പകർന്നാട്ടം – 3 24

മടങ്ങുന്നു മാധവേട്ടാ,സംസാരിച്ചു നിന്നാൽ നേരം വൈകും.ഇപ്പോൾ പുറപ്പെട്ടാൽ വെളുക്കുമ്പോൾ വീട്ടിലെത്തും.

മാധവൻ നായരോട് യാത്ര പറഞ്ഞ് തന്റെ ഭാണ്ഡക്കെട്ടെടുത്ത് നിവരുമ്പോഴാണ് പണിക്കർ അത് ശ്രദ്ധിച്ചത്.

അല്പം മാറിയുള്ള അണിയറപ്പുരയുടെ പുറത്ത് ഒരു കൊച്ച് പെൺകുട്ടി തന്നെ നോക്കി നിൽക്കുന്നു.

പാറിപ്പറന്ന മുടി,വിടർന്ന കണ്ണുകൾ,വെളുത്ത് മെലിഞ്ഞ ശരീരം.ഏറിയാൽ ഒരു മൂന്ന് മൂന്നര വയസ്സ്.മുഷിഞ്ഞ ഒരു ഉടുപ്പാണ് വേഷം.

ആ കുട്ടി ഏതാ മാധവേട്ടാ?പണിക്കർ ഭാണ്ഡക്കെട്ട് താഴ്ത്തി വച്ചു കൊണ്ട് മാധവൻ നായരെ നോക്കി.

ഓ അതിവിടെ അടിച്ച് തളിക്ക് നിന്നവളുടെ കൊച്ചാ.ആ തേവിടിശ്ശി ഇതിനെ ഇവിടെ ഇട്ടേച്ച് ആരാന്റെ കൂടെ ഒളിച്ചോടി.

അപ്പോ അതിന്റെ അച്ഛൻ.പണിക്കർ അടുത്ത ചോദ്യം ഉന്നയിച്ചു.

അത് പറയാതിരിക്കുന്നതാ നല്ലത്,അവൻ ഒരു പാവം ആയിരുന്നു. ഇവിടെ കല്ല് കൊത്തുന്ന പണി ആയിരുന്നു.

ഒരീസം അവൻ വീട്ടിൽ ഇല്ലാത്തപ്പോൾ അവള് ഏതോ ഒരുത്തനെ വിളിച്ചു കയറ്റി.

അതിന്റെ പേരിൽ വീട്ടിൽ കലഹം ആയിരുന്നു.പിറ്റേന്ന് നേരം വെളുത്തപ്പോഴേക്കും അവൻ വിഷം കഴിച്ച് മരിച്ചു.അവള് കൊന്നതാ എന്നും പറഞ്ഞ് കേൾക്കുന്നു.

ആർക്കറിയാം ന്താ സത്യംന്ന്. ഓരോരുത്തരുടെ വിധി.ആ കുഞ്ഞിന്റെ കാര്യാ കഷ്ട്ടം.

പൂന്താനം പറഞ്ഞത് എത്രയോ ശരി, “കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നതും ഭവാൻ”
മാധവൻ നായർ പതിയെ മുൻപോട്ട് നീങ്ങി.

രാമൻ പണിക്കർ ചുറ്റും നോക്കി,ഒട്ടു മിക്ക ആളുകളും പോയ്ക്കഴിഞ്ഞു. വച്ച് വാണിഭക്കാർ എല്ലാം ഒരുക്കൂട്ടുന്ന തിരക്കിലാണ്.

സമയം വൈകുന്നു.പണിക്കർ ഭാണ്ഡമെടുത്ത് തോളിൽ തൂക്കി. അണയാൻ മടിച്ച് മങ്ങി നിൽക്കുന്ന കൽവിളക്കിന്റെ തിരിയിൽ നിന്നും കൈയ്യിൽ കരുതിയ ചൂട്ട് കറ്റയ്ക്ക് തീ പിടിപ്പിച്ചു.

അടച്ച നടയിലേക്ക് ഒരിക്കൽ കൂടി നോക്കിയിട്ട് പണിക്കർ തിരിഞ്ഞു നടന്നു.

“അച്ഛാ…”അച്ഛന് മോളെ വേണ്ടേ?പെട്ടെന്നുയർന്ന ആ കുഞ്ഞു സ്വരം പണിക്കരുടെ കാതിൽ ആഴ്ന്നിറങ്ങി.

എന്ത് ചെയ്യണമെന്നറിയാതെ അയാൾ തറഞ്ഞു നിന്നു.തിരിഞ്ഞു നോക്കാൻ മനസ്സ് വെമ്പിയെങ്കിലും പണിക്കർ മുൻപോട്ട് തന്നെ നടന്നു.