Oru Theevandi Yathrayiloode by Sajith Unnithan
നല്ലെയൊരു സുന്ദര സുദിനത്തിന്‍റെ പ്രാരംഭം ട്രെയിനിന്‍റെ ചൂളംവിളിയോടെ ആരഭിച്ചു. സമയം വെളുപ്പിന് നാലു മണി. ആ വണ്ടി ഒരിക്കലും വൈകി വന്നതായി ഓര്‍മ്മയില്ല… ഓ ശരി ശരി….! അല്ലെങ്കില്‍ ഞാന്‍ നാലുമണിക്ക് ഉണര്‍ന്നതായി ഓര്‍മ്മയില്ല. പിന്നെ ഇന്നെന്തു കാരണമെന്നു നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവും … എന്നെപ്പോലെയുള്ള എല്ലാ മനുഷ്യജീവികളും ഉറങ്ങാന്‍ അത്യാതികം ഇഷ്ടപ്പെടുന്ന സമയമാണ് ബ്രാഹ്മമുഹൂര്‍ത്തം ആ സമയത്ത് ഉണരുക മരണത്തിനു തുല്യമാണ്. പക്ഷെ ചില അനിവാര്യമായ സാഹചര്യത്തില്‍ അങ്ങനെ ചെയ്യാന്‍ മനുഷ്യന്‍ വിവശനായിപ്പോകും. അത്ര തന്നെ എന്നു ധരിച്ചാല്‍ മതി. അതുകൊണ്ടുതന്നെ ഞാന്‍ മനസ്സില്ലാമനസ്സോടെ കിടക്ക വിട്ടു. ഇനി ഞാന്‍ ആരാ…? എന്നല്ലേ കാലത്തിന്‍റെ കുത്തൊഴുക്കിപ്പെട്ട് ഉപജീവനം തേടി മധ്യപ്രദേശിലെ ഒരു ഉള്‍നാടന്‍പ്രദേശമായ വിക്രംഘട്ട് എന്ന സ്ഥലത്ത് എത്തിപ്പെട്ട ഒരു പാവം മലയാളി.
ജോലിചെയ്യുന്ന കമ്പനി തന്നെ തരപ്പെടുത്തി തന്ന ഒരു രണ്ടുനില മാളികയിലാണെന്‍റെ താമസം (അഗാധമായ ഒരു കിണറിന്‍റെ വക്കത്ത് ഒരു ചെറിയ മുറി താഴെയും മറ്റൊന്ന് അതിനു മുകളിലും.. നീന്തല്‍ അറിയാം എന്ന ഒറ്റ ധൈര്യത്തില്‍ അവിടെ താമസിക്കുന്നു) അതിനു സമീപത്തുകുടിയാണ് ഭാരതീയ തീവണ്ടിസേവയുടെ തീവണ്ടിമാര്‍ഗ്ഗം കടന്നുപോകുന്നത് കൂടാതെ നാലുവശവും വൃക്ഷലതാദികളാല്‍ ആവരണം ചെയ്യപ്പെട്ട സ്ഥലമായ്തുകൊണ്ട്, കുരങ്ങ് മയില്‍ ഇത്യാതി ജീവികള്‍ എന്നും സന്തതസഹചാരികളായി കൂടെയുണ്ടായിരിക്കും. രാത്രി ഏതൊ ഭയഭീതമായ ചലച്ചിത്രങ്ങളെപ്പൊലെ അയിരിക്കും. ഇപ്പോള്‍ ഇതെല്ലാം ദിനചര്യയുടെ ഒരു ഭാഗമായി മാറിയിരിക്കുന്നു.
ആ ഗ്രാമത്തില്‍ ആദ്യമായിട്ട് എത്തിച്ചേര്‍ന്ന ദിവസം എന്‍റെ സ്‌മൃതിപഥത്തില്‍ എന്നന്നും അവിസ്മരണീയമായ സംഭവമായി നിലകൊള്ളുന്നു. അത് ഏതൊ ഡിസംബര്‍ മാസത്തിലെ ഒരു അവസാന ശനിയാഴ്ച്ചയായിരുന്നു എന്നാണ് എന്‍റെ ഓര്‍മ്മ. നല്ല തണുപ്പുള്ള രാത്രി, ജോലിയില്‍ പ്രവേശിക്കുവാനായി ഞാന്‍ ട്രെയിനില്‍ ഉദ്ദിഷ്ടസ്ഥാലത്തെക്കു യാത്രയായി. രാത്രി പത്തുമണിയോടെ തീവണ്ടി ഒരു ചൂളംവിളിയൊടെ പ്‌ളാറ്റുഫോമില്‍ എത്തിചേര്‍ന്നു. അത് സ്റ്റേഷനാണന്നു മനസ്സിലാക്കാന്‍ എനിക്ക് അടുത്തിരുന്ന സഹയാത്രികന്‍റെ സഹായം ആവശ്യമായിവന്നു. ഞാന്‍ എന്‍റെ ബാഗുമായി പ്രവേശനകവാടത്തെ സമീപിച്ചു വാതില്‍പ്പളികള്‍ തുറന്നപ്പോള്‍ ഒരു തണുത്ത കാറ്റ് തീവണ്ടിയുടെ ബോഗിലേക്കു അനുവാതമില്ലാതെ കയറിപ്പറ്റി. അത് ഇതുവരെ എന്‍റെ സഹയാത്രികരായിരുന്നവരെ ചൊടിപ്പിച്ചു, ഒരു അസ്സഹനീയതയോടെ അവര്‍ എന്നെ നോക്കി, ഏതൊ നിര്‍ജ്ജനമായൊരു സ്ഥലത്ത് അകപ്പെട്ട പ്രതീതി എങ്ങും ഒന്നും കാണാന്‍ പറ്റുന്നില്ല വൈദ്യുതി എന്ന ഊര്‍ജ്ജരൂപം ഇതുവരെ ആ സ്ഥലം സന്ദര്‍ശിച്ചിട്ടില്ല എന്നു തോന്നിത്തുടങ്ങി. ഒരു നിമിഷത്തേക്കു പരബ്രഹ്മത്തിനെ വിളിച്ചുപോയി എവിടെയെങ്ങാനും കിടന്നു ജീവഹാനി സംഭവിച്ചാല്‍ വീട്ടുകാര്‍ പിന്നെ ഭഗവാനുപോലും അറിയാനൊക്കില്ല. ഈ പൊന്തക്കട്ടിലും ഭാരതീയ തീവണ്ടിസേവക്കു സ്റ്റേഷനൊ, ഇനി സ്ഥലം ഇതായിക്കില്ലയോ! എന്നെ തുറിച്ചുനോക്കുന്ന ഒരു സഹയാത്രികനോടു ഞാന്‍ വീണ്ടും ഉറപ്പുവരുത്തി.