റിസീവർ താഴെ വെച്ചു രേണു പതിയെ സംഗീതയുടെ അടുത്തു വന്നിരുന്നു. അവളുടെ ചലനത്തിൽ മണികളുടെ പൊട്ടിച്ചിരികളില്ല..മുഖത്തു ഖനീഭവിച്ച വിഷാദമോ ഭയമോ , അവളുടെ ചലനത്തെ പോലും മരവിപ്പിക്കുന്നു.
ഭിത്തിയിൽ തൂക്കിയ കുഞ്ഞിന്റെ ഫോട്ടോ നോക്കി സംഗീത പെട്ടെന്ന് ചോദിച്ചു..
“അവനു അറിയുമോ അവൻ നിന്റെ മോൻ ആണെന്ന്?”
സംഗീതയുടെ അപ്രത്യക്ഷിതമായ ആ ചോദ്യം കേട്ട് രൂക്ഷമായി അവളൊന്നു നോക്കി. പിന്നെ കണ്ണുകൾ താഴ്ത്തി പറഞ്ഞു
“ഇല്ല.. പറയില്ല. അവൻ അനാഥനാണ്..”
“വട്ടാണോ രേണു നിനക്കു? അമ്മയുള്ളപ്പോൾ ഒരു കുട്ടി അനാഥനാവുക? .എത്ര ക്രൂരമാണ് നിന്റെ മനസ്സു? ഒരു കുട്ടി ഇല്ലാത്തതിന്റെ വേദന അതു നിനക്കു പറഞ്ഞാൽ മനസ്സിലാവില്ല. ഞാൻ ഇന്ന് അനുഭവിക്കുന്ന വേദന .! ”
സംഗീത പൊട്ടിത്തെറിച്ചു.
“പിന്നെ ഞാൻ എന്തു വേണം സംഗീത.. ?ഞാൻ അമ്മയെന്നറിഞ്ഞാൽ ഒരുനാൾ അവൻ അവൻറെ അച്ചനെ തിരക്കും…അവനോടു പറയണോ അവൻ തന്ത ഇല്ലാത്തവൻ ആണെന്ന്.. അവന്റെ അമ്മ പിഴച്ചു പെറ്റതാണെന്ന്!”
“മറിച്ച് ആണെങ്കിലോ രേണു..? അവൻ അവൻറെ മാതാപിതാക്കളെ തേടി പോകില്ലേ ഒരുനാൾ..? അതുമല്ലെങ്കിൽ അയാൾ നിന്നെ തേടി വരില്ല എന്നുണ്ടോ? ഒടുവിൽ സത്യം അറിയുമ്പോൾ അമ്മ എന്ന സ്ഥാനം മറച്ചു വെച്ചു പോറ്റമ്മയായി വേഷമാടിയ നിന്നോട് അവൻ പൊറുക്കുമോ രേണു?”
“അയാൾ ഇതൊന്നും അറിഞ്ഞിട്ടില്ലായിരുന്നു. ഞാൻ അയാളെ പിരിയുമ്പോൾ എനിക്കും അറിയില്ലായിരുന്നു എന്റെ വയറ്റിൽ അയാളുടെ ഭ്രൂണം വളരുന്നുണ്ടെന്ന്..അയാളെ തിരക്കി ചെന്നപ്പോഴേക്കും അയാൾ വിവാഹിതനായിരുന്നു.ഗർഭിണിയായ മോളേയും കൊണ്ടു കൊൽക്കത്തക്കു വണ്ടി കേറിയ എന്റെ അച്ഛനും അമ്മയും കഴിഞ്ഞ മാസം ഞങ്ങളെ വിട്ടുപോയി..
ഒരപകടത്തിൽ..ഇനി എനിക്കും ചേച്ചിക്കും ഇവൻ മതി.”
“അയാൾ ഇപ്പോൾ എവിടെയാണ് എന്നറിയുമോ?”