Ottakolusu by Shabna Felix
“നീ ഇതു എന്തു നോക്കുവാ?”
ചുമരിൽ തൂക്കിയ ചിത്രത്തിൽ കണ്ണുകൾ ഉടക്കിയപ്പോഴാണ് പിന്നിൽ നിന്നും ആ ചോദ്യം ഉയർന്നത്..
“ഒന്നുമില്ലെടീ.. ചുമ്മ , ഈ ചിത്രം .. “വാചകം പൂർത്തികരിക്കാതെ അവളുടെ കണ്ണുകൾ വീണ്ടും ചുമരിലേക്കു നീണ്ടു..
അവളുടെ ദൃഷ്ടിക്കു അകമ്പടി സേവിച്ച് രേണുവിന്റെയും കണ്ണുകൾ അങ്ങോട്ടു പാഞ്ഞു..
,”ഓ.അതോ , അതൊരു പഴയ പെൻസിൽ ഡ്രോയിങ്..നീ ഈ ചായ കുടിച്ചേ..ചൂടാറും മുന്നേ..”കയ്യിലിരുന്ന ചായക്കപ്പു സംഗീതയുടെ കയ്യിലേക്ക് വെച്ചു കൊടുത്ത് റിങ് ചെയ്തിരുന്ന ലാൻഡ് ഫോണിന്റെ അരികിലേക്ക് രേണു പതിയെ നീങ്ങി..
രണ്ട് കരിവണ്ടുകൾ മൂളി കൊണ്ട് അവിടമാകെ പറന്നു നടന്നു.
സംഗീതയുടെ കണ്ണുകൾ അപ്പോഴും ആ മുറിയിലാകെ ഓർമകളെ തിരക്കി പരതി നടന്നു..
പ്ലാസ്റ്റിക് കയർ കോർത്ത സെറ്റിയിൽ നിറം മങ്ങിയ ചുമന്ന കുഷ്യൻ..മുറിയുടെ മധ്യത്തിലായി വലിയ റൗണ്ട് മേശ..
അടുക്കളയിൽ നിന്നും ഉയരുന്ന എണ്ണ പുരട്ടി ചുട്ടെടുത്ത മൊരിഞ്ഞ ദോശയുടെ മണം , രേണുവിന്റെ ചേച്ചിയുടെ കാച്ചെണ്ണ പുരട്ടി അരയോളം നീണ്ടു കിടന്ന മുടിയുടെ ഗന്ധം..എല്ലാം അന്നത്തെ പോലെ ഇന്നും, സീലിംഗിൽ കറങ്ങി കൊണ്ടിരിക്കുന്ന ഫാനിൽ തട്ടി അവിടമാകെ നിറഞ്ഞു നിന്നു.
പക്ഷെ ഈ വീട് .. ഇങ്ങിനെയായിരുന്നുവോ?
പുറത്തെ കിളിക്കൂട്ടിലെ ലവ്ബേർട്സിന്റെ
കലപില സ്വരത്തിനോടൊപ്പം രേണുവിന്റെയും ചേച്ചിയുടെയും കളിച്ചിരികൾക്കും രേണുവിന്റെ കാലിലെ പാദസ്വരത്തിന്റെ മണികിലുക്കത്തിനും
പകരമായി , അച്ഛന്റെയും അമ്മയുടെയും മാലയിട്ട ഫോട്ടോകൾ, ആ വീടിനെ മരണ വീടെന്നവണ്ണം പ്രതിഫലിപ്പിച്ചു കൊണ്ടിരുന്നു.
വിവാഹം കഴിഞ്ഞു ഈ സ്ഥലത്തു താമസം തുടങ്ങിയപ്പോൾ, ഈ വീടിനു മുന്നിലൂടെ കടന്നു പോകുമ്പോഴൊക്കെ കൊതിച്ചു, ഈ വീട്ടിൽ അവൾ ഉണ്ടായിരുന്നുവെങ്കിൽ..!
ആദ്യമായി കോളേജിലേക്കുള്ള വഴിയിൽ ബസ്സിറങ്ങി നടക്കുമ്പോഴാണ് പിന്നിൽ നിന്നും ഉയർന്ന ശൂ ശു..വിളി കേട്ടു തിരിഞ്ഞു നോക്കിയത്..
തിരഞ്ഞു നോക്കിയ മാത്രയിൽ തന്നോടൊപ്പം എത്താൻ ഓടിവന്ന കാലടികൾക്കൊപ്പം ഉയർന്നു കേട്ട മണികിലുക്കം… അവളുടെ പാദസരകിലുക്കം..