എന്ന് പറഞ്ഞു കൊണ്ട് കൈകൊണ്ട് അതിനെ എറ്റുത്ത് മുറ്റത്തേക്ക് വലിച്ചെറിയുകയും ഒന്നും സംഭവിക്കാത്തതു പോലെ സുമതി അടുക്കളയിലേക്ക് കയറിപ്പോവുകയും ചെയ്തു.
രാത്രി വൈകിയെത്തിയ പുരുഷോത്തമന്‍ നായര്‍ ഇടയ്ക്ക് മകന്‍ പഴുതാരയെ സ്വപ്നം കണ്ട് പേടിച്ച് കരയുന്ന മകനെ ചേര്‍ത്ത് കിടത്തുകയും പപ്പയുള്ളപ്പോള്‍ ഒരു പഴുതാരയും നിന്റെയടുത്ത് വരില്ലെന്ന് ധൈര്യം കൊടുക്കുകയും ചെയ്തു.
.
മുറ്റത്തും പറമ്പിലും ഒക്കെ പഴുതാരകളുടെ എണ്ണം വര്‍ദ്ധിക്കുന്നത് പുരുഷോത്തമന്‍ നായര്‍ കാണാതിരുന്നില്ല. വിവരം ഭാര്യ് സുമതിയെ അറിയിക്കുകയും മുറ്റത്തും വരാന്തയിലുമൊക്കെയായി നട്ടു നനച്ചിരിക്കുന്ന ചെടിച്ചട്ടികള്‍ പുറത്തേക്ക് മാറ്റാന്‍ ജോലിക്കാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍നല്‍കുകയും ചെയ്തിട്ടാണ്‍ പുരുഷോത്തമന്‍ നായര്‍ ഓഫീസിലേക്ക് പോയത്. ഓഫീസില്‍ പോകാന്‍ ഗേറ്റില്‍ എത്തിയപ്പോഴാണ്‍ മുകുന്ദന്‍ നായര്‍ പുതിയ ഏതോ ചെടിയുടെ വിവരങ്ങളുമായി വീട്ടിലേക്ക് വരുന്നത്. കുശലങ്ങള്‍ ചോദിച്ച് മറ്റൊന്നും മിണ്ടാതെ അയാള്‍ പടികളിറങ്ങി.
ഓഫീസില്‍ വളരെ തിരക്ക് പിടിച്ച് കാര്യങ്ങള്‍ ചെയ്തു കൊണ്ടിരിക്കുമ്പോഴാണ്‍ ഫയലുകള്‍ക്കിടയില്‍ നിന്ന് ഒരുപഴുതാര പതിയെ തയയുയര്‍ത്തി നോക്കുന്നത് പുരുഷോത്തമന്‍ നായരുടെ ശ്രദ്ധയില്‍ പെട്ടത്. അയാള്‍ പതിവിലധികം ഒച്ചയെടുത്തു കൊണ്ട് ഗോവിന്ദന്‍ നായരെ വിളിക്കുകയും പഴുതാര വന്നതിനെ കുറിച്ചും ക്ലീന്‍ ചെയ്യാത്തതിനെ കുറിച്ചും ഏറെ നേരം സംസാരിച്ചു.
“സര്‍ അത് പഴുതാരയൊന്നുമായിരുന്നില്ല. ഫയലുകള്‍ എല്ലാം തന്നെ പൊടിപിടിക്കാതെയുമുണ്ട് സാര്‍ . അവിടെയൊക്കെ നോക്കിയെങ്കിലും ഒറ്റ പഴുതാര പോലുമുണ്ടായില്ല സാര്‍ . സാധാരണ ഈര്‍പ്പമുള്ളിടങ്ങളിലാണ്‍ പഴുതാരകളെ കാണുക”
ഗോവിന്ദന്‍ നായര്‍ അയാളുടെ മനസ്സിനെ ഒന്ന് ശാന്തമാക്കാന്‍ ശ്രമിച്ചു.
അയാള്‍ ഒന്നും മിണ്ടാതെ നോക്കിക്കൊണ്ടിരിക്കുന്ന ഫയലില്‍ ചുവനന്‍ പേന കൊണ്ട് വെറുതെ ഒരു പഴുതാരയുടെ നീളമുള്ള ചിത്രം വരച്ചു. കുറച്ച് നേരം കൂടി ഓഫീസിലിരുന്ന ശേഷം ഒരാഴ്ചാത്തെ ലീവ് എഴുതി ക്കൊടുത്ത് പുരുഷോത്തമന്‍ നായര്‍ ഓഫീസില്‍ നിന്നിറങ്ങി.
ടൌണിലിറങ്ങി പഴുതാരകളെ നശിപ്പിക്കാനുള്ള മരുന്നുകളെ കുറിച്ച് മെഡിക്കല്‍ സ്റ്റോറുകളിലും സ്റ്റേഷനറികടകളിലും അന്യേഷിച്ചു നടന്നു. പലരും പലതരം മെഡിസിനുകള്‍ കൊടുത്തെങ്കിലും അയാള്‍ക്ക് ഒന്നിലും തൃപ്തി തോന്നിയില്ല മാത്രവുമല്ല ‘ഫെര്‍ഗു’ മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് സെയിത്സ്മാന്‍ പറഞ്ഞത്
“ പഴുതായരയല്ലേ സാര്‍ അത് ഒന്ന് രണ്ട് ദിവസം കൊണ്ട് പോയിക്കോളും.”
“അത് നീയാണോ തീരുമാനിക്കുന്നതെന്ന്’ കയര്‍ക്കാനും പുരുഷോത്തമന്‍ നായര്‍ തയ്യാറായി. അയാളുടെ മനസ്സില്‍ നീളന്‍ പഴുതാരകളപ്പോള്‍ ഇഴഞ്ഞ് നടന്നു കൊണ്ടേയിരുന്നു. അയാളപ്പോളോര്‍ത്തത് ‘കുഞ്ഞു മോനേ പഴുതാര ഉപദ്രവിക്കുമോ? സുമതിയുടെ വെളുത്ത് ഭംഗിയുള്ള കാല്‍ വിരലുകളില്‍ പഴുതാര നടന്നു കയറുമോ..
ഓര്‍ക്കുമ്പോള്‍ അയാള്‍ക്ക് എത്രയും പെട്ടെന്ന് വീട്ടിലെത്താനും എല്ലാ പഴുതാര ക്കൂട്ടങ്ങളേയും ചുട്ട് ചാമ്പലാക്കാനും തോന്നി. നിനച്ചിരിക്കാതെ കൃഷിയാപ്പീസറുമായി സംസാരിക്ക്കുന്നതിനിടയില്‍ ഒരു പഴുതാര അയാളുടെ കാലിനിടയിലൂടെ ഷൂസിലേക്ക് കയറി പതിയ അയാളുടെ കാലിലേക്ക് കയറാന്‍ തുടങ്ങി. കൃഷിയാപ്പീസറതിനെ തട്ടിക്കളഞ്ഞു കൊണ്ട് ഇതൊക്കെ പതിവുള്ളതല്ലേന്ന് ചിരിക്കുകയും ചെയ്തു.
“ഏട്ടനെന്താ ഈ വെപ്രാളപ്പെടുന്നേ..മുറ്റത്തും പറമ്പിലുമൊക്കെ മരുന്നു തളിച്ചല്ലോ.. എല്ലായിടവും വൃത്തിയാക്കിയിടുകയും ചെയ്തു. ഇനി യിപ്പോള്‍ പഴുതാരയെ പേടിക്കേണ്ടല്ലോ..പോരാത്തതിന്‍ പഴുതാരകള്‍ അത്ര വലിയ ഉപദ്രവകാരികളൊന്നുമല്ലേട്ടാ..”
അതിനിടയിലാണ്‍ സാമ്പത്തീക മാന്ദ്യം അനുഭവിച്ച് കൊണ്ടിരുന്ന അമേരിക്കയില്‍ നിന്ന് തെക്കേടത്തെ വാസുക്കുട്ടനും കുടുംബവും നാട്ടില്‍ തിരിച്ചെത്തിയത്. ഇനി കുറേക്കാലം ഇവിടെജീവിക്കാലോ പുരുഷട്ടാന്ന് വന്നതിന്റെ പിറ്റേദിവസം ഇടവഴിയില്‍ വച്ച് കണ്ടപ്പോള്‍ വാസു ക്കുട്ടന്‍ പറയുകയും ചെയ്തു. പുരുഷോത്തമന്‍ നായര്‍ അപ്പോള്‍ വെറുതെ ചിരിക്കുകയും ചെയ്തു. രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ്‍ അമേരിക്കയില്‍ നിന്ന് കൊണ്ട് വന്ന വളര്‍ത്തു മത്സ്യങ്ങള്‍ കേരളത്തിലെ സാദാ ഭക്ഷണം കഴിച്ച് വണ്ണം വയ്ക്കുന്നതും പ്രവചനാതീത്മായി വളരുന്നതും വാര്‍ത്തയായത്. സുമതി അപ്പോള്‍ പറയുകയും ചെയ്തു,
“വാസുക്കുട്ടന്‍ എവിടെയായലും പേരും പ്രശസ്തിയും തന്നെ. ദാ കണ്ടില്ലേ;.. വെറുതെ കിടന്നോരു മീന്‍ ഇപ്പോള്‍ തടിച്ചുരുണ്ട് ഒരു നാലു വയസ്സുള്ള കുഞ്ഞു പോലുണ്ട്. ഇപ്പോഴതിനെ വട്ടക്കുളത്തിലിട്ടേക്കുകയാണ്‍”
ദിനം പ്രതി വണ്ണവും ഉയരവും കൂടുന്ന അമേരിക്കന്‍ മത്സ്യം നാടിനും നാട്ടാര്‍ക്കും ആപത്താണെന്ന് മനസ്സിലാക്കാന്‍ അധികം താമസമൊന്നുമുണ്ടായില്ല. അതിനു പുറകെ വാസുക്കുട്ടന്‍ മത്സ്യ സംരക്ഷകരുടേയും ഒപ്പം സര്‍ക്കാര്‍ സംവിധാനങ്ങളുടേയും പുറകെ ഓടി ഓടി അതിനെ വെടിവച്ച് കൊല്ലാനുള്ള ഉത്തരവുണ്ടക്കുകയായിരുന്നു. ഓര്‍ത്തപ്പോള്‍ പുരുഷോത്തമന്‍ നായര്‍ക്ക് തലയിലൊരു പെരുപ്പ് അനുഭവപ്പെട്ടു.
ഭാര്യയും മോനും നല്ല ഉറക്കമാണ്. ശബ്ദമുണ്ടാക്കാതെ കട്ടിലിനു പുറകിലും താഴെയുമായി ടോര്‍ച്ചടിച്ച് ഒരോ മൂലയും പരിശോധനയാരംഭിച്ചു. പെട്ടെന്നാണ്‍ വാതിലില്‍ മുട്ടു കേട്ടത്. ഒന്നല്ല രണ്ട് തവണ. പുരുഷോസ്ത്തമന്‍ നായര്‍ ഭയ ചകിതനായി.
വാസുക്കുട്ടന്റെ വളര്‍ത്തു മത്സ്യം അയാളുടെ ചിന്തകളെ വട്ടക്കുളത്തിലിട്ട് കുത്തിമറിച്ചു. ഒന്നും ചെയ്യാനാവാതെ ഒരു നിമിഷം നിന്നെങ്കിലും ശ്വാസമടക്കിപ്പിടിച്ച് മുറിക്കകത്തേക്ക് കയറാന്‍ വെമ്പുന്ന പഴുതാരകളെ പുരുഷോത്തമന്‍ നായര്‍ കണ്ടു. കയ്യില്‍ കരുതിയ നീളന്‍ ടോര്‍ച്ച് ഒന്ന് അനക്കാന്‍ പോലുമാകാതെ അയാള്‍ ശ്വാസമില്ലാതെ കിടന്നു.
എല്ലായിടവും കയറി ഇറങ്ങിയ പഴുതാരകള്‍ സുമതിയുടെ ക്യൂട്ടെക്സിട്ട വിരലുകളിലേക്ക് ഇപ്പോ കയറുമല്ലോന്‍റെ മുച്ചിലോട്ടമ്മേന്ന് നിലവിളിച്ച് ശ്വാസം പുറത്ത് വരാനാകാതെ പുരുഷോത്തമന്‍ നായര്‍ ബോധമറ്റ് കിടന്ന് പോയി. അപ്പോഴും സുമതിയും മകനും നല്ല ഉറക്കം തന്നെയായിരുന്നു.