പിച്ചകപ്പൂക്കള്‍ 2132

ബംഗ്ലാവിലിരുന്ന് മടുക്കുമ്പോൾ ഞങ്ങൾ കൗമാരത്തിന്റെ പ്രസരിപ്പോടെ  ക്ഷേത്രാങ്കണങ്ങളിലൂടെയും ഇടവഴിത്താരകളിലൂടെയും നടക്കും. ചിലപ്പോൾ, ദുപ്പട്ടകൾ കാറ്റിൽ പറന്ന്, ഹൃദയത്തിൽ പ്രതീക്ഷകളുമായി ആഹ്ലാദത്തോടെ ഓടുകയുമായിരിക്കും.

പൂവ് വിൽക്കുന്ന ബാസന്തിമൗസി വിളിച്ചു പറയും,

” കുട്ടികളേ പൂക്കൾ വേണമെങ്കിൽ വേഗം വരണേ.. തീരാറായിട്ടോ ”

പിച്ചകമൊട്ടുകൾ കൊണ്ട് ഹാരമുണ്ടാക്കാൻ എന്നെക്കാളും വേഗമാണ് ദീപാലിക്ക്.

“ഒരു കാര്യമറിയണോ മനീ.. ഈ തെക്കേയിന്ത്യിലെ പെൺകുട്ടികളുണ്ടല്ലോ.  അവരീ ഹാരം തലയിൽ ചൂടും. എന്ത് ഭംഗിയാന്നറിയോ! അവർ കല്യാണത്തിന് എന്ത്മാത്രം പൂക്കളാ തലയിൽ ചൂടുന്നത്!”

” അതേയോ?”

ദക്ഷിണേന്ത്യയിലെ, പിച്ചകപ്പൂക്കൾ നിറഞ്ഞ കടും നിറത്തിലുള്ള കല്യാണരാവുകളെപ്പറ്റി പറഞ്ഞ് ഞങ്ങൾ രസിക്കും.

വർഷങ്ങൾക്കിപ്പുറം കടും നിറത്തിലുള്ള ജീവിതചിത്രങ്ങൾ മങ്ങിയിരിക്കുന്നു. പിച്ചകപ്പൂക്കളും അതിന്റെ സുഗന്ധവും അവശേഷിച്ചു. നാനാർത്ഥങ്ങളുള്ള ആ വാക്ക് ഞാൻ സ്വയം കണ്ടെത്തിയിരിക്കുന്നു,

‘ഖാമോഷി’.

അഭ്രപാളികളിൽ എന്നപോലെ ജീവിതത്തിലും നിറഭേദങ്ങളുണ്ടായിരിക്കും.

അഭിനയിച്ചു തീർക്കേണ്ട വേഷങ്ങളിലും അന്തരമുണ്ടാകും. നിസ്സഹായതയിൽ, ആവുന്നത്ര ശക്തി സംഭരിച്ച് ഒരു മഹാരോഗത്തോട് പടപൊരുതേണ്ടി വരുന്ന ഏകാകിനിയുടെ വേഷവും അതിലൊന്നാകാം.

അഭ്രപാളിയിലെ നിറച്ചാർത്തുകളില്ലാതെ, അരികിൽ മന്ദഹാസം നിറഞ്ഞ മുഖങ്ങളൊന്നും കാണാനിടയില്ലാതെ, പരിഭവങ്ങൾ പറയാനില്ലാതെ, ഉപചാരങ്ങളെല്ലാം മാറ്റി നിർത്തിക്കൊണ്ട് ഏകാന്തതയിൽ തെളിമാനം നോക്കിയിരിക്കുന്ന താൻ. മുൻപിൽ അവ്യക്തത. കുറച്ചു പിച്ചകപ്പൂക്കൾ. അത്രമാത്രം.

ഏകാന്തതയുടെ പാരമ്യത്തിൽ മനസ്സൊന്ന് കുളിർക്കുകയാണെങ്കിൽ, അരികിലെ പുസ്തകത്താളിൽ വെറുതെ കുറിക്കാം,

” മേരോ ഹൃദയ് ധൂലോ ബിഹാനികോ ഫൂൽകോ രൂപ്മ താജാ ഛ്”

അമ്മ ഡൈനിംഗ് ഹാളിൽ നിന്നു ചോദിച്ചു,

” മനിയാ, തിമി ത്യോഹാം ഛോ? അനിൽജിലെ തപായിലായി ഫോൺ ഗരിരഹകോ ഛ്”

“ഹാജുർ മാ. താങ്ക് യു”

ഡൈനിംഗ് റൂമിലേക്ക് വന്ന് ഫോൺ അറ്റന്റ് ചെയ്തു. അനിൽ ജി എപ്പോഴും മൗനത്തിന് വില നൽകിക്കൊണ്ടാണ് സംസാരിക്കാറുള്ളത്. പക്ഷെ എപ്പോഴുമുള്ള സ്നേഹാർദ്രമായ “മനീഷാ..” എന്ന നീട്ടി വിളി. എന്തുകൊണ്ടൊ അതുണ്ടായില്ല. വാക്കുകളിൽ നിശബ്ദത നിഴലിച്ചിരുന്നു.

” ഹൗ ആർ യൂ മനീഷാ? ഫീലിംഗ് ബെറ്റർ?”

” യെസ് അനിൽ ജി. ബെറ്റർ. മെനി താങ്ക്സ്”

“കാഠ്മണ്ഡുവിൽ വന്നു കാണാൻ മനസ്സില്ലാഞ്ഞിട്ടല്ല. എനിക്കറിയാമല്ലൊ. ഈ ഘട്ടത്തിൽ ഏതൊരാൾക്കും ഏകാന്തത ആവശ്യമാണെന്ന്. പരിതസ്ഥിതിയോട് പൊരുത്തപ്പെടാനും, പുതിയ തയ്യാറെടുപ്പുകൾ നടത്താനും”