പകർന്നാട്ടം – 3 24

Pakarnnattam Part 3 by Akhilesh Parameswar

Previous Parts

കണ്ണാടിപ്പാറ ഗ്രാമം ഒന്നടങ്കം രാമൻ പണിക്കരുടെ വീട്ടിലേക്ക് ഒഴുകി.

പനിനീർ ചെടികളും മുല്ല വള്ളികളും നിറഞ്ഞ തൊടിയോട് ചേർന്ന് ഒരു കൊച്ച് വീട്,അതിന്റെ പൂമുഖത്ത് വാടിയ താമരത്തണ്ട് പോലെ ശ്രീക്കുട്ടിയുടെ ശരീരം വെള്ള പുതപ്പിച്ച് കിടത്തിയിരിക്കുന്നു.

കരഞ്ഞു തളർന്ന രാമൻ പണിക്കർ നിർജ്ജീവമായ കണ്ണുകളോടെ മകളുടെ മുഖത്ത് നോക്കിയിരുന്നു.

കാതിൽ ചെണ്ട മേളത്തിന്റെ പെരുക്കം.കണ്ണുകൾ അടയുന്നു. പതിയെ അയാളുടെ മനസ്സ് കാതങ്ങൾ പിന്നോട്ട് സഞ്ചരിച്ചു.

ഗുരു കാരണവന്മാരെ കതിവന്നൂർ വീരാ കാത്ത് കൊള്ളണേ.തെറ്റും കുറ്റവും പൊറുക്കണേ.

പടിക്കകത്ത് കതിവന്നൂർ വീരൻ നടയിൽ തൊഴുത് നിൽക്കുമ്പോൾ രാമൻ പണിക്കരുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു.

പണിക്കരെ കണ്ണൊക്കെ നിറഞ്ഞൂലോ…ദക്ഷിണ പോരാന്നുണ്ടോ?

ചോദ്യം കേട്ടതും പണിക്കർ ഞെട്ടി കണ്ണ് തുറന്നു.ഒരു ചെറു ചിരിയോടെ തന്നെ നോക്കി നിൽക്കുന്ന ക്ഷേത്രത്തിന്റെ അധികാരി മാധവൻ നായർ.

ഹാ..മാധവേട്ടനോ,ന്താ മാധവേട്ടാ ഈ ചോദിക്കണേ,ഒരിക്കലും ദക്ഷിണ പോരാന്നൊന്നും ഞാൻ പറയില്ല.ഇന്ന് വരെ ദക്ഷിണ പ്രതീക്ഷിച്ച് ഒരു കോലവും കെട്ടിയിട്ടില്ല.

ഇത് ഒരു അനുഗ്രഹം അല്ലേ,ദേവ ദേവന്മാരുടെ തിരുമുടി അണിയാൻ ഭാഗ്യം കിട്ട്വാച്ചാ അതിലും വലിയ ദക്ഷിണ വേറെ ഉണ്ടോ?

ആ,ഞാൻ ചോദിച്ചൂന്നെ ഉള്ളൂ.ല്ലാ താനിത് വരെയും വിവാഹം കഴിച്ചില്ല്യ ല്ല്യെ?

ന്താടോ ഒരു കൂട്ട് വേണം ന്ന് തോന്നലൊന്നും ഇല്ല്യേ?എക്കാലവും ഇങ്ങനെ പോവാനാ നിശ്ചയം?

ഒന്ന്,ചിരിച്ചു രാമൻ പണിക്കർ, വിവാഹം,അങ്ങനെയൊരു മോഹമില്ല.

ന്റെ ലോകം അതീ കാവും ക്ഷേത്രവുമൊക്കെയാ..ഇക്കാലം കൊണ്ട് അനേകം കോലങ്ങൾ കെട്ടി. ഇനിയിപ്പോ ഒരേയൊരു ആഗ്രഹം മാത്രം…ഒരിക്കൽ കൂടി ഒറ്റക്കോലം കെട്ടിയാടണം.ശേഷം മുടിയിറങ്ങി വിശ്രമിക്കുമ്പോൾ…

പറഞ്ഞു വന്നത് പൂർത്തിയാക്കാതെ ഒന്ന് ചിരിക്കുക മാത്രം ചെയ്തു രാമൻ പണിക്കർ.ആ ചിരിയിൽ നിന്ന് തന്നെ പണിക്കരുടെ ഉള്ളെന്ത് എന്ന് മാധവൻ നായർക്ക് മനസ്സിലായി.