പംഗ്വി മരിച്ചവളുടെ കഥ 1 14

പംഗ്വി മരിച്ചവളുടെ കഥ

Pangi Marichavalude kadha Author: Sarath Purushan

 

1992,ജൂലൈ,9
സമയം രാത്രി 10 മണി.
ഒരു തീവണ്ടി യാത്ര.

കേരളാതിർത്തി കടന്ന് തീവണ്ടി തമിഴ്‌നാട്ടിലൂടെ കുതിച്ചു കൊണ്ടിരുന്നു.

-സർ ടിക്കറ്റ്…-

ടി.ടി.ആറിന്റ ശബ്ദം കേട്ടാണ് അയാൾ ഉറക്കത്തിൽ നിന്നും ഉണർന്നത്. തലവെച്ചിരുന്ന തോൾസഞ്ചി തുറന്നു ടിക്കറ്റ് പുറത്തെടുത്തു.

-സർ നിങ്ങൾ … മലയാളം നോവലിസ്റ്റ് അല്ലെ..-

ടി.ടി.ആറിന്റെ ചോദ്യം കേട്ട് അയാൾ അത്ഭുതത്തോടെ നോക്കി..

-എന്നെ അറിയുമോ.?-

-എന്ത് ചോദ്യമാണ് സർ… എന്റെ ഭാര്യ താങ്കളുടെ ഒരു ആരാധികയാണ്..-

ചിരിച്ചുകൊണ്ട് അയാൾ ടിക്കറ്റ് ടി.ടി.ആർക്ക് കൊടുത്തു…

-സർ ഇപ്പൊ നോവൽ ഒന്നും എഴുതാറില്ലേ?.. കഴിഞ്ഞ ആഴ്ച നിങ്ങളുടെ ഫോട്ടോ വീക്കിലിയിൽ കണ്ടിരുന്നു… ഇപ്പൊ എങ്ങോട്ട് പോകുന്നു.-

ഒറ്റശ്വാസത്തിലാണ് അയാൾ അത് പറഞ്ഞു തീർത്തത്..

-സേലം… പുതിയ കഥയുടെ ആവശ്യത്തിന് വേണ്ടി പോവുകയാണ്..-

-എനിക്കും സേലം വരെയാണ് ഡ്യൂട്ടി…-

പിന്നെയും അയാൾ കുറെ സംസാരിച്ചു കൊണ്ടിരുന്നു…

-സർ നിങ്ങൾക്ക് ബുദ്ധിമുട്ടാകില്ലങ്കിൽ ഞാൻ അല്പം ഉറങ്ങി കൊള്ളട്ടെ..-

-ഓഹ്… സോറി സർ.. ഞാൻ താങ്കൾക്ക് ഒരു ശല്യമാകുന്നില്ല… ഉറങ്ങിക്കോളൂ… ഒരു പന്ത്രണ്ടു മണിയോടുകൂടി ട്രെയിൻ സേലം സ്റ്റേഷനിൽ എത്തും.. ഗുഡ് നൈറ്റ്‌ സർ…-

ശുഭരാത്രി ആശംസകൾ നേർന്നു കൊണ്ട് അയാൾ ആ സ്പെഷ്യൽ കോച്ചിൽ നിന്നും അടുത്ത കോച്ചിലേക്ക് നടന്നകന്നു…

നോവലിസ്റ്റ് ഒരു നീണ്ട കോട്ടുവായോടുകൂടി ബർത്തിലേക്ക് ചാഞ്ഞു.

അഭിനവ് സുധാകർ, അതാണ് അയാളുടെ പേര്. പ്രായം 29 തികയുന്നു. അവിവാഹിതൻ,അനാഥൻ.
തലസ്ഥാനത്തെ ഒരു അനാഥാലയത്തിന്റെ കീഴിൽ നിന്നാണ് അയാൾ തന്റെ പ്രീഡിഗ്രി വരെയുള്ള വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് ചെറിയ ചെറിയ ജോലികൾ ചെയ്തു സ്വന്തം കാലിൽ നിലയുറപ്പിക്കാനുള്ള പരക്കം പാച്ചിൽ ആയിരുന്നു.. അതിനിടയ്ക്ക് താൻ ആഗ്രഹിച്ചിരുന്ന ജർണലിസ്റ്റ് പഠനവും പാതി വഴിയിൽ ഉപേക്ഷിച്ചു. പത്താം ക്ലാസ്സിൽ പഠിച്ചിരുന്ന കാലത്തു സ്കൂൾ മാഗസീനിൽ എഴുതിയ ഒരു ചെറുകഥ വിദ്യാലയ ശ്രദ്ധ നേടിയതാവും, അയാളെ ഒരു എഴുത്തുകാരനാകാൻ പ്രേരിപ്പിച്ചതും.