പിച്ചകപ്പൂക്കള്‍ 2132

പിച്ചകപ്പൂക്കള്‍

Pichakapookkal Author: Hareesh Babu

പ്രിയപ്പെട്ട മനീഷാ ദീദി,

വരുവാനുള്ളത്  ആഹ്ലാദത്തിന്റെയും സമാധാനത്തിന്റെയും പുതുവർഷമായിരിക്കട്ടെയെന്ന് ഹൃദയംഗമായി ആശംസിക്കുകയാണ്. പൂർണ്ണ ആരോഗ്യവതിയായി നിർമ്മലമായ ആ പുഞ്ചിരിയോടുകൂടി ദീദി ഞങ്ങളുടെയടുത്തേക്ക് മടങ്ങിവരുന്ന  സുദിനത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു. ദീദിയെക്കുറിച്ച് അജയ് ഇന്നലെയും കൂടി ചോദിച്ചു. ഞങ്ങളുടെയെല്ലാവരുടെയും പ്രാർത്ഥന എന്നുമുണ്ടാകും. ബാൽക്കണിയിൽ ഞങ്ങൾ തന്നെ പരിപാലിച്ച ഒരു കൈകുടന്ന നിറയെ പിച്ചകപ്പൂക്കൾ ഇതിനോടൊപ്പം അയക്കുന്നു. ദീദിക്ക് ഏറെ ഇഷ്ടമുള്ളവയാണല്ലോ അവ. ജീവിതത്തിലെ ഓരോ നിമിഷത്തേയും സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ.

എന്ന്  ദീദിയുടെ സ്വന്തം,

കാജോ.

രാവിലത്തെ ചെറിയൊരു ചാറ്റൽ മഴക്ക് പിന്നാലെ നേർത്ത സൂര്യ രശ്മികൾ ബാൽക്കണിയിലേക്ക് പതിക്കുമ്പോൾ, ചിത്രപ്പണികളോടു കൂടിയ പഴയ ചെമ്പ് വെയ്സിൽ പിച്ചകപ്പൂക്കൾ നിറച്ചു വയ്ക്കും. അതിന്റെ സൗരഭ്യത്തിൽ ദൂരെ തെളിമാനം നോക്കിയിരിക്കാൻ എന്തിഷ്ടമാണ്! ബി.പി.ദാദാ പറയുമായിരുന്നത് വെറുതെയോർത്തു. രാഷ്ട്രീയ പ്രക്ഷുബ്ധതയിൽ നിന്നും പിരിമുറുക്കങ്ങളിൽ നിന്നും വീട്ടിലേക്ക് ഓടിയെത്തിയിരുന്നത് മൺകൂജയിലെ തണുത്ത ജലത്തിനും വീടാകെ തങ്ങിനിൽക്കുന്ന പിച്ചകസുഗന്ധം തേടിയുമായിരുന്നുവെന്ന്. എല്ലാ പൂക്കളേയും തനിക്കിഷ്ടമില്ലാതെയല്ല. എന്നാൽ ഇവ ജീവിതത്തോട് ചേർന്നൊഴുകുന്ന സമാന്തര രേഖകളായി തീർന്നിരിക്കുന്നു. മനസ്സിന് ആർജ്ജവം നൽകുന്നു. ഏകാന്തതയിൽ തനിക്ക് ലഭിക്കുന്ന നിരവധി മന്ദഹാസങ്ങളാകുന്നു. ഈ ഘട്ടത്തിലും പ്രതീക്ഷകളെ കൈ വെടിയാതെ ഹൃദയത്തോട് ചേർത്തു നിർത്താൻ സഹായിക്കുന്നു.

ദൈവമേ, കുറച്ചുകാലം കൂടി എനിക്കീ പൂക്കളുടെ ഭംഗിയും സുഗന്ധവും ആസ്വദിക്കാൻ കഴിയുമോ? അല്ലെങ്കിൽ വാരണാസിയിൽ, തണുത്ത കൽപ്പടവുകളിലൂടെ ഗംഗയിലേക്കോടിയിറങ്ങുന്ന സൽവാറും കമ്മീസും ധരിച്ച ആ പഴയ പെൺകുട്ടിയാകുവാൻ ഇനിയൊരിക്കലെങ്കിലും എനിക്കാകുമോ? അതോ, നിശബ്ദയായി, മനസ്സിൽ താലോലിച്ച  വേഷങ്ങളെല്ലാം ഉപേക്ഷിച്ച് എല്ലാവരോടുമായി യാത്ര പറഞ്ഞ്…

ശിശിരകാലത്തെ തണുത്ത സായാഹ്നങ്ങളിൽ , വാരണാസിയിലെ ക്ഷേത്രങ്ങളിൽ മന്ത്രോച്ചാരണമുയരുമ്പോൾ കൂട്ടുകാരി ദീപാലിയുമൊത്ത് ഗംഗാനദിയുടെ കൽപ്പടവുകളിറങ്ങുമായിരുന്നു. ചെരുപ്പുകൾ അഴിച്ച് വച്ച്, കൊലുസുകൾ കൊണ്ട് ശബ്ദമുണ്ടാക്കി, നദിയിലേക്കിറങ്ങി കൈകൾ കൊണ്ട് കുഞ്ഞോളങ്ങളുണ്ടാക്കും. മൺചിരാതുകളിൽ ദീപം തെളിയിക്കും. അവിടെ നിന്ന് നോക്കിയാൽ ദൂരെ ക്ഷേത്രങ്ങൾക്കു മുകളിലെ പാറിപ്പറക്കുന്ന കൊടികൾ കാണാം. ശംഖനാദം കേൾക്കാം. സൂര്യാസ്തമന സമയത്തെ ചെമ്മാനം കാണാം.