ഒറ്റക്കൊലുസ്‌ 18

ഓടിവന്നു കൈ തന്നു ഒപ്പം കൂടിയപ്പോഴറിഞ്ഞില്ല പിന്നീടങ്ങോട്ടുള്ള മൂന്നുവര്ഷങ്ങളിൽ താനും അവളും വേര്പിരിയാത്ത നിഴലുകളായി ഒട്ടിച്ചേരുമെന്ന്!
അവിടവിടങ്ങളിൽ നിന്നുമുയരുന്ന കൂക്കി വിളികൾക്കും കമെന്റ്ടിക്കും മറുചോദ്യമെറിഞ്ഞും ക്ലാസ്സുമുറിയിൽ ഓടിനടന്നു കഥകൾ പറഞ്ഞും രണ്ടാഴ്ച്ചക്കകം അവളാ കോളേജിലെ താരമായി കഴിഞ്ഞിരുന്നു..

ഇലക്ഷൻ വേളയിൽ, മാറി മാറി വന്നു ക്ലാസ്സ്മുറികളിൽ വോട്ടു പിടിക്കാൻ എത്തിയ കുട്ടിനേതാക്കൾ.. കോളേജിലെ വിദ്യാർത്ഥിയല്ലാതിരുന്നിട്ടു കൂടി, വാക്കുകളിൽ തീപ്പൊരി ചിതറി , എതിർപാർട്ടിയുടെ കുറ്റങ്ങൾ എണ്ണിയെണ്ണി പറയാൻ എത്തിയ, വെള്ളമുണ്ടും ഷർട്ടും ധരിച്ചു ക്ലാസ്സിൽ എത്തിയ പൂച്ച കണ്ണുള്ള നേതാവിനോടും അവൾ തട്ടി കയറി

മുഖത്തടിയേറ്റ പോലെ അണികൾ… ആദ്യവര്ഷകുട്ടികളുടെ ഇടയിൽ നിന്നും ഉയർന്ന ഒരു പെണ്കൊടിയുടെ സ്വരം.
നിമിഷനേരത്തിൽ അവൾക്കും തനിക്കും ചുറ്റും കൂടിയ ഈച്ചകൂട്ടം ..അണികൾ.!
ചോദ്യങ്ങൾ…മറുചോദ്യങ്ങൾ..
ഒടുവിൽ എല്ലാവരെയും തട്ടി മാറ്റി കൊലുസിട്ട അവളുടെ കാലുകൾ ക്ലാസ്സിൽ നിന്നും ഇറങ്ങിപ്പോയി..
ഭയന്നു വിറച്ചിരുന്നു പോയ തന്നെ നോക്കി
നേതാക്കൾ ചൂണ്ടുവിരൽ ഉയർത്തി..

പക്ഷേ ഒന്നും സംഭവിച്ചില്ല..
അവൾ അവരെയോ അവർ അവളെയോ കയ്യിലെടുത്തിരിക്കണം…മൂന്നു വർഷം ആ ക്യാമ്പസിൽ , അവളുടെ പാദസരങ്ങളിലെ മുത്തുമണികൾ പരസ്പ്പരം അങ്കംകോർത്തു ശബ്ദമുണ്ടാക്കി ..വാകമരച്ചുവടുകളിൽ അവളുടെ പൊട്ടിച്ചിരികൾ അലടയിച്ചു ചെന്നു , ചുമന്ന പൂക്കളെ താഴോട്ടു വീഴ്ത്തി..അതിൽ ചവിട്ടി കുറെ ഹൃദയങ്ങൾ..
‘പ്രണസഖി ഞാൻ വെറുമൊരു പാട്ടുകാരൻ..’എന്ന ഗാനം പാടി നടന്നു.

പിന്നീട് എന്തിനാണവൾ ഒരു ചോദ്യചിഹ്നം എറിഞ്ഞു തന്നു കോളേജ് വിട്ടത്?നിഴലായ തന്നോട് പോലും പറയാതെ.? പക്ഷെ പിന്നീട് ഒന്നറിഞ്ഞു, പോകുമ്പോൾ അവൾ തനിച്ചായിരുന്നില്ലയെന്ന്.. അവളുടെ വയറ്റിൽ ഒരു ഭ്രൂണം കൂടി ഉണ്ടായിരുന്നുവെന്ന്..