കഥകേട്ട് അവളുടെ കണ്ണുകൾ വിടർന്നിരുന്നു.
അതിശക്തൻമാരാണെങ്കിലും ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ മിടുക്കരാണിവർ
മുത്തശ്ശി തുടർന്നു….
ഒടിയനെ സേവിച്ചിരുന്നവരും ധാരാളമുണ്ട്.. അവർക്ക് വേണ്ടി, അവരാഗ്രഹിക്കുന്ന എന്തും ഒടിയൻമാർ ചെയ്തു കൊടുക്കും.
ആണോ….?
മാതു ആശ്ചര്യപ്പെട്ടു!
ശരിക്കും ഒടിയൻ പാവാല്ലേ മുത്തശ്ശി?
അതെ…
പണ്ടു ജന്മിമാരുടെ അടിയാളൻമാരായിരുന്നു ഇവർ.അടിച്ചമർത്തപ്പെട്ട വർഗ്ഗം. പണിയെടുക്കാനും കഷ്ടപ്പെടാനും മാത്രം വിധിച്ചി ട്ടുള്ള ഒരു കൂട്ടം.
ജന്മിമാരുടെ ക്രൂരതകൾ സഹിക്കവയ്യാതെ സ്വയരക്ഷക്കായി ഇങ്ങനായതാവാം…
അതുമല്ലെങ്കിൽ തിരിച്ച് ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോൾ ജന്മികൾ തന്നെ ഭീകര പരിവേഷം നൽകിയതാവാം.
രാത്രികാലങ്ങളിൽ അടിയാളൻമാരെ കൃഷി സ്ഥലം നോക്കാനേൽപ്പിച്ച് ഇരുട്ടിന്റെ മറവിൽ അടിയാളക്കുടിലുകളിൽത്തന്നെ നിർവൃതി തേടിയിറങ്ങുന്ന ജന്മിത്തത്തിന്റെ കാടത്തം കണ്ട് സഹിക്കവയ്യാതെ ദുർമന്ത്രവാദത്തിന്റെ മറ്റൊരു മുഖമായി തീർന്നതാണവർ എന്ന രഹസ്യം മുത്തശ്ശി മാതുവിനോടു പറഞ്ഞില്ല.
അവളതു മനസ്സിലാക്കാറായിട്ടില്ലലോ..
അപ്പോ നമ്മൾ ഇഷ്ട്ടപ്പെട്ടാൽ നമുക്കു വേണ്ടതെല്ലാം ഒടിയൻ ചെയ്തു തരൂലേ മുത്തശ്ശീ….?
ഉവ്വല്ലോ.. ചെയ്തു തരും
പക്ഷെ ആരെയും നമ്മൾ നോവിക്കരുത്.അങ്ങിനെ ചെയ്താൽ ആ നോവിന്റെ ഫലം നമുക്ക് തന്നെ ഭവിക്കും മോളെ…
അതുകൊണ്ട് മുത്തശ്ശിടെ പൊന്നുമോൾ ആർക്കും ദ്രോഹമുള്ള കാര്യങ്ങൾ മനസ്സിലോർക്കുക പോലും ചെയ്യരുത്ട്ടോ
ഇല്ല മുത്തശ്ശി.. സത്യം!
അറിഞ്ഞുകൊണ്ടോ അരുതാത്ത കാര്യങ്ങൾക്കോ മോളാരേം വേദനിപ്പിക്കില്ലാട്ടോ
മാതു മുത്തശ്ശിയുടെ മടിയിൽ കിടന്നു പറഞ്ഞു..
പക്ഷെങ്കി ഒടിയനെക്കണ്ടാൽ അമ്മാത്തു പോകുമ്പോൾ രാത്രി ഉറങ്ങുമ്പോൾ പേടിപ്പിക്കാൻ വരുന്ന പഴുതാരയെ കൊല്ലാൻ മോളു പറയും മുത്തശ്ശി..
ഒടിയനോടു ഞാൻ പറയും
മാതു പരിഭവിച്ചു.
മുത്തശ്ശി കണ്ണുകൾ ഇറുക്കിയടച്ചു..
നാമജപം തുടങ്ങി