ്ങൾക്ക്. കുട്ടികൾക്ക് അവരുടേതായ തിരക്കുകൾ. ഞാനും സുനിതയും തീർച്ചയായുമുണ്ടാകും”

ഫോൺ വയ്ക്കുമ്പോൾ അനിൽ ജിയോട് പറഞ്ഞ കാര്യം ഒന്നുകൂടിയോർത്തു. ജീവിതത്തിലൂടെ കടന്നു പോയവർ. ഹൃദ്യമായ നിമിഷങ്ങൾ സമ്മാനിച്ചവർ. ഓർമ്മകളാണ് ജീവിതത്തിലെ ആകെ സമ്പാദ്യമെന്ന് അനിൽ ജി തന്നെ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. വിധി ആയുസ്സ് രചിക്കുമ്പോൾ ഒത്തുത്തീർപ്പുകൾ എന്ന നിലയിൽ സമ്മാനിക്കപ്പെടുന്ന ഓർമ്മകളെക്കുറിച്ചും.

കാഠ്മണ്ഡുവിലെ ബാല്യകാലത്ത്, കൂടെ ഓടിക്കളിച്ച് നടന്നിരുന്ന രൂപേഷ് എന്ന ബാലനെക്കുറിച്ച് ഈയിടെയായി പലപ്പോഴും ഓർക്കാറുണ്ട്. താൻ പിച്ചവച്ച് നടത്തിച്ച അയൽപക്കത്തെ കുട്ടി.  ഫ്രോക്കിന്റെ അറ്റത്ത് പിടിച്ചുകൊണ്ട് മുറ്റത്തെ പൂന്തോട്ടത്തിലേക്ക് കൊണ്ട് വന്ന് ചോദിക്കും,

“വെള്ളരിപ്രാവിനെ പിടിച്ചു തരുമോ ദീദി?”

അതിരാവിലെ ഉറക്കമെണീറ്റ് വീട്ടിലേക്ക് വരും,

“സുഷമാന്റി മനിദീദിയെവിടെ?”

തനിക്ക് പഞ്ചതന്ത്രകഥകൾ പറഞ്ഞുതരാൻ മനിദീദി വേണം. ഇംഗ്ലീഷ് പാഠങ്ങൾ പഠിപ്പിക്കാനും.

“മനിദീദി ഈസോപ്പ് കഥയിലെ കുറുക്കച്ചാർ എവിടെയാ ഒളിച്ചിരിക്കണേ?

വേഗം പോയി മരുന്നു കഴിച്ചിട്ട് വന്നാൽ നൃത്തം വയ്ക്കുന്ന മയിലിനെ കാണിച്ചു തരുമോ?”

ഇന്ത്യയിലേക്ക് വരാൻ നേരത്തും ചോദിച്ചു.

” മനിദീദി ഇന്ത്യയിൽ നിന്ന് വരുമ്പോൾ എന്നെയും കൂട്ടിക്കൊണ്ട് പോകുമോ?”

പിന്നീട് കാണുകയുണ്ടായിട്ടില്ല ആ കുട്ടിയെ. ബാലാരിഷ്ടതകളിൽ നിന്നും ആസ്ത്മയിൽ നിന്നും കരകയറുകയുണ്ടായില്ല ആ പാവം. ഓർമ്മകൾ വല്ലാതെ വേദനിപ്പിക്കുന്നു.

ജീവിതത്തിൽ കുളിർമയും ആശ്വാസവും നൽകി കടന്നുപോയവർ, മുറിപ്പെടുത്തലുകൾ സമ്മാനിച്ചവർ. വ്യക്തികളിൽ നിന്നും വ്യക്തികളിലേക്കുള്ള ദൂരമെങ്ങനെയറിയാനാണ്? അതിലും പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്.  ഈയിടെയായി മനസ്സ് എപ്പോഴുമൊരു ആത്മപരിശോധനയിലേക്ക് നയിക്കപ്പെടുകയാണ്. ജീവിതത്തിൽ ആരെയെങ്കിലും താൻ വാക്കുകളാലൊ പ്രവൃത്തിയാലോ മുറിപ്പെടുത്തിയിട്ടുണ്ടോ എന്ന്. ഓടിക്കളിച്ച കാഠ്മണ്ഡുവിലെ ബാല്യത്തിൽ, വാരണാസിയിൽ, കൈക്കുമ്പിൾ നിറയെ പിച്ചകപ്പൂക്കൾ സമ്മാനിച്ച് വീർപ്പുമുട്ടിക്കുന്ന സൗഹൃദങ്ങൾ നൽകിയ ഡൽഹിയിൽ, അല്ലെങ്കിൽ ഹൃദയം മുറിപ്പെടുമ്പോൾ ആരുംകാണാതെ പൊട്ടിക്കരഞ്ഞ് സമാധാനിക്കാം എന്ന ജീവിത യാഥാർത്ഥ്യം പഠിപ്പിച്ച മുംബൈയിൽ. മനസ്സാക്ഷിയെ സുതാര്യമായി കാത്തു സൂക്ഷിക്കാൻ താൻ ശ്രമിക്കുകയായിരുന്നല്ലോ. എന്നിട്ടും ദൈവമേ! എന്തേയിത്ര മൗനം? എന്റെ പ്രാർത്ഥനകളൊന്നും കേൾക്കാതെ..